Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രസർക്കാരിന് ആശ്വാസം; രാജ്യസഭാ കടമ്പയില്ലാതെ ആധാർ നടപ്പാക്കാം

ന്യൂഡൽഹി∙ ആധാർ ഹർജികളിൽ സുപ്രീംകോടതിയുടെ വിധി കേന്ദ്ര സർക്കാരിന് പകരുന്നത് ആശ്വാസം. ആധാർ കാർഡ് പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച 27 ഹർജികൾ പരിഗണിച്ച അഞ്ചംഗ ബെഞ്ചിലെ മൂന്നു ജഡ്ജിമാരും ആധാറിന് ഏറെക്കുറെ അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഏകീകൃത സംവിധാനം അനുകൂലിച്ചതിനൊപ്പം ചില നിയന്ത്രണങ്ങളോടെ ആധാർ നടപ്പാക്കാമെന്ന് സുപ്രീംകോടതി നിലപാടു സ്വീകരിച്ചതോടെ ആധാർ നിർബന്ധമാക്കൽ നടപടികളുമായി ഇനി സർക്കാരിനു മുന്നോട്ടു പോകാം. ധനബില്ലായി ആധാർ നിയമം പരിഗണിക്കാമെന്ന വിധിയാണ് കേന്ദ്ര സർക്കാരിന് ഏറെ ആശ്വാസമായത്. ധനബില്ലായി അവതരിപ്പിക്കുന്നതോടെ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയുടെ പടി കടക്കാതെ തന്നെ ആധാർ നിയമത്തിനു സാധുതയായി. ആധാർ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബിൽ നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.

എന്നാൽ നിയമത്തിൽ നിയന്ത്രണങ്ങൾ ആവശ്യമെന്ന് വിലയിരുത്തിയ കോടതി, നിർണായകമായ രണ്ടു വകുപ്പുകളും ഒരു ഉപവകുപ്പും റദ്ദാക്കി. സ്വകാര്യകമ്പനികൾക്കു വിവരങ്ങൾ നൽകാൻ നിർദേശിക്കുന്ന സെക്‌ഷൻ 33 (2), ദേശീയ സുരക്ഷയ്ക്കായി വിവരങ്ങൾ കൈമാറണമെന്ന് നിർദേശിക്കുന്ന സെക്‌ഷൻ 57, ആധാർ സംബന്ധിച്ച് വ്യക്തികൾക്ക് പരാതി നൽകാൻ അനുവദിക്കാത്ത സെക്‌ഷൻ 47 എന്നിവയാണ് റദ്ദാക്കിയത്.

ക്ഷേമപദ്ധതികളുടെ പ്രയോജനം അർഹർക്കു നേരിട്ടു ലഭ്യമാക്കാനാണ് ആധാര്‍ നടപ്പാക്കുന്നതെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നത്. എന്നാൽ ആധാർ പദ്ധതി സ്വകാര്യതയ്ക്കു നേരെയുള്ള കടന്നുകയറ്റമെന്നായിരുന്നു ഹർജികളിലെ വാദം. പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ കണക്ഷൻ എന്നിവയ്ക്കെല്ലാം കേന്ദ്രം ആധാർ നിർബന്ധമാക്കിയിരുന്നു. എന്നാൽ പലസമയങ്ങളിലും പൗരന്റെ സ്വകാര്യ വിവരങ്ങൾ പുറത്തുവന്നതോടെ വിവിധ ഹർജികൾ കോടതിയിൽ എത്തുകയായിരുന്നു.

സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെ നിർണായക വിധി ആധാറിന്റെ വിധിയെ ബാധിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ആധാറിനുവേണ്ടി ശേഖരിച്ച ബയോമെട്രിക് സ്ഥിതിവിവരക്കണക്കുകൾ സർക്കാരിന്റെ ഒട്ടേറെ വെബ്സൈറ്റുകളിൽ പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. ആധാറിനു നൽകിയ സ്ഥിതിവിവരങ്ങൾ ആർക്കും ശേഖരിക്കാം എന്ന സ്ഥിതിയായിരുന്നു. പിന്നീട് ഈ സൈറ്റുകളിൽനിന്ന് അവ നീക്കം ചെയ്തു.

ആധാർ കാർഡ്

രാജ്യത്തെ എല്ലാ പൗരന്മാർക്കും നൽകുന്ന ഏകീകൃത തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഓരോരുത്തരുടെയും വിരലടയാളവും കൃഷ്‌ണമണിയുടെ അടയാളവും മറ്റു തിരിച്ചറിയൽ വിശദാംശങ്ങളും ഉൾപ്പെടുത്തി തയാറാക്കുന്ന ഈ തിരിച്ചറിയൽ രേഖയ്‌ക്കു ഡ്യൂപ്ലിക്കേറ്റ് നിർമിച്ച് വ്യാജ ഉപയോഗം സാധ്യമല്ല. ബയോമെട്രിക് സംവിധാനം ഉപയോഗിച്ചാണു കാർഡിന്റെ രൂപകൽപന. ഒരു വ്യക്‌തിക്കുള്ള പലതരം തിരിച്ചറിയൽ കാർഡുകളുടെയും ഒരു സംഗ്രഹമാണ് ആധാർ എന്ന ഇലക്‌ട്രോണിക്‌സ് ജാതകക്കുറിപ്പ്.