Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാറിന് നിയന്ത്രണങ്ങളോടെ അംഗീകാരം; മൊബൈൽ, ബാങ്ക് അക്കൗണ്ട് ബന്ധിക്കേണ്ട

ന്യൂഡൽഹി ∙ ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ചരിത്രപരമായ വിധി പ്രഖ്യാപിച്ചു. ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്നാണ് ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ആധാറിന്റെ പേരിൽ പൗരാവകാശം നിഷേധിക്കരുത്. ആധാർ പൗരന്റെ സ്വകാര്യത ലംഘിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെ​ഞ്ചാണ് ഹർജികൾ കേട്ടത്. മൂന്നു ജസ്റ്റിസുമാര്‍ ആധാർ വിഷയത്തിൽ ഒരേ നിലപാട് രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഖാൻവിൽക്കറും എ.കെ.സിക്രിയും ആധാറിന് അനുകൂലമായി നിലകൊണ്ടപ്പോൾ ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവർ വിയോജിപ്പ് രേഖപ്പെടുത്തി. ആധാർ കേസുമായി ബന്ധപ്പെട്ട നിയമം ധനബില്ലായി പരിഗണിക്കരുതെന്ന് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.

40 പേജുള്ള വിധി പ്രസ്താവനയാണ് ജസ്റ്റിസ് എ.കെ.സിക്രി വായിച്ചത്. ആധാർ കൃത്രിമമായി നിർമിക്കാനാകില്ല. ഇതിനായി ശേഖരിച്ച വിവരങ്ങൾ സുരക്ഷിതമാണ്. സർക്കാർ പദ്ധതികളിലെ നേട്ടങ്ങൾ ആധാറിലൂടെ അർഹരായവർക്ക് നൽകാനാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസം വിരലടയാളത്തിൽ നിന്ന് ഒപ്പിലേക്ക് വഴിമാറ്റിയെങ്കിൽ സാങ്കേതികവിദ്യ ഒപ്പിൽ നിന്ന് വിരലടയാളത്തിലേക്ക് മടക്കിയെത്തിച്ചെന്ന് വിധിപ്രസ്താവനയിൽ ജസ്റ്റിസ് സിക്രി സൂചിപ്പിച്ചു.

ആധാർ നിയമത്തിലെ 33(2), 57, 47 വകുപ്പുകൾ കോടതി റദ്ദാക്കി. ദേശസുരക്ഷയുടെ പേരിൽ ആവശ്യമെങ്കിൽ ആധാർ വിവരങ്ങൾ കൈമാറാനുള്ള ഇളവാണ് 33(2) വകുപ്പ് റദ്ദാക്കിയതിലൂടെ ഇല്ലാതായത്. വകുപ്പ് 57 റദ്ദായതോടെ വ്യക്തിവിവരങ്ങൾ ഉറപ്പിക്കാനായി സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ഉപയോഗിക്കാമെന്ന പഴുതടഞ്ഞു. വകുപ്പ് 47 റദ്ദാക്കിയതോടെ ആധാർ സംബന്ധിച്ച് വ്യക്തികൾക്കും ഇനി പരാതി നൽകാനാകും. ആധാർ വിവരചോർച്ചയുണ്ടായാൽ ക്രിമിനൽ ഹർജി നൽകാൻ ആധാർ നടപ്പാക്കുന്ന യുഐഡിഎഐയ്ക്കു മാത്രമേ കഴിയൂ എന്ന വകുപ്പായിരുന്നു ഇത്.

വിധിയിലെ മറ്റ് പ്രധാന നിരീക്ഷണങ്ങൾ:
∙ നിയന്ത്രണങ്ങളോടെ ആധാർ ആകാം.
∙ ആധാറിൽ വിവരശേഖരണം പിഴവില്ലാത്തത്.
∙ ഒറ്റനമ്പറിലൂടെ തിരിച്ചറിയൽ സംവിധാനം നല്ലത്.
∙ ആനുകൂല്യങ്ങൾ നേടുന്നതിന് ഗുണകരം.
∙ സിബിഎസ്ഇ പ്രവേശനത്തിനും നീറ്റ് പരീക്ഷകൾക്കും ആധാർ നിർബന്ധമാക്കേണ്ടതില്ല.
∙ ആധാർ ഇല്ലെങ്കിൽ പൗരാവകാശങ്ങൾ നിഷേധിക്കരുത്.
∙ അവകാശങ്ങൾക്കു മേൽ സർക്കാരിന് നേരിയ നിയന്ത്രണങ്ങളാകാം.
∙ മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറിൽ ചേർക്കേണ്ടതില്ല.
∙ നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് ആധാർ വിലക്കണം.
∙ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിക്കേണ്ടതില്ല.
∙ മൊബൈൽ നമ്പർ ആധാറുമായി ബന്ധിക്കണമെന്നു പറയുന്നത് ഭരണഘടനാ വിരുദ്ധം.
∙ സ്കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കരുത്.
∙ പാൻ കാർഡിനും ആദായനികുതി റിട്ടേണിനും ആധാർ നിർബന്ധമാക്കാം.
∙ വിവരങ്ങൾ കോടതിയുടെ അനുമതി കൂടാതെ അന്വേഷണ ഏജൻസികൾക്കു കൈമാറരുത്.
∙ വിവരങ്ങൾ ചോർത്തിയാൽ കോടതിയെ സമീപിക്കാം.
∙ വിവരങ്ങൾ പരസ്യപ്പെടുത്താൻ അധികാരം ജോയിന്റ് സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥനു മാത്രം.

ആധാറുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ നാലു മാസങ്ങളിലായി 38 ദിവസത്തോളമാണ് വാദം നടന്നത്. ആധാര്‍ പദ്ധതി പൗരന്‍റെ സ്വകാര്യതയ്ക്ക് നേരേയുളള കടന്നുകയറ്റമാണെന്നായിരുന്നു പൊതുതാല്‍പര്യ ഹര്‍ജികളിലെ പ്രധാനവാദം. എന്നാല്‍, ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാനാണ് ആധാര്‍ നടപ്പാക്കുന്നതെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. പൗരന്‍റെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണോ, സ്വകാര്യതയ്ക്കും അന്തസായി ജീവിക്കാനുമുളള മൗലികാവകാശം നിഷേധിക്കുന്നുണ്ടോ, ആധാര്‍ നിര്‍ബന്ധമാക്കണമോ തുടങ്ങിയ ചോദ്യങ്ങളാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് പരിശോധിച്ചത്.