Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുലാവർഷം ചതിക്കുമോ? ഡാം തുറക്കുന്നതിൽ ആശയക്കുഴപ്പം; പ്രവചനം കാത്തു സര്‍ക്കാര്‍

മഹേഷ് ഗുപ്തൻ
idukki-dam-cheruthoni-river-one

തിരുവനന്തപുരം∙ തുലാവർഷം അടുത്തെത്തിയിട്ടും ജലസംഭരണികളിലെ വെള്ളം കുറയ്ക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ സർക്കാർ. വൈദ്യുതി, ജലവകുപ്പുകളുടെ പ്രധാന സംഭരണികളിലെല്ലാം ഇപ്പോഴും 80 ശതമാനത്തിലധികം വെള്ളമുണ്ട്. ചിലയിടങ്ങളിൽ 90% കടന്നു.

ഇടുക്കി ഉൾപ്പെടെ ഡാമുകളിൽ 40% വരെ വെള്ളം നിറയുന്നതു തുലാവർഷക്കാലത്താണെന്നിരിക്കെ, ഇപ്പോഴും നിരപ്പു താഴ്ത്തിനിർത്താൻ ശ്രമം തുടങ്ങിയിട്ടില്ല. തുലാവർഷത്തിന്റെ തീവ്രതയെക്കുറിച്ചുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിനായി കാക്കുകയാണെന്നാണ് അധികൃതരുടെ നിലപാട്.

കേരളത്തിൽ ഒക്ടോബർ ഒന്നു മുതലാണു തുലാവർഷം. സെപ്റ്റംബർ പകുതിയോടെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം വരാറുണ്ട്. ഇത്തവണ അതു വന്നിട്ടില്ല. ഒക്ടോബർ പകുതിയോടെയേ തുലാവർഷം തുടങ്ങൂ എന്ന നിഗമനത്തിലാണു കാലാവസ്ഥാ വകുപ്പ്.

ഒക്ടോബർ മുതൽ ഡിസംബർ വരെ മൂന്നു മാസത്തിനിടെ ശരാശരി 480 മില്ലിമീറ്റർ മഴയാണു കേരളത്തിൽ പെയ്യാറുള്ളത്. ഇതിൽ നല്ലൊരു പങ്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണു ലഭിക്കുക. കഴിഞ്ഞവർഷം കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, എറണാകുളം ഉൾപ്പെടെ ജില്ലകളിൽ ശരാശരിയിലും കൂടുതൽ ലഭിച്ചു. ഇത്തവണയും തുലാവർഷം ശക്തമായാൽ വെള്ളം വൻതോതിൽ ഒന്നിച്ചു തുറന്നുവിടേണ്ടിവരും.

ഓഗസ്റ്റിൽ പ്രവചനങ്ങൾ മറികടന്ന് അപ്രതീക്ഷിതമായി മഴ കനത്തപ്പോഴാണ് അണക്കെട്ടുകൾ നിറഞ്ഞു കവിഞ്ഞതും കൃത്യമായ തയാറെടുപ്പുകൾക്കു മുൻപു തുറന്നുവിടേണ്ടി വന്നതും. തുലാവർഷത്തിന്റെ അളവു കുറയുമോ എന്ന ആശങ്ക മൂലമാണ് അണക്കെട്ടുകളിൽ വെള്ളം സംഭരിച്ചു വയ്ക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇപ്പോൾ ഡാമുകളിലെ വെള്ളം തുറന്നുവിടുകയും തുലാവർഷം ദുർബലമാകുകയും ചെയ്താൽ അതിരൂക്ഷമായ ജലദൗർലഭ്യമാകും വേനൽക്കാലത്തുണ്ടാവുക.

ജലസംഭരണി, ശേഷി (മീറ്റർ) ജലനിരപ്പ് (മീറ്റർ) എന്ന ക്രമത്തിൽ

വൈദ്യുതി വകുപ്പിന്റെ ഡാമുകൾ:

ഇടുക്കി 732.43, 727.55

പമ്പ 986.33, 975.9

കക്കി 981.45, 975.45

ഷോളയാർ 811.68, 810.76

ഇടമലയാർ 169, 160.84 

ജലസേചന വകുപ്പിന്റെ ഡാമുകൾ:

മീങ്കര 156.36, 155.11

ചുള്ളിയാർ 154.08, 152.17

മലമ്പുഴ 115.06, 113.77

കല്ലട 115.82, 112.87

നെയ്യാർ 84.75, 84.08