Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്ഥാ പ്രവചനത്തിൽ പാളിച്ചയില്ല; വേണ്ടത് ദുരന്തം ഉൾക്കൊണ്ടുള്ള നടപടി: ഐഎംഡി

വർഗീസ് സി. തോമസ്
dr-k-j-ramesh ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ. കെ.ജെ രമേശ്

പത്തനംതിട്ട ∙ രാജ്യത്തെ ഓരോ നദീതടങ്ങളിലും പ്രളയ മുന്നറിയിപ്പു നൽകുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യുമായി സഹകരിച്ച് പുതിയ പദ്ധതി നടപ്പാക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഡയറക്ടർ ജനറൽ ഡോ. കെ.ജെ രമേശ്. കാവേരി നദിയിൽ ഇതിനായുള്ള ഗവേഷണം പുരോഗമിക്കുന്നു. കേരളത്തിലെ പെരിയാർ തീരത്തും ഇത് ഏർപ്പെടുത്താൻ ആലോചിക്കുന്നതായി മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ഡോ. രമേശ് വ്യക്തമാക്കി. വെള്ളം പൊങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങളും ഉയരാവുന്ന പരമാവധി ജലനിരപ്പും ഭൂപട രൂപത്തി‍ൽ അടയാളപ്പെടുത്തി തൽസമയം വെബ്സൈറ്റിലൂടെ നൽകുന്നതാണ് ഈ സംവിധാനം.

ഹൈഡ്രോളജിക്കൽ റെസ്പോൺസ് ബേസ്ഡ് ഫോർക്കാസ്റ്റ് എന്ന പുതിയ സംവിധാനം കൂടി ഇന്ത്യൻ കാലാവസ്ഥാ പ്രവചനങ്ങളുടെ ഭാഗമാക്കും. ഓരോ നദീ തടങ്ങളിലും ഉണ്ടാകുന്ന മഴയുടെ തൽസമയ വിവരം എടുത്താണ് വെള്ളപ്പൊക്ക മുന്നറിയിപ്പു നൽകുക. ഇതിൽ ഡാമിലേക്കുള്ള വെള്ളത്തിന്റെ വരവും പരിഗണിക്കും. മൂന്നു കിമീ പ്രദേശത്ത വരെ മഴ കൃത്യമായി പ്രവചിക്കുന്ന സംവിധാനം ആലോചനയിലാണ്. നഗരങ്ങൾക്കു മാത്രമായും മുന്നറിയിപ്പു വരും. കൂടിക്കാഴ്ചയിൽ നിന്ന്.

മഴ നേരത്തെ പ്രവചിച്ചു
ഐഎംഡി സേവനത്തിൽ പാളിച്ചയില്ല. കൈമാറുന്ന വിവരങ്ങളിൽ നടപടി എടുക്കേണ്ടത് സംസ്ഥാനമാണ്. തിരുവനന്തപുരം കേന്ദ്രം ജില്ലാതല റെഡ് അലർട്ട് നൽകിയിരുന്നു. ഓഖിയുടെ പെട്ടെന്നുള്ള ശാക്തീകരണം കേരളത്തിലെ മാറുന്ന കാലാവസ്ഥയ്ക്കുള്ള ആദ്യ മുന്നറിയിപ്പായിരുന്നു. നാലു ദിവസം കൊണ്ട് ശക്തമാകേണ്ട ചുഴലി അന്ന് 18 മണിക്കൂർ കൊണ്ട് രൗദ്രഭാവം ആർജിച്ചു. അതിന്റെ ചെറിയൊരു ഭാഗം കേരളത്തെ തൊട്ട് കടന്നുപോയപ്പോഴേക്കും ഓഖി ദുരന്തമായി.

കുറ്റപ്പെടുത്തൽ വേണ്ട
കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്. ദുരന്തം ഉൾക്കൊണ്ട് സംവിധാനങ്ങൾ മെച്ചപ്പെടുത്തണം. പഠനം നടത്തി മുന്നറിയിപ്പുകൾ മെച്ചപ്പെടുത്തും. മുന്നറിയിപ്പുകളെ ഗൗരവമായെടുക്കാൻ ഉന്നതതല തീരുമാനം ഉണ്ടാകണം. രാജ്യത്ത് കാലാവസ്ഥാ മുന്നറിയിപ്പു നൽകാൻ ചുമതലയുള്ള ഏക ഔദ്യോഗിക സ്ഥാപനമാണ് ഇത്. സ്വകാര്യ കാലാവസ്ഥാ ഏജൻസികൾക്ക് ഐഎംഡിയ്ക്കുള്ളതുപോലെ യാതൊരു സംവിധാനവുമില്ല. ഇത്രയേറെ ശാസ്ത്രജ്ഞരും ഗവേഷകരും ഉപഗ്രഹസംവിധാനങ്ങളും ഇല്ല.

ആഘാത അധിഷ്ടിത പ്രവചനം വരും
തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ കേരളത്തിനു വേണ്ടത് പ്രത്യാഘാത അധിഷ്ടിത പ്രവചനമാണ് (ഇംപാക്ട് ബേസ്ഡ്സ് ഫോർക്കാസ്റ്റിങ്). ഓരോ നദീതടവും പ്രളയതട (ഫ്ലഡ് പ്ലെയിൻ) മേഖലയും ഭൂപടത്തിൽ രേഖപ്പെടുത്തി കനത്ത മഴയിൽ എത്രത്തോളം വെള്ളം കയറും ഡാം തുറന്നാ‍ൽ എവിടെ വരെ വെള്ളം വരും എന്നിവ സംബന്ധിച്ച് കൃത്യമായ വിവരം പഞ്ചായത്ത് തലത്തിൽ ഉണ്ടാകണം. ഇത്തരം ഫ്ലഡ്മാപ്പ് കേരളം തയ്യാറാക്കണം. റവന്യൂ–ദുരന്തനിവാരണ വകുപ്പുകളുടെ ചുമതലാണിത്. ഡാം നിർമിച്ച കാലത്തു തന്നെ ഡാം ബ്രേക്ക് പഠനവും നടത്തണമായിരുന്നു.

മഴഅളവ് ഏകോപിപ്പിക്കണം
സംസ്ഥാന തലത്തിൽ വനം, കൃഷി, റവന്യൂ, വൈദ്യുതി, വ്യോമയാനം, തുടങ്ങിയ വകുപ്പുകൾ ശേഖരിക്കുന്ന കാലാവസ്ഥാ വിവരങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനം ഉണ്ടാകണം. നൂറ്റാണ്ടുകളായി മഴക്കണക്കുകൾ ഇപ്പോഴും ശേഖരിക്കുന്ന തോട്ടങ്ങളുണ്ട്. കുട്ടനാട്ടിൽ വിളനാശത്തിന് ഇൻഷുറൻസ് കിട്ടുന്നതിനു ദീർഘകാല കാലാവസ്ഥാ വിവരങ്ങൾ അനിവാര്യമാണ്. അതിനാൽ സംസ്ഥാന സർക്കാരും ഇതിന് ഡേറ്റയ്ക്ക് പ്രാധാന്യം നൽകണം. എല്ലാ സ്ഥലത്തും ആളെ നിയമിച്ച് മഴയും താപനിലയും അളക്കാൻ ഐഎംഡിക്ക് ഇപ്പോഴത്തെ നിലയിൽ പരിമിതികളുണ്ട്.

കർണാടകത്തിൽ 7800 മഴ മാപിനി
കർണാടകയെയും ആന്ധ്രയെയും പോലെ കേരളവും ഐഎംഡിയുമായി സഹകരിക്കണം. കർണാടകത്തിൽ ജിപിഎസ് ടെലിമെട്രിക് മഴമാപിനികളുടെ എണ്ണം 7800 ആണ്. കേരളത്തിൽ കുറവാണ്. 12 കിലോമീറ്റർ ചുറ്റളവിൽ ബ്ലോക്ക് തല പ്രവചനം ഇപ്പോൾ തന്നെ ലഭ്യമായി തുടങ്ങി. ഇതു വ്യാപിപ്പിക്കും.

പ്രവചനം വെല്ലുവിളി
തീവ്രകാലാവസ്ഥ വർധിച്ചു വരുന്നതിനാൽ അന്തരീക്ഷത്തിൽ അനിശ്ചിതത്വം വന്നിട്ടുണ്ട്. ഇത് പ്രവചനങ്ങൾ തെറ്റാൻ കാരണമാകുന്നു. ഇതൊരു വെല്ലുവിളിയാണ്. എങ്കിലും ഗവേഷണം പുരോഗമിക്കുന്നു. കാലാവസ്ഥാമാറ്റം വരുന്നതോടെ ഐഎംഡിയുടെ പല ദീർഘകാല ശരാശരി കണക്കുകളും മാറും. പുതിയ സാങ്കേതിക വിദ്യ വേണ്ടിവരും.

മഴ കുറയില്ല

അടുത്ത വർഷം വരൾച്ചയായിരിക്കുമോ എന്നത് ഇപ്പോൾ കൃത്യമായി പറയാനാവില്ല. പസഫിക് സമുദ്രതാപനില ഉയരുന്നതുമായി ബന്ധപ്പെട്ട എൽനിനോ എന്ന പ്രതിഭാസം ഇപ്പോഴും സജീവമായിട്ടില്ല. ഇന്ത്യൻ മഹാസമുദ്രവും മിതാവസ്ഥയിലാണ്. അതിനാൽ അടുത്ത വർഷം മഴ കുറയുമെന്ന് പറയാനാവില്ല. തുലാമഴ സംബന്ധിച പ്രവചനം അടുത്ത മാസമേ പുറത്തുവരൂ. കേരളം തയാറെടുപ്പുകൾ നടത്തണം. ഡാമുകൾക്കു മാത്രമായി ഒരു പ്രവചനം ഇപ്പോഴത്തെ നിലയിൽ ഐഎംഡിക്കു നൽകാനാവില്ല.

മാധ്യമങ്ങൾക്കു പരിശീലനപരിപാടി
മാധ്യമങ്ങൾക്കു പരിശീലനപരിപാടി നടപ്പാക്കാനും ആലോചിക്കുന്നു.

ഡാം പങ്കാളിത്തം
സംസ്ഥാനത്ത് ഡാമുകളിൽ പരമാവധി വെള്ളം നിറയ്ക്കുക എന്നത് ഡാം മാനേജ്മെന്റിന്റെ ഭാഗമാണ്. പീക്ക് ലോഡ് ആവശ്യം നിറവേറ്റാൻ രാജ്യത്തെ മുഴുവൻ ഊർജ ഉൽപ്പാദകരും ഐഎംഡിയും ചേർന്ന് കാലാവസ്ഥയും വൈദ്യുതിയും ബന്ധിപ്പിച്ച് മുന്നറിയിപ്പ് നൽകാൻ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വകുപ്പും വൈദ്യുതി ബോർഡും കൈ കോർത്തു പ്രവർത്തിച്ച് ഡാം മാനേജ്മെന്റ് കുറച്ചുകൂടി കാര്യക്ഷമമാക്കാം.  

related stories