Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ വിധി ചരിത്രപരമെന്ന് കേന്ദ്രം; ടെലികോം നയത്തിന് അംഗീകാരം

arun-jaitley മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കുന്ന കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. ചിത്രം: എഎൻഐ, ട്വിറ്റർ

ന്യൂഡൽഹി∙ ആധാർ കേസിൽ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാര്‍. വിധി ചരിത്രപരമാണെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. കേന്ദ്ര മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധാർ വിധി ചരിത്രപരമാണ്. സവിശേഷ തിരിച്ചറിയൽ നമ്പർ എന്ന ആശയം ജുഡിഷ്യറിയുടെ പരിശോധനയ്ക്കുശേഷം കൂടുതൽ സ്വീകാര്യമാവുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. 100 ദശലക്ഷത്തിലേറെ ആളുകൾ‌ ആധാറിൽ എൻറോൾ ചെയ്തു. വ്യാജ കാർഡുകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയാണു സർക്കാർ ക്ഷേമപദ്ധതികൾ നൽകുന്നത്. പ്രതിവർഷം 900 കോടി രൂപ ഇതിലൂടെ മിച്ചംപിടിക്കാനാകുന്നു– ജയ്റ്റ്ലി പറഞ്ഞു.

കോൺഗ്രസാണ് ആധാറിന്റെ ആശയം കൊണ്ടുവന്നത്. പക്ഷേ അവർക്ക് അതുകൊണ്ട് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടെ (യുഐഡിഎഐ) മുൻ ചെയർമാനും സാങ്കേതിക വിദഗ്ധനുമായ നന്ദൻ നിലേകനി, ഇപ്പോഴത്തെ മേധാവി മുകുൾ പാണ്ഡെ എന്നിവരെ അഭിനന്ദിച്ച ജയ്റ്റ്ലി, ഇവരുടെ കഠിനാധ്വാനമാണ് ആധാറിനെ മികച്ച സംവിധാനമാക്കിയതെന്നും അഭിപ്രായപ്പെട്ടു.

പുതിയ ടെലികോം നയം സർക്കാർ അംഗീകരിച്ചു. നാലുവർഷത്തിനകം എല്ലാവർക്കും ബ്രോഡ്ബാൻഡ് കണക്‌ഷൻ, 40 ലക്ഷം തൊഴിൽ, 100 ബില്യൻ നിക്ഷേപം എന്നിവ പ്രതീക്ഷിക്കുന്നതാണു ദേശീയ ടെലികോം നയം (എൻടിപി). ടെലികോം കമ്മിഷന്റെ പേര് ഡിജിറ്റൽ കമ്യൂണിക്കേഷൻസ് കമ്മിഷൻ എന്നാക്കി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ (എംസിഐ) ബോർഡ് ഓഫ് ഗവർണേഴ്സ് ആയി ഡോ. വി.കെ.പോൾ, ഡോ. സന്ദീപ് ഗുലേറിയ, ഡോ. ജഗത് രാം, ഡോ. ബി.എം.ഗംഗാധർ, ഡോ. നിഖിൽ ടാണ്ഡൻ, ഡോ. എസ്.വെങ്കടേഷ്, ഡോ. ബൽറാം ഭാർഗവ എന്നിവരെ ഉൾപ്പെടുത്തിയതായും ജയ്റ്റ്ലി അറിയിച്ചു.

related stories