Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് റോഡ്: സർക്കാർ ഉദ്യോഗസ്ഥർ പദവി ദുരുപയോഗിച്ചെന്ന് വിജിലൻസ്

Thomas Chandy തോമസ് ചാണ്ടി

കൊച്ചി ∙ മുൻമന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്കു നിയമവിരുദ്ധമായി റോഡ് നിർമിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ പദവി ദുരുപയോഗിച്ചു കൂട്ടുനിന്നതായി കണ്ടെത്തിയെന്നു വിജിലൻസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. പൊതുതാൽപര്യം സംരക്ഷിക്കാനെന്ന വ്യാജേന പൊതുപണം ചെലവിട്ടായിരുന്നു നടപടികൾ. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. ഉദ്യോഗസ്ഥരുടെയും റിസോർട്ട് കമ്പനി അധികൃതരുടെയും ബന്ധം കണ്ടെത്താൻ കൂടുതൽ അന്വേഷണം വേണമെന്നും വിജിലൻസ് അറിയിച്ചു.

ആലപ്പുഴയിൽ സീറോ ജെട്ടി– വലിയകുളം റോഡിൽ മാത്രമല്ല റിസോർട്ടിന്റെ പാർക്കിങ് ഏരിയ ഉൾപ്പെടെ എട്ടു സ്ഥലങ്ങളിൽ അനധികൃതമായി നിലംനികത്തി. നികത്തിയ സ്ഥലങ്ങൾ തോമസ് ചാണ്ടിയുടെ ബന്ധുക്കളുടെയോ റിസോർട്ട് ഡയറക്ടർമാരുടെയോ ആണ്. എന്നാൽ പ്രതിപ്പട്ടികയിലുള്ള ടോബി ചാണ്ടി, ബെറ്റി ചാണ്ടി എന്നിവർ വിദേശത്തായിരുന്നുവെന്നും പങ്ക് കണ്ടെത്താനാകാത്തതിനാൽ അവരെ പ്രതിപ്പട്ടികയിൽ നിന്നു നീക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും അറിയിച്ചു.

കേസ് നടപടി ചോദ്യം ചെയ്ത് ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി, മേരി ചാണ്ടി, ജോൺ മാത്യു എന്നിവർ സമർപ്പിച്ച ഹർജിയിലാണു തിരുവനന്തപുരം വിജിലൻസ് ഡിവൈഎസ്പി ഹരി വിദ്യാധരന്റെ വിശദീകരണ പത്രിക. തോമസ് ചാണ്ടി എംഎൽഎ ഉൾപ്പെടെ 22 പേരെയാണു പ്രതിചേർത്തിട്ടുള്ളത്. കരുവേലി പാടശേഖരത്തിൽപ്പെട്ട നിലം നിയമവിരുദ്ധമായി നികത്തി വലിയകുളം മുതൽ സീറോ ജെട്ടി വരെ റോഡ് നിർമിച്ചെന്നും മറ്റുമാണു കേസ്. സുഭാഷ് തീക്കാടന്റെ പരാതിയിൽ 2017 ഒക്ടോബർ 21ലെ ഉത്തരവു പ്രകാരം ത്വരിതാന്വേഷണം നടത്തി, പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാണു കേസ് എടുത്തതെന്നു വിജിലൻസ് അറിയിച്ചു.

2003ൽ റിസോർട്ട് നിർമിക്കുമ്പോൾ റോഡ് ഉണ്ടായിരുന്നില്ല. 2011ൽ ചട്ടങ്ങൾ മറികടന്ന് എംപി ഫണ്ടുപയോഗിച്ച് ബണ്ട് റോഡുണ്ടാക്കി. പൊതുആവശ്യങ്ങൾക്കു വയൽഭൂമിയിൽ നിർമാണങ്ങൾക്കു സംസ്ഥാന തല അവലോകന സമിതിയുടെ പരിശോധന സഹിതം സർക്കാരിന്റെ അനുമതി വേണ്ടതാണെങ്കിലും, ഇവിടെ അനുമതി തേടിയില്ല. ബണ്ട് ബലപ്പെടുത്തിയതു നൂറുകണക്കിന് ആളുകൾക്കു വേണ്ടിയാണെന്നു പറയുന്നതു ശരിയല്ലെന്നും വിജിലൻസ് അറിയിച്ചു.