Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ചിനോട് ‘നോ’ പറഞ്ഞു; പേരുകൾ പ്രസിദ്ധീകരിച്ച് അച്ചടിവകുപ്പ്

salary-challenge

തിരുവനന്തപുരം ∙ സാലറി ചാലഞ്ചിനോട് ‘നോ’ പറഞ്ഞ 130 ജീവനക്കാരുടെ പേരുകൾ പ്രസിദ്ധീകരിച്ചു മുഖ്യമന്ത്രിക്കു കീഴിലെ അച്ചടിവകുപ്പ്. പേരുകൾ പ്രസിദ്ധീകരിക്കില്ലെന്നും പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നുമുള്ള ധനവകുപ്പിന്റെ ഉറപ്പ് കാറ്റിൽപ്പറത്തിയാണു ഷൊർണൂർ സർക്കാർ പ്രസിലെ ഡപ്യൂട്ടി സൂപ്രണ്ട് നോട്ടിസ് ബോർഡിൽ പേരുകൾ പ്രസിദ്ധീകരിച്ചത്.

പ്രസിലെ 285 ജീവനക്കാരിൽ 130 പേർ സാലറി ചാലഞ്ചിൽ പങ്കെടുത്തിരുന്നില്ല. ഇത്രയധികം പേർ വിട്ടുനിന്നതിനാൽ ഇവരെ സമ്മർദത്തിലാക്കി സമ്മതപത്രം വാങ്ങുന്നതിനാണു പട്ടിക പരസ്യപ്പെടുത്തിയതെന്നാണ് ആരോപണം. ഇന്നു വൈകിട്ട് ഒാഫിസ് സമയം അവസാനിക്കുന്നതിനു തൊട്ടുമുൻപായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ തയാറല്ലാത്ത താഴെപ്പറയുന്നവരുടെ വിസമ്മതപത്രം സ്വീകരിച്ചതായി അറിയിക്കുന്നു എന്നാണ് പട്ടികയ്ക്കൊപ്പമുള്ള അറിയിപ്പിൽ പറയുന്നത്.