Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിമിനൽ കേസിൽ പ്രതിയാകുന്നത് അയോഗ്യതയല്ല; വിവരങ്ങൾ വെളിപ്പെടുത്തണം: സുപ്രീംകോടതി

Supreme Court

ന്യൂഡൽഹി∙ ക്രിമിനൽ കേസിൽ പ്രതിയാകുന്നത് അയോഗ്യതയല്ലെന്നും അതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ അയോഗ്യരാക്കില്ലെന്നും സുപ്രീംകോടതി. സ്ഥാനാര്‍ഥികള്‍ കേസുകളുടെ വിവരങ്ങള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗബെഞ്ചിന്റേതാണ് വിധി.

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികളും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തണം. പണവും കൈക്കരുത്തും കൊണ്ടുള്ള ഭരണത്തില്‍ രാജ്യം മടുത്തെന്ന് സുപ്രീംകോടതി പറഞ്ഞു. രാഷ്ട്രീയത്തിലെ ക്രിമിനലുകള്‍ ജനാധിപത്യത്തിനു ബാധ്യതയാണ്. ഇതു തടയാന്‍ പാര്‍ലമെന്റ് അടിയന്തരമായി ഇടപെടണമെന്നും സുപ്രീംകോടതി നിര്‍ദേശിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുളള നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തില്‍ വിധി ഏറെ നിര്‍ണായകമാണ്.

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുന്നതിന് ക്രിമിനല്‍കേസ് പ്രതികളെ തിരഞ്ഞെടുപ്പുകളില്‍നിന്ന് വിലക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളിലെ പ്രതിയാണെങ്കില്‍ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ അനുവദിക്കരുത്. ഇതിനായുളള നിയമനിര്‍മാണത്തിനു കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ ജനപ്രതിനിധികള്‍ അയോഗ്യരാകൂ. അപ്പീലില്‍ അന്തിമവിധി വരുന്നതുവരെ സ്ഥാനത്ത് തുടരാമെന്ന ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പ് ലില്ലി തോമസ് കേസില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തും വരെ കുറ്റാരോപിതന്‍ മാത്രമാണെന്ന അടിസ്ഥാനപ്രമാണം മറക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. നിയമനിര്‍മാണം പാര്‍ലമെന്‍റിന്‍റെ അധികാരമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

related stories