Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേഹത്ത് ചുവന്നപാട്, ചുണ്ടിൽ മുറിവ്; ആരു ചെയ്തെന്നു പോലും പറയാനാകാതെ ആ കുരുന്ന്

ഇതു വായിക്കുന്ന ഭൂരിഭാഗം പേരുടെയും കുട്ടിക്കാലം പേടിയില്ലാതെ നാട്ടുവഴികളിലൂടെ കളിച്ചും തിമിർത്തും അവധിക്കാലം ബന്ധുവീടുകളിൽപ്പോയിനിന്നും ആഘോഷിക്കപ്പെട്ടതായിരിക്കും. എന്നാലിന്ന് എത്ര പേർ ആശങ്കയില്ലാതെ കുട്ടികളെ ബന്ധുവീടുകളിലേക്ക് ഒറ്റയ്ക്കു വിടും, പ്രത്യേകിച്ച് പെൺകുട്ടികളെ? അങ്ങനെയൊരു അരക്ഷിതാവസ്ഥ സമൂഹത്തിൽ ഉടലെടുത്തിട്ടുണ്ട്. ഓരോ ദിവസവും കേൾക്കുന്ന പീഡന വാർത്തകൾ രക്ഷിതാക്കൾക്കൊപ്പം നാടിനെ ഒന്നായി ഉത്കണ്ഠപ്പെടുത്തുകയാണ്. മാസങ്ങൾ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും വാർധക്യം കീഴ്പ്പെടുത്തി കട്ടിലിൽനിന്ന് എഴുന്നേൽക്കാനാകാത്ത വയോധികയെയും നോട്ടമിടുന്ന പാളിയ മനസുകൾക്കുള്ളിലെല്ലാം വെറുക്കപ്പെട്ട ആ ഒരൊറ്റ ലക്ഷ്യമേയുള്ളൂ.

12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കു മാത്രം വധശിക്ഷയെന്ന ഓർഡിനൻസ് പ്രാബല്യത്തിൽ വരുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്, മാനഭംഗത്തിന് വധശിക്ഷയെന്ന തീരുമാനത്തിൽ വേണമോ ഇരയുടെ പ്രായപരിധി കൂടി പരിഗണിക്കണമെന്ന ഇളവ്. ഇരയെന്ന് പിന്നീട് വിളിക്കപ്പെടുന്ന ആ നിസഹായാവസ്ഥ ജനിപ്പിക്കുന്ന പ്രതിക്ക് അഥവാ പ്രതികൾക്കു വേണ്ടേ പരമാവധി ശിക്ഷ?

പീഡനം തൂക്കിനോക്കേണ്ടത് കണക്കിലല്ല

Child Abuse - Representational image

കണക്കുകൾ നോക്കിയാൽ, 2016 വരെ ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള പീഡനക്കേസുകൾ 1,33,000 ത്തിൽ അധികം വരും (കോടതിയിൽ എത്തിയിട്ടുള്ളതു മാത്രം). ഇവയിൽ 85 ശതമാനത്തോളം വിചാരണക്കെടുത്തിട്ടില്ല. ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പീഡനങ്ങൾ. കേരളം, കർണാടക, തെലങ്കാന, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കുറവാണ്. എന്നാൽ അതൊരിക്കലും ഈ സംസ്ഥാനങ്ങളിൽ പീഡനമില്ലെന്നതിന്റെ തെളിവല്ലെന്നു കേരള നിയമസഭയിലെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നു.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 17,078 കേസുകളാണു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കെ.എം. മാണിയുടെ ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. 2017 ജൂൺ വരെ പോക്സോ പ്രകാരം 2651 കേസുകളാണു റജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2018 ആയപ്പോഴേക്കും ഇത് 4120 ആയി ഉയർന്നു. പോക്സോ അടക്കമുള്ള നിയമങ്ങൾ ശക്തമായതോടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്.

സമൂഹത്തിനു കാണേണ്ട ആ ‘ഇര’കളെ

Abuse | Rape | Sexual Assault | Representational image

ഞങ്ങൾ കാണാൻ വരുന്നതറിഞ്ഞ് സുന്ദരിയായി ഒരുങ്ങിനിൽക്കുകയായിരുന്നു അവൾ. അല്ല, അങ്ങനെ പറയാനാവില്ല, അവളെ അമ്മ ഒരുക്കിനിർത്തിയിരിക്കുകയായിരുന്നു. ചിരിച്ച് അവൾ മുറിയിലേക്കു വന്ന കാഴ്ച തന്നെ നൊമ്പരപ്പെടുത്തി. ആറോളം ശസ്ത്രക്രിയ ചെയ്തിട്ടാണ് അവൾക്ക് അമ്മയുടെ സഹായത്താലെങ്കിലും രണ്ടുകാലിൽ നിൽക്കാൻ കഴിഞ്ഞതുതന്നെ. കൃത്യമായി സംസാരിക്കാൻ പോലും കഴിയാത്ത, കാലുറപ്പിച്ചു നിൽക്കാൻ കഴിയാത്ത, തനിക്കെന്താണു സംഭവിച്ചതെന്നുപോലും മനസ്സിലാക്കാനാകാത്ത ആ കുഞ്ഞിനോടാണ് ആ നരാധമന്മാർ മനസ്സറ്റു പോകുന്ന ആ പീഡനങ്ങൾ നടത്തിയത്. വീട്ടിൽ വരുന്ന പോസ്റ്റ്മാനും അമ്മയുടെ അച്ഛനും വരെ കാമം തീർക്കാനുള്ള ഒരു ഉപകരണമായി മാത്രമാണ് അവളെ കണ്ടത്.

ചെങ്ങന്നൂരുകാരിയായ ഇവളെ നമുക്ക് അമ്മുവെന്നു വിളിക്കാം; അമ്മയെ രജനിയെന്നും. പ്രണയവിവാഹമായിരുന്നു അമ്മുവിന്റെ അച്ഛന്‍റെയും അമ്മയുടെയും. എന്നാൽ വിവാഹം കഴിഞ്ഞതോടെ അയാളുടെ മട്ടുമാറി. ഭാര്യയെ ഇടിക്കുകയും തൊഴിക്കുകയും പതിവായി. ഒടുക്കം ഗർഭിണിയായപ്പോൾ ആ കുഞ്ഞിനെ വേണ്ടെന്നായി. ഗർഭച്ഛിദ്രം നടത്താൻ ആശുപത്രി വരെ എത്തിച്ചതാണ്. പക്ഷേ, അതു നടന്നില്ല. ഗർഭമലസിപ്പിക്കാൻ മരുന്നു നൽകി. അഞ്ചു മാസത്തോളം ഭീഷണി പേടിച്ച് അമ്മയ്ക്ക് അതു കഴിക്കേണ്ടി വന്നു. എന്നാൽ ഗർഭമലസിയില്ല. കുഞ്ഞു ജനിച്ചു. ഭർത്താവിന്റെ പീഡനം വീണ്ടും തുടരുകയായിരുന്നു. കുഞ്ഞ് ശരിയായി നടക്കാതെയും ഇരിക്കാതെയും വന്നപ്പോഴാണ് ഡോക്ടറെ കണ്ടത്. തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിൽ എത്തിച്ച് ഉടൻ ചികിത്സ ആരംഭിക്കണമെന്നായിരുന്നു നീണ്ട പരിശോധനകൾക്കുശേഷം ഡോക്ടറുടെ നിർദേശം. എന്നാൽ ഭർത്താവും ഭർതൃവീട്ടുകാരും അതു വകവച്ചില്ല. ആ കുഞ്ഞു വളരുന്നത് അപമാനമാണെന്നു പലതവണ ആവർത്തിച്ചു രജനിയെ കുത്തിനോവിച്ചു. ഒരിക്കൽ കുഞ്ഞിനെയുമെടുത്ത് അവൾ വീടുവിട്ട് ഇറങ്ങി. ചികിത്സിക്കാനാണ് ഇറങ്ങിയത്. കോട്ടയത്തു വന്നപ്പോൾ ആരുടെയൊക്കെയോ സഹായത്താൽ ഒരു സന്നദ്ധസംഘടന ഏറ്റെടുത്തു. അവർ തിരുവനന്തപുരത്ത് കൊണ്ടുപോയി ചികിത്സിച്ചു. ആറു ശസ്ത്രക്രിയ ചെയ്തശേഷമാണ് പരസഹായത്താൽ ആ കുഞ്ഞ് രണ്ടു കാലിൽ നടക്കാൻ ആരംഭിച്ചത്.

രജനി പിന്നീടു വീട്ടുജോലിക്കു പോയാണു ജീവിക്കാനുള്ള വഴി കണ്ടെത്തിയത്. കുറേ നാളുകൾക്കുശേഷം ചെങ്ങന്നൂരിലെ സ്വന്തം വീട്ടിലേക്കു തിരികെ പോയി. രജനിയുടെ അച്ഛനും അമ്മയും അവിടെയുണ്ടായിരുന്നു. ജീവിതം പിന്നെയും കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു രജനി. അമ്മുവിനെ വീട്ടിലാക്കി അവർ വീട്ടുജോലിക്കുപോയി. അമ്മുവിനു പന്ത്രണ്ടു വയസ്സ് കഴിഞ്ഞപ്പോഴാണ് സ്ഥിരമായി വരുന്ന പോസ്റ്റ്മാൻ കുട്ടിയെ ദുരുപയോഗം ചെയ്യുന്നതായി അമ്മയ്ക്കു മനസ്സിലായത്. ആശുപത്രിയിൽ കാണിച്ചപ്പോൾ ഡോക്ടർമാരും അതു സ്ഥിരീകരിച്ചു. തുടർന്നു കേസ് കൊടുത്തു. അന്നു മുതൽ മനസ്സമാധാനമെന്നത് ആ മകളും അമ്മയും അറിഞ്ഞിട്ടില്ല.

Representational image

പോസ്റ്റ്മാൻ നല്ല മനുഷ്യനാണെന്നും വ്യക്തിഹത്യ ചെയ്യാനാണു കേസ് നൽകിയതെന്നും നാട്ടുകാരും സമൂഹവും വാദിച്ചു. കേസിൽ അറസ്റ്റിലായെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി. പിന്നീടു കുറച്ചുനാളുകൾക്കുശേഷം കുട്ടിയെ കുളിപ്പിച്ചപ്പോൾ പലപ്പോഴും ശരീരമാസകലം ചുവന്ന പാടുകൾ കണ്ടെത്തി. ചുണ്ടുകൾ മുറിഞ്ഞിരിക്കുന്നതും പലപ്പോഴും ശ്രദ്ധയിൽപ്പെട്ടു. ആരാണു മോളുടെ ദേഹത്തു തൊട്ടതെന്നു പലതവണ ചോദിച്ചു. എന്നാൽ ആ കുഞ്ഞിന് അമ്മയെന്താണ് ചോദിക്കുന്നതെന്ന് അറിയുക പോലുമില്ലായിരുന്നു. പല പേരുകൾ ചോദിച്ചു. കുഞ്ഞിനു മറുപടിയില്ലായിരുന്നു. ഒടുക്കം നിവൃത്തികെട്ട് സ്വന്തം അച്ഛനെക്കുറിച്ചു രജനി ചോദിച്ചപ്പോൾ കുട്ടി പറഞ്ഞു, അപ്പൂപ്പൻ അവിടെ പിടിച്ചു, ഇവിടെ പിടിച്ചു എന്നൊക്കെ. പൊലീസിൽ കേസ് കൊടുത്തപ്പോഴും മുൻപത്തേതിലും വലിയ അപമാനമാണ് ഇവർക്കു നേരിടേണ്ടിവന്നത്. കൂടെപ്പിറപ്പായ ചേച്ചി പോലും രജനിയെയും മകളെയും തള്ളി അച്ഛനൊപ്പം നിന്നു. ഭർത്താവിൽനിന്നുള്ള മർദനമേറ്റ രജനിയുടെ അമ്മയ്ക്കും സ്വന്തം മകളുടെയും പേരക്കുട്ടിയുടെയും കൂടെനിൽക്കാൻ പേടിയായിരുന്നു.

സങ്കടക്കരയിൽനിന്ന് അവർ അധികം വൈകുംമുൻപേ ഒരു സന്നദ്ധസംഘടനയെ സമീപിച്ച് അവിടെനിന്നു രക്ഷപ്പെട്ടു. അറസ്റ്റിലായി ജയിലിൽ കിടന്നശേഷം പിന്നീടു ജാമ്യത്തിലിറങ്ങിയ അച്ഛൻ ആദ്യം ചെയ്തത് ചെങ്ങന്നൂരിലെ വീടും പറമ്പും ഉൾപ്പെടെയുള്ള സ്ഥലം വിൽക്കുകയായിരുന്നു. വീട്ടുജോലി ചെയ്തും മറ്റും സമ്പാദിച്ചു വീട്ടിൽ സൂക്ഷിച്ചുവച്ച ചെറിയ തുകയും മകൾക്കായി പണ്ടെപ്പോഴൊക്കെയോ വാങ്ങിയ തരി സ്വർണവും തിരുവനന്തപുരത്തെ ചികിത്സയുടെ പേപ്പറുകളും ഒന്നും ഇന്ന് ഇവരുടെ കൈവശമില്ല. ആകെയുള്ളത് വീട്ടിൽനിന്ന് അച്ഛനെ പേടിച്ച് മകൾക്കൊപ്പം ഇറങ്ങിപ്പോന്ന രജനിയുടെ അമ്മ മാത്രമാണ്. കുഞ്ഞിനു ചെലവിനു കിട്ടാൻ രജനിയുടെ ഭർത്താവിനെതിരെ നൽകിയ കേസിന്റെയും പീഡനക്കേസുകളുടെയും അവസ്ഥ എന്താണെന്ന് അറിയില്ല. പ്രതീക്ഷ നശിച്ച് കോട്ടയത്തെ ഒരു സന്നദ്ധ സംഘടനയുടെ കേന്ദ്രത്തിൽ കഴിയുകയാണ് അമ്മയും മകളും ആ അമ്മൂമ്മയും.

പരമ്പരയ്ക്കായി കോട്ടയത്തെ ഒരു സന്നദ്ധ സംഘടനയിൽനിന്നു വിവരങ്ങൾ തേടിയപ്പോഴാണ് ഈ അമ്മയെയും മകളെയും കുറിച്ച് അറിയുന്നത്. നേരിൽ കണ്ടു സംസാരിച്ചപ്പോൾ അവർ ചോദിച്ചൊരു ചോദ്യമുണ്ട്, ‘‘ഞങ്ങൾക്ക് എന്നു നീതി കിട്ടും?’’. പരാതിയിൽ അറസ്റ്റ് ചെയ്തു ജയിലിലിട്ട പ്രതികൾ ഇപ്പോൾ ജാമ്യം നേടി പുറത്തിറങ്ങി വിലസുന്നു, ജോലി ചെയ്തു കാശുണ്ടാക്കി ജീവിക്കുന്നു. എന്നാൽ ഇവരോ? വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട്, നാട്ടുകാരാലും സമൂഹത്താലും വെറുക്കപ്പെട്ട് വെറുമൊരു ‘ഇര’യായി ആരുടെയോ കാരുണ്യത്തിൽ ജീവിക്കുന്നു. അവസാനമായി ആ അമ്മ ചോദിച്ചു- ഭക്ഷണം കഴിപ്പിക്കാനും കുളിപ്പിക്കാനും ആ മകൾക്കു പരസഹായം വേണം. ഒരിക്കൽ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ, ഇനിയൊരു ശസ്ത്രക്രിയകൂടി താങ്ങില്ലെന്നു പറഞ്ഞിട്ടുള്ള തന്റെ കാലശേഷം അവളെ ആരുനോക്കും?

(കഠ്‌വയും ഉന്നാവും പൂവരണിയും കിളിരൂരും സ്ഥലനാമങ്ങൾ മാത്രമല്ല, അവ ആ നാടുകളിൽ വേദനയും കഷ്ടപ്പാടുകളും അനുഭവിച്ച പെൺകുട്ടികളെക്കൂടി പ്രതിനിധീകരിക്കുന്നു. വാർത്തയാവാത്ത ധാരാളം സ്ഥലനാമങ്ങൾ കൂടിയുണ്ട്. അവയെക്കുറിച്ചു തുടരും)  

related stories