Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഴുവന്‍ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം; മൂന്നുമാസത്തേക്ക് ഉപജീവന കിറ്റ്

pinarayi-vijayan-2 പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നു.

തിരുവനന്തപുരം∙ മുഴുവന്‍ കാര്‍ഷിക വായ്പകള്‍ക്കും ക്ഷീര കാര്‍ഷിക വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ നിബന്ധന ഒഴിവാക്കിയാണ് നടപടി. പ്രളയത്തില്‍ ഉപജീവനം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസ പാക്കേജ് ഒരുക്കുന്നതിന്റെ ഉത്തരവാദിത്തം ആസൂത്രണ ബോര്‍ഡിന് നല്‍കി. ഇതിനായി നവംബര്‍ 1,2 തീയതികളില്‍ കോണ്‍ഫറന്‍സ് നടത്തും.

പ്രളയത്തെത്തുടര്‍ന്ന് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും, ഇടമണ്‍ - കൊച്ചി വൈദ്യുതി ലൈനിന്റെ നിര്‍മാണവും, ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ നിര്‍മാണവും മുടങ്ങിയതായി മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ചു മുഖ്യമന്ത്രി പിണറായി വി‍ജയന്‍ പറഞ്ഞു. ഇവയുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കും. ഇതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പ്രളയക്കെടുതിയെ നേരിടാന്‍ വിഭവ സമാഹരണത്തിന്റെ ഏകോപനം റവന്യൂ സെക്രട്ടറി അധ്യക്ഷനായുള്ള സമിതിക്ക് നല്‍കി. ആസൂത്രണ അഡീഷനൽ ചീഫ് സെക്രട്ടറി, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. മാലിന്യനിര്‍മാര്‍ജനം, ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ചുമതല ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്ക് നല്‍കി.

പുനരധിവാസം നല്ല നിലയില്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനഃരധിവാസ ഏകോപന സമിതി പ്രവര്‍ത്തനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നേതൃത്വം നല്‍കും. അതോടൊപ്പം നവകേരളത്തിന്റെ പുനഃസൃഷ്ടിക്കായി മേല്‍നോട്ടത്തിന് വിവിധ വികസന മേഖലകളില്‍ കഴിവു നേടിയ അനുഭവ സമ്പത്തുള്ള ആളുകളെ സഹകരിപ്പിക്കും. സര്‍വീസിലുള്ളവരും വിരമിച്ചവരും കൂട്ടത്തിലുണ്ടാകും. നൂതന സാങ്കേതികവിദ്യാ മേഖലയിലുള്ളവരെ ഇതിനായി അണിനിരത്തും. ഒരു ഉന്നതാധികാര സമിതി ഈ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കും. 

ജനങ്ങളുടെ ജീവനോപാധി സാധ്യത വര്‍ധിപ്പിക്കണം. കൃഷി, മൃഗസംരക്ഷണം, ചെറുകിട വ്യവസായം, പട്ടിക ജാതി - വര്‍ഗ ക്ഷേമം അടക്കമുള്ള മേഖലകളില്‍ പെട്ടെന്നു പ്രവര്‍ത്തനം നടത്താന്‍ കഴിയണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിനാവശ്യമായ പ്രത്യേക പദ്ധതികള്‍ക്ക് 10 ദിവസത്തിനകം രൂപം നല്‍കും. ഇതിന്റെ ചുമതല വകുപ്പ് സെക്രട്ടറിമാര്‍ക്കാണ്. ഏകോപനം ചീഫ് സെക്രട്ടറിക്കും.

പ്രളയത്തിനുശേഷം പല കുടുംബങ്ങള്‍ക്കും വരുമാനമില്ല. ജീവനോപാധി നഷ്ടപ്പെട്ടു. അവരില്‍ റേഷന്‍ മുന്‍ഗണനാപട്ടികയിലുള്ളവര്‍, എന്‍ആര്‍ഇജിഎ ജോബ് കാര്‍ഡുള്ളവര്‍, പട്ടികജാതി - വര്‍ഗത്തില്‍പ്പെട്ടവര്‍, അഗതികള്‍, സ്ത്രീ കേന്ദ്രീകൃത കുടുംബം, വിധവകള്‍, ഭിന്നശേഷിക്കാര്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സുരക്ഷ വേണം. ഇവര്‍ക്ക് അടുത്ത മൂന്നുമാസത്തേക്ക് ഉപജീവന കിറ്റ് നല്‍കും. എന്‍ആര്‍ഇജിഎ ജോബ് കാര്‍ഡുള്ളവര്‍ക്ക് അധിക തൊഴില്‍ നല്‍കും. തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നിര്‍മാണപ്രവര്‍ത്തനം വേഗത്തില്‍ നടത്തണം. കല്ല്, മണല്‍ കണ്ടെത്തുന്നതാണ് പ്രശ്നം. നൂതന പ്രീ ഫാബ്രിക്കേഷന്‍ രീതികള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ആസൂത്രണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി, ലൈഫ് മിഷന്‍ സെക്രട്ടറി എന്നിവരടങ്ങിയ സമിതിയെ ഇതിനായി ചുമതലപ്പെടുത്തി. 

നിര്‍മാണ സാധനങ്ങള്‍ ഉല്‍പ്പാദകരില്‍നിന്ന് നേരിട്ട് ലഭ്യമായാല്‍ വിലകുറയും. ഇതിന് സംവിധാനമൊരുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗൃഹോപകരണത്തിനും കമ്പനികളുമായി ബന്ധപ്പെടും. പ്രളയത്തിന് ഫണ്ട് കണ്ടെത്തേണ്ടതുണ്ടെങ്കിലും വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത്, ജലസേചന വാര്‍ഷിക പദ്ധതികള്‍, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്നിവയുടെ വിഹിതവും കുറയ്ക്കില്ല.

related stories