Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെങ്ങളെ ഗർഭിണിയാക്കിയ ചേട്ടൻ; ‘ഇനി ഞാനവന്റെ ഭാര്യയാകണോ’ വിലപിച്ച് ഒരമ്മ

rape-2709 Representative Image

ഒരു കാലത്ത് പെൺകുട്ടികൾ വീടിനു പുറത്തിറങ്ങുമ്പോഴാണ് സുരക്ഷിതരല്ലാതിരുന്നതെങ്കിൽ ഇന്നു സ്വന്തം വീടുകളിലാണു പലര്‍ക്കും അരക്ഷിതാവസ്ഥ. വീട്ടിലെ നാലു ചുവരുകൾക്കുള്ളിൽ അച്ഛനാണോ സഹോദരനാണോ മുത്തച്ഛനാണോ അമ്മാവനാണോ ചൂഷണം ചെയ്യുകയെന്ന ഭയം പല പെൺകുട്ടികളെയും വലയ്ക്കുന്നു. ജനിച്ചു മാസങ്ങളോ ദിവസങ്ങളോ ആകുമ്പോൾ മുതൽ അവർ അരക്ഷിതാവസ്ഥയുടെ തടവറയിലാണു കഴിയുന്നതെന്ന തിരിച്ചറിവു സമൂഹത്തെയാകെ ഇരുത്തി ചിന്തിപ്പിക്കാൻ വഴിയൊരുക്കുന്നതാണ്.

കോട്ടയം ജില്ലയിലെ ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടപ്പോൾ ഞങ്ങൾക്ക് ലഭിച്ചത് അത്തരത്തിലൊരു വിവരമാണ്. ഇടുക്കി സ്വദേശികളായിരുന്നു അവർ. അച്ഛനും അമ്മയും മകനും മകളുടെ മകളും അടങ്ങുന്ന കുടുംബം. ദിവസവും മദ്യപിച്ചെത്തി വഴക്കിടുന്നവരായിരുന്നു ആ അച്ഛനും മകനും. ഒരിക്കൽ വഴക്ക് പിടിവിട്ടുപോയി, മകൻ അച്ഛനെ കൊലപ്പെടുത്തി. ഏറെനാൾ നീണ്ട ജയിൽവാസത്തിനുശേഷം തിരിച്ചെത്തിയ മകൻ, അമ്മയെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നതു പതിവായി. ഇതോടെ പേരക്കുട്ടിയുമായി പടിയിറങ്ങി കോട്ടയത്ത് എത്തി. എന്തുപറ്റിയെന്ന കെയർടേക്കറുടെ ചോദ്യത്തിന് ആ അമ്മ നൽകിയ മറുപടിയാണിത് – ‘എനിക്ക് മകന്റെ ഭാര്യയാകാൻ സാധിക്കില്ലല്ലോ’. മകന്റെ പീഡനത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കെൽപ്പില്ലാതെ ആകെ തകർന്ന അവസ്ഥയിലാണ് ആ അമ്മ ഇപ്പോൾ. വയോധികരടക്കം ഇന്ന് അനുഭവിക്കുന്ന പീഡനത്തിന്റെ നേർചിത്രമായിരുന്നു അവരുടെ വാക്കുകളിൽ.

പീഡിപ്പിച്ചത് മൂത്ത ചേട്ടൻ, മറച്ചുവച്ചത് അമ്മ

മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ആയിരുന്നു ഫസീനയുടെ(പേര് സാങ്കൽപ്പികം) വീട്. സന്തോഷം നിറഞ്ഞ കുട്ടിക്കാലം. എന്നാൽ പതിമൂന്നാം വയസ്സിൽ മൂത്ത സഹോദരനിൽനിന്ന് അവൾക്കു നേരിടേണ്ടി വന്നത് ക്രൂരപീഡനമായിരുന്നു. എട്ടുമാസം കഴിഞ്ഞാണു മകൾ ഗർഭിണിയാണെന്ന വിവരം ഫസീനയുടെ മാതാവ് അറിഞ്ഞത്. മകളുടെ ജീവിതത്തേക്കാളും അവർക്കു വലുത് മകന്റെ അഭിമാനമായിരുന്നു. ഫസീനയെ മുറിയിൽ പൂട്ടിയിട്ട അവർ മകനെ ഉടൻ തന്നെ നാടുകടത്തി. കൃത്യമായ പരിചരണം ലഭിക്കാതിരുന്ന ഫസീന ജന്മം നൽകിയത് ചാപിള്ളയ്ക്ക്.

rape-845

വർഷങ്ങൾക്കു ശേഷം വിവാഹിതയും നാലു മക്കളുടെ അമ്മയും ആയെങ്കിലും അറിവില്ലാത്ത പ്രായത്തിൽ സംഭവിച്ച തെറ്റും ജന്മമെടുക്കാതെ പോയ കുഞ്ഞും അവളുടെ ഓർമയിൽനിന്നു മാഞ്ഞില്ല. നാൽപതു വർഷമാണ് ഇവയെല്ലാം മനസ്സിൽ പേറി ആശുപത്രികളിൽനിന്ന് ആശുപത്രിയിലേക്കു ഫസീന യാത്ര ചെയ്തത്. ഒടുവിൽ സന്നദ്ധസംഘടനയ്ക്കു മുന്നിൽ മനസ്സു തുറന്നപ്പോൾ അവൾ പറഞ്ഞത് ഒന്നു മാത്രമാണ്, ചെയ്ത തെറ്റിനു സഹോദരൻ മാപ്പു പറഞ്ഞെങ്കിൽ ഒരുപക്ഷേ പണ്ടേ ഈ വിഷമം ഉള്ളിൽനിന്നു മാഞ്ഞു പോയേനെ എന്ന്. സന്നദ്ധപ്രവർത്തകർ കുടുംബത്തോട് ഇക്കാര്യം അന്വേഷിച്ചപ്പോൾ സഹോദരി ചോദിച്ചു – അവൾ ഇപ്പോഴും അതൊക്കെ ഓർക്കുന്നുണ്ടോ എന്ന്.

ശിഥിലമാകുന്ന കുടുംബബന്ധങ്ങളുടെ നേർക്കാഴ്ചയാണ് ഇത്തരം സംഭവങ്ങൾ. പീഡിപ്പിച്ചത് ചേട്ടനാണെന്നുള്ളത് ഒഴികെയുള്ള കാര്യങ്ങൾ ഭർത്താവിനെ സന്നദ്ധപ്രവർത്തകർ അറിയിച്ചു. സ്നേഹവാനായ ഭർത്താവും മക്കളും ചേർന്നു ഫസീനയെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. മനസ്സ് പതറാറുണ്ടെങ്കിലും സ്നേഹകരങ്ങൾ കൂട്ടുള്ളത് ഇപ്പോഴവർക്ക് വലിയ ആശ്വാസമാകുന്നു.

അമ്മയെ പീഡിപ്പിച്ച മകൻ

ഭാര്യയ്ക്കും മകനുമൊപ്പം ദുബായിലേക്കു താമസം മാറിയപ്പോൾ സന്തോഷം നിറഞ്ഞ ജീവിതം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മകൻ ആവശ്യപ്പെട്ട കംപ്യൂട്ടറും സ്മാർട്ട് ഫോണും വാങ്ങി നൽകി. എന്നാൽ മകൻ ലൈംഗിക വിഡിയോകൾക്ക് അടിമപ്പെട്ട വിവരം അദ്ദേഹമറിഞ്ഞതു വളരെ വൈകിയാണ്. ഉടൻതന്നെ ഭാര്യയെയും മകനെയും നാട്ടിലേക്ക് അയച്ചു. മകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഭാര്യയെ അറിയിച്ചുമില്ല. ലൈംഗിക വിഡിയോകൾ കാണാനാവാതെ വന്നതോടെ മകൻ സമനില തെറ്റിയപോലെ പെരുമാറാനും തുടങ്ങി. എന്താണു സംഭവിച്ചതെന്നു മനസ്സിലാകാതിരുന്ന അമ്മയെ ഒരു രാത്രിയിൽ അവൻ പീഡിപ്പിച്ചു. പകച്ചു പോയ അവരെ വിവസ്ത്രയാക്കി മുറിയിൽ പൂട്ടിയിട്ടായിരുന്നു മകൻ സ്കൂളിൽ പോയത്. മൂന്നു ദിവസത്തോളം ഇതേ പീഡനം ആ അമ്മ നേരിട്ടു.

Representational image

ഒടുവിൽ എങ്ങനെയോ അയൽവാസികളുമായി ബന്ധപ്പെട്ട അവർ സ്വന്തം അമ്മയെ വിവരമറിയിച്ചു. അമ്മയുടെ സഹായത്തോടെ രക്ഷപ്പെട്ട് സന്നദ്ധ സംഘടനയെ സമീപിക്കുകയും മകനെ മാനസികരോഗാശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. വിവരമറിഞ്ഞ പിതാവും തകർന്നുപോയി. ഒരുവേള ആത്മഹത്യയുടെ വക്കിലായിരുന്നു ആ കുടുംബം. വിവരമറിഞ്ഞ ചില ‌‌സന്നദ്ധപ്രവർത്തകരുടെ നിരന്തര പരിശ്രമങ്ങളാണ് അവർ ഇന്നു ജീവിച്ചിരിക്കാൻ കാരണം. എന്നാൽ മകൻ ഏൽപ്പിച്ച ആഘാതത്തിൽനിന്നു മുക്തമാകാൻ അവർക്കിനിയും ആയിട്ടില്ല. ജാഗ്രത കുറഞ്ഞാൽ ആ ദമ്പതികൾ ആത്മഹത്യയിൽ അഭയം തേടുമോയെന്ന ഭീതിയിലാണ് സന്നദ്ധപ്രവർത്തകർ.

മുപ്പതുകാരിക്കായി ആറു ചെറുപ്പക്കാർ

നല്ല രീതിയിൽ കുടുംബജീവിതം നയിക്കുന്നതിനിടയ്ക്കാണ് മുപ്പതുകാരിയായ ഗുരുവായൂർ സ്വദേശി ആ ആറു ചെറുപ്പക്കാരെ പരിചയപ്പെട്ടത്. ഭർത്താവ് ഗൾഫിൽ. രണ്ടു മക്കളുണ്ട്. പരിചയപ്പെട്ട ചെറുപ്പക്കാർ വീട്ടിൽ വരുന്നതു പതിവായി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടിക്ക് അമ്മയുടെ പെരുമാറ്റത്തിൽ സംശയമായി. കുട്ടികൾ സന്നദ്ധസംഘടനയെ സമീപിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. അമ്മയെ വീണ്ടെടുത്തു തരണമെന്ന കുട്ടികളുടെ കരച്ചിലിനു മുന്നിൽ മനം തകർ‌ന്ന സന്നദ്ധപ്രവർത്തകർ യുവതിയെ വീട്ടിൽനിന്നു മാറ്റി മാനസികാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ പീഡനങ്ങളും യുവാക്കളുടെ സാന്നിധ്യവും അവളുടെ മാനസികനിലയെ തന്നെ മാറ്റിത്തുടങ്ങിയിരുന്നു.

Representational image

ഇതിനിടെ, യുവതിയെ തേടി ആശുപത്രിയിലും ആ ചെറുപ്പക്കാരെത്തി. പല ആശുപത്രികൾ മാറ്റിയെങ്കിലും വീണ്ടും വീണ്ടും ഇവർ അവളെ തേടിയെത്തി. സന്നദ്ധപ്രവർത്തകർ യുവതിയെ തട്ടിക്കൊണ്ടുപോയെന്നും കണ്ടെത്തിത്തരണമെന്നും ആവശ്യപ്പെട്ട് ചെറുപ്പക്കാർ കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. എന്നാൽ വാദം കേട്ട കോടതിക്കു കാര്യം മനസ്സിലായി. യുവതിയെ കാണാതിരുന്നാൽ അന്വേഷിക്കാൻ നിങ്ങൾ അവരുടെ ആരാണെന്ന ജഡ്ജിയുടെ ചോദ്യം നിർണായകമായി. കുട്ടികൾക്കൊപ്പം പോയാൽ മതിയെന്നു യുവതിയും നിലപാടെടുത്തു. സന്നദ്ധ സംഘടനയുടെ കൗൺസിലിങ്ങിന്റെയും ചികിത്സയുടെയും ഫലമായി ഇവർ ജീവിതത്തിലേക്കു തിരികെ വരികയാണ്.

സാധാരണ മനോനിലയിലുള്ളവർ മനഃപൂർവം ഇത്തരം കാര്യങ്ങളിലേക്കു പോകില്ലെന്നും ശരിയായ ചികിത്സയും കുടുംബത്തിന്റെ പിന്തുണയുമുണ്ടെങ്കിൽ ഇത്തരക്കാരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകുമെന്നും സന്നദ്ധപ്രവർത്തകർ പറയുന്നു.

(പീഡനങ്ങളുടെ മനഃശാസ്ത്രമെന്ത്, ഇരയുടെയും പ്രതികളുടെയും – അതേക്കുറിച്ച് തുടരും)

related stories