Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ച്: ശമ്പളം പിടിക്കുമ്പോള്‍ വീഴ്ചയുണ്ടാകരുതെന്ന് സര്‍ക്കാര്‍

ഉല്ലാസ് ഇലങ്കത്ത്
representative image representative image

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശമ്പളം നല്‍കിയ ഉദ്യോഗസ്ഥരുടെ അടുത്ത മാസത്തെ ശമ്പളം പിടിക്കുന്നതിനായി 'സ്പാര്‍ക്കില്‍ ' ക്രമീകരണങ്ങള്‍ വരുത്തി സര്‍ക്കുലര്‍ ഇറങ്ങി. ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുമ്പോള്‍ അതീവശ്രദ്ധ വേണമെന്നും വീഴ്ചയുണ്ടായാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ബില്ലുകള്‍ തയാറായാല്‍ പിന്നീട് സ്പാര്‍ക്ക് വഴി മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്നും ധനകാര്യവകുപ്പ് (ഫണ്ട്) വഴി മാത്രമേ മാറ്റങ്ങള്‍ വരുത്താന്‍ കഴിയൂ എന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. 

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൈകാര്യം ചെയ്യുന്ന സ്പാര്‍ക്ക് സംവിധാനത്തില്‍ സാലറി ചാലഞ്ചിനുവേണ്ടി മാറ്റങ്ങള്‍ വരുത്തി 16 നിര്‍ദേശങ്ങളാണ് ധനവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഒരു മാസത്തെ ശമ്പളം പത്തുമാസത്തെ തുല്യ ഗഡുക്കളായി നല്‍കാന്‍ തയാറായവരുടെ ബില്ലില്‍ യെസ് എന്നും അല്ലാത്തവരുടേതില്‍ നോ എന്നും ഡിഡിഒ രേഖപ്പെടുത്തണം. പൂര്‍ണ ശമ്പളം വാങ്ങാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍, ശമ്പളമില്ലാതെ അവധിയിലുള്ളവര്‍, സസ്െപന്‍ഷനിലുള്ളവര്‍ തുടങ്ങിയവരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കുമ്പോള്‍ കണ്‍ട്രോളിങ് ഓഫിസറുടെ സമ്മതം വാങ്ങിക്കണം. 

ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ ശമ്പളം നല്‍കിയ ഉദ്യോഗസ്ഥരുടെ രേഖകള്‍ പരിശോധിച്ചശേഷം ഡിഡിഒമാര്‍ അടുത്തമാസത്തെ ശമ്പളത്തില്‍ അതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ വരുത്തണം. പിഎഫില്‍നിന്ന് ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള സംവിധാനം സ്പാര്‍ക്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുന്നതിനു മാത്രമായിരിക്കുമെന്നും ഇക്കാര്യം ഡിഡിഒമാര്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് ലോണ്‍ എടുത്തിരിക്കുന്നവര്‍ക്ക് ഈ വര്‍ഷം മൊറട്ടോറിയം ഉണ്ടായിരിക്കും. പിഎഫില്‍നിന്ന് ലോണ്‍ എടുത്ത ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ഗഡുക്കളായി ശമ്പളം നല്‍കിയതിനുശേഷം മാത്രം പ്രതിമാസ ലോണ്‍ തവണ അടച്ചാല്‍ മതിയാകും. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതിനുശേഷം ലോണ്‍ അടവുകൂടി വരുമ്പോള്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കാനാണ് ഈ നടപടി. ലീവ് സറണ്ടര്‍ ചെയ്ത് ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നതിനും സ്പാര്‍ക്കില്‍ സംവിധാനം ഏര്‍പ്പെടുത്തി. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ലീവ് സറണ്ടര്‍ ചെയ്യുന്നതിനും പിഎഫ് പിന്‍വലിക്കുന്നതിനും എജിയുടെ സമ്മതപത്രം വേണ്ടതിനാല്‍ വീഴ്ച വരാതെ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. 

ശമ്പളപരിഷ്‌ക്കരണ കുടിശികയുടെ നാലാമത്തെ ഗഡു ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സമ്മതം അറിയിച്ച ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നതിനും സ്പാര്‍ക്കില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി. കഴിഞ്ഞമാസം 2,750 രൂപയുടെ ഉത്സവബത്ത വാങ്ങിയ ഉദ്യോഗസ്ഥരില്‍നിന്ന് ആ തുക ഈ മാസത്തെ ശമ്പളത്തില്‍ കുറച്ച് ദുരിതാശ്വാസ നിധിയിലേക്ക് ഈടാക്കും. 

related stories