Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാര്‍ ഭരണഘടനാവിരുദ്ധം, ധനബില്ലാക്കിയതു കൗശലം: വിയോജിപ്പുമായി ജസ്റ്റിസ് ചന്ദ്രചൂഡ്

Justice-DY-Chandrachud ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ചിത്രം: ട്വിറ്റർ

ന്യൂഡല്‍ഹി∙ ആധാറിനു നിയമ സാധുത നല്‍കി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയുണ്ടായെങ്കിലും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രേഖപ്പെടുത്തിയ വിയോജിപ്പുകള്‍ ശ്രദ്ധേയമായി. ഇന്നത്തെ നിലയില്‍ ആധാര്‍ ഭരണഘടനപരമല്ലെന്നാണു ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ ഭിന്നാഭിപ്രായത്തില്‍ ഏറ്റവും പ്രധാനം. അദ്ദേഹം മുന്നോട്ടു വച്ച നിലപാടുകള്‍ വരും ദിനങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കും.

രാജ്യസഭയെ മറികടന്ന് ആധാര്‍ നിയമം ധനബില്ലായി പാസാക്കിയതു ഭരണഘടനയുടെ അനുച്ഛേദം 110നു വിരുദ്ധമാണെന്നും അതുകൊണ്ടു റദ്ദാക്കപ്പെടേണ്ടതാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. കൗശലത്തിന്റെ ഭാഗമായാണ് ആധാര്‍ നിയമം ഇത്തരത്തില്‍ പാസാക്കിയത്. ഒരു നിയമം മണിബില്ലായി പരിഗണിക്കാന്‍ ഭരണഘടന ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ആധാര്‍ ബില്‍ ഈ പരിധിയില്‍ വരുന്നതല്ല. നിയമം പാസാക്കിയതു കൊണ്ടു മാത്രം കേന്ദ്രസര്‍ക്കാരിന് ആധാര്‍ പദ്ധതിയുടെ സംരക്ഷണം ഉറപ്പു വരുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വിലയിരുത്തി.

മൊബൈല്‍ ഫോണ്‍ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമായിക്കഴിഞ്ഞ സാഹചര്യത്തില്‍ ആധാറുമായി ഇതിനെ ബന്ധിപ്പിക്കുന്നതു സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും സ്വയംഭരണാവകാശത്തിനും നേരെയുള്ള കടുത്ത ഭീഷണിയാണ്. നിലവില്‍ മൊബൈല്‍ സേവനദാതാക്കള്‍ ശേഖരിച്ചിട്ടുള്ള ഉപയോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ മുഴുവനും ഇല്ലാതാക്കണം. ഓരോ ബാങ്ക് അക്കൗണ്ട് ഉടമയും കള്ളപ്പണം വെളുപ്പിക്കുന്നയാളാണെന്ന ധാരണയിലാണു കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രവര്‍ത്തിക്കുന്നത്. ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനെത്തുന്ന ഓരോ വ്യക്തിയും തീവ്രവാദിയോ കള്ളപ്പണക്കാരനോ ആണെന്നു കരുതുന്നതു ഡ്രക്കോണിയന്‍ ചിന്താഗതിയാണെന്നും അദ്ദേഹം വിലയിരുത്തി.

പൗരന്‍മാരുടെ വ്യക്തിപരമായ രൂപരേഖ തയാറാക്കുന്നതിലേക്കു ആധാറിനായുള്ള വിവര ശേഖരണം നയിച്ചേക്കുമെന്ന ആശങ്കയും ജസ്റ്റിസ് ചന്ദ്രചൂഡ് മുന്നോട്ടുവച്ചു. ഡേറ്റാ സംരക്ഷണം, വിവരങ്ങളുടെ സ്വകാര്യത എന്നിവയുടെ നഗ്‌നമായ ലംഘനമാണ് ആധാര്‍ പദ്ധതി. നിര്‍ണായകമായ ഡേറ്റ സൂക്ഷിക്കുന്നുണ്ടെന്ന യുഐഡിഎഐയുടെ സമ്മതം തന്നെ സ്വകാര്യതയുടെ ലംഘനമാണ്. ആധാര്‍ ഇല്ലാതെ ഇന്ത്യയില്‍ ജീവിക്കാനാകില്ലെന്ന അവസ്ഥയാണ്. ഇതു ഭരണഘടനയുടെ അനുച്ഛേദം 14ന്റെ ലംഘനമാണ്. എല്ലാത്തരത്തിലുമുള്ള ഡേറ്റയുമായി ആധാറിനെ ബന്ധിപ്പിക്കുകയാണെങ്കില്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് സാധ്യത വര്‍ധിക്കും.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങളിലേക്കു പ്രവേശനം നല്‍കുന്നതു വ്യക്തികളെക്കുറിച്ചു ചിത്രം ലഭിക്കുന്നതിനും അതുവഴി ഓരോ പൗരന്റെയും രാഷ്ട്രീയ നിലപാട് നിര്‍ണയത്തിനും വരെ കാരണമാകാം. പൗരന്‍മാരുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനു ശക്തമായ സംവിധാനമില്ല. യുഐഡിഎഐയുമായുള്ള കരാര്‍ കൊണ്ടു മാത്രം ഇതു സാധ്യമല്ല. നിര്‍മാണഘട്ടത്തില്‍ ഉണ്ടായിരുന്ന അപാകതകള്‍ പരിഹരിക്കാന്‍ ആധാര്‍ പദ്ധതിക്കു കഴിഞ്ഞിട്ടില്ല. ഉടമസ്ഥന്റെ അനുമതിയില്ലാതെ തന്നെ സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.