Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പമ്പാ തീരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമൺ ശിൽപ്പങ്ങൾ; തുറക്കുന്നത് പുതുചരിത്രം

വർഗീസ് സി. തോമസ്
clay-models-7 ആറന്മുള ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിനു സമീപം പനവേലിൽ പുരയിടത്തിലെ മൺതിട്ടയ്ക്കുള്ളിൽ കണ്ടെത്തിയ പുരാതന മൺശിൽപ രൂപങ്ങൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ

പത്തനംതിട്ട ∙ പമ്പാ തീരത്ത് ആറന്മുള ആഞ്ഞിലിമൂട്ടിൽകടവ് പാലത്തിനു സമീപം പനവേലിൽ പുരയിടത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമൺ ആൺപെൺ രൂപങ്ങളും നാഗങ്ങളുടെ മാതൃകകളും കണ്ടെത്തി. ചരിത്രത്തിലേക്കു വാതിൽ തുറക്കുന്ന പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗം ഖനനം ചെയ്തു വിശദ അന്വേഷണത്തിനു തയാറെടുക്കുകയാണു സർക്കാർ.

തിട്ടയിടിഞ്ഞ ഭാഗത്താണു ശിൽപ്പരൂപങ്ങളുടെ ശേഖരം കണ്ടെത്തിയത്. മണ്ണുനീക്കി ശേഖരിക്കാവുന്നവ എടുത്തു സുരക്ഷിതമായി കരയിലേക്ക് എത്തിച്ചിട്ടുണ്ട്. പ്രളയജലത്തിന്റെ കുത്തൊഴുക്കിൽ നദീതീരം ഇടിഞ്ഞു വീണപ്പോൾ, പുരയിടത്തോടു ചേർന്നു നിൽക്കുന്ന മാവിന്റെ സമീപത്താണ് ഇവ കണ്ടെടുത്തത്. എസ്ഐ ജിബു ജോണിന്റെ നേതൃത്വത്തിൽ ശിൽപങ്ങൾക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. വൈകിട്ടോടെ ശിൽപ്പങ്ങൾ വാസ്തുവിദ്യാ ഗുരുകുലത്തിലേക്കു മാറ്റി. 10–ാം നൂറ്റാണ്ടിനും 15–ാം നൂറ്റാണ്ടിനുമിടയിൽ നിർമിച്ചതാകാം ഇവയെന്നാണു പ്രാഥമിക വിലയിരുത്തൽ.

clay-models-2 ആറന്മുള ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിനു സമീപം പനവേലിൽ പുരയിടത്തിലെ മൺതിട്ടയ്ക്കുള്ളിൽ കണ്ടെത്തിയ പുരാതന മൺശിൽപ രൂപങ്ങൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ

ശിൽപ്പങ്ങളുടെ കൂടുതൽ ഭാഗങ്ങൾ മണ്ണിനടിയിലുണ്ടാകുമെന്ന അടിസ്ഥാനത്തിലാണു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൂടുതൽ പരിശോധനയ്ക്കു സർക്കാർ തയാറാകുന്നതെന്നു സ്ഥലം സന്ദർശിച്ച വീണാ ജോർജ് എംഎൽഎ അറിയിച്ചു. ആർക്കിയോളജി ഡയറക്ടർ റെജികുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പഠനസംഘം തിങ്കളാഴ്ച രാവിലെ പ്രദേശത്തു പരിശോധന നടത്തും. സാംസ്കാരിക വിഭാഗവും ഇതിൽ പങ്കാളികളാകും. ചരിത്രപരമായ കാലപ്പഴക്കം അളന്നു തിട്ടപ്പെടുത്തിയ ശേഷം ശിൽപ്പരൂപങ്ങൾ ആറന്മുളയിൽ തന്നെ മ്യൂസിയം തയാറാക്കി സൂക്ഷിക്കാനും ആലോചനയുണ്ട്.

പട്ടണം വിട്ട് ചരിത്രം പമ്പാ തീരത്തേക്ക്

പ്രാചീന ഗവേഷണത്തിന്റെ പായ്‌വഞ്ചി പട്ടണം വിട്ട് ഇനി പമ്പാ തീരത്തേക്കും വഴിതിരിയാൻ സാധ്യത. പെരിയാറിന്റെ തീരത്തു കൊടുങ്ങല്ലൂർ തുറമുഖവുമായി ബന്ധപ്പെട്ടു പട്ടണം പ്രദേശത്താണു കേരളത്തിൽ ആദ്യമായി ആധുനിക ചരിത്രഗവേഷണത്തിനായി 2007–ൽ മണ്ണിളക്കുന്നത്. പ്രാചീന ചരിത്രത്തിലേക്കുള്ള ആദ്യവാതിലായി പട്ടണം മാറി. പ്രളയമിറങ്ങിയ പമ്പാ തീരത്തെ എക്കൽപുരയിടത്തിൽ തെളിഞ്ഞുവന്ന പ്രാചീന മൺശിൽപ്പങ്ങളും സമാനരീതിയിൽ ഗൗരവമുള്ളതാണെന്നു ചരിത്ര ഗവേഷകർ പറയുന്നു.

clay-models-6 ആറന്മുള ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിനു സമീപം പനവേലിൽ പുരയിടത്തിലെ മൺതിട്ടയ്ക്കുള്ളിൽ കണ്ടെത്തിയ പുരാതന മൺശിൽപ രൂപങ്ങൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ

ഡോ. എം.ജിഎസ്.നാരായണനെപ്പോലെയുള്ള മുതിർന്ന ഗവേഷകർ ഇവയ്ക്കു 2000 വർഷത്തെ പഴക്കമുണ്ടാകാമെന്നു പറയുന്നു. അത്രയും പഴക്കമില്ലെന്ന വാദമാണു മറ്റു ഗവേഷകരുടേത്. എന്തായാലും സൂക്ഷ്മപഠനം ആവശ്യപ്പെടുന്ന പുരാവസ്തുക്കളാണ് ഇതെന്നതിൽ ഗവേഷകർ ഒറ്റക്കെട്ടാണ്. ഇത് 15–ാം നൂറ്റാണ്ടിലേതാകാനാണു സാധ്യതയെന്നു പട്ടണം ഗവേഷണം മുൻ മേധാവിയും പുരാവസ്തു പഠനകേന്ദ്രമായ ട്രാൻസ് ഡിസിപ്ലിനറി ആർക്കിയോളജിക്കൽ സയൻസസ് മേധാവിയുമായ പ്രഫ. പി.ജെ.ചെറിയാൻ പറയുന്നു.

clay-models-1 ആറന്മുളയിൽ ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിനു സമീപം പനവേലിൽ പുരയിടത്തിലെ മൺതിട്ടയ്ക്കുള്ളിൽ കണ്ടെത്തിയ പുരാതന മൺശിൽപ രൂപങ്ങൾ പരിശോധിക്കുന്ന വീണാ ജോർജ് എംഎൽഎ. ചിത്രം: അരവിന്ദ് വേണുഗോപാൽ

കണ്ടെടുത്തവയിൽ മതപരമായ സൂചനകൾ കാണുന്നില്ല. കേരളത്തിൽനിന്നു പ്രാചീന മൺപ്രതിമകൾ അപൂർമായേ ലഭിച്ചിട്ടുള്ളൂ എന്നതും ഈ കണ്ടെത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. പ്രതിമകൾക്ക് ഉപയോഗിച്ച ചുവന്ന മണ്ണ് എവിടെനിന്നു കൊണ്ടുവന്നതാണെന്നു എക്സ്റേ പരിശോധനയിൽ പറയാൻ കഴിയും. നിർമാണ പശ്ചാത്തലം പ്രതിമാവിദഗ്ധരിലൂടെ ലഭിക്കും. മറ്റു തെളിവുകൾ കൂട്ടിയിണക്കി സത്യം പുറത്തുകൊണ്ടുവരാം. ഇതു പമ്പാതീരത്തും പുതിയ ചരിത്ര ഗവേഷണ സാധ്യതകൾ തുറക്കുകയാണ്.

clay-models-3 ആറന്മുള ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിനു സമീപം പനവേലിൽ പുരയിടത്തിലെ മൺതിട്ടയ്ക്കുള്ളിൽ കണ്ടെത്തിയ പുരാതന മൺശിൽപ രൂപങ്ങൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ
clay-models-4 ആറന്മുള ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിനു സമീപം പനവേലിൽ പുരയിടത്തിലെ മൺതിട്ടയ്ക്കുള്ളിൽ കണ്ടെത്തിയ പുരാതന മൺശിൽപ രൂപങ്ങൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ
clay-models-5 ആറന്മുള ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിനു സമീപം പനവേലിൽ പുരയിടത്തിലെ മൺതിട്ടയ്ക്കുള്ളിൽ കണ്ടെത്തിയ പുരാതന മൺശിൽപ രൂപങ്ങൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ

ബുദ്ധ–ജൈന വിഹാര കേന്ദ്രങ്ങൾ കൈമാറിയപ്പോൾ അവിടെ ഉണ്ടായിരുന്ന മനുഷ്യരൂപങ്ങൾ നദിയിൽ ഉപേക്ഷിച്ചതാണോ എന്നു ചിന്തിക്കാൻ വകയുണ്ടെന്നും പ്രഫ. ചെറിയാൻ വാദിക്കുന്നു. മധ്യകാലത്തെ കളിമൺ–വിഗ്രഹ നിർമാണ രീതിയുടെ കരവിരുതും നിർമാണ വിദ്യയും ഇതിൽ കാണാം. ചെണ്ണവീരാ ആഭരണകലയാണു പ്രകടമായിരിക്കുന്നത്. ആരെങ്കിലും ആരാധാനാലയങ്ങൾക്കു സംഭാവന നൽകിയതുമായിരിക്കാം.

300 മുതൽ 400 വർഷം വരെ പഴക്കമുള്ള വഴിപാടു പ്രതികമളാകാനാണു സാധ്യതയെന്നു ചരിത്രഗവേഷകൻ ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു. വോട്ടീവ് അഥവാ നേർച്ച രൂപത്തിൽ സമർപ്പിക്കുന്ന ചെറിയ പ്രതിമകളാണ് ഇവ. രോഗശമനത്തിനും കാര്യസിദ്ധിക്കും തടസ്സങ്ങൾ നീക്കാനും പഴയകാലത്തു ദക്ഷിണേഷ്യ മുഴുവൻ ഉപയോഗിച്ചിരുന്ന ഇവ എങ്ങനെ പമ്പാ തീരത്ത് എത്തിയെന്നതു സംബന്ധിച്ച സൂക്ഷ്മ ഗവേഷണം വേണം. മരച്ചുവടുകളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന രൂപത്തിൽ കേരളത്തിൽ ചിലയിടങ്ങളിൽനിന്ന് ഇവ ലഭിച്ചിട്ടുണ്ടെന്നും ഗുരുക്കൾ പറഞ്ഞു.

related stories