Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിച്ചഭൂമി തട്ടിപ്പു വിവാദം: സിപിഐ ജില്ലാ സെക്രട്ടറിയായി വിജയൻ ചെറുകര തിരിച്ചെത്തി

cpi-flag പ്രതീകാത്മക ചിത്രം.

കല്‍പ്പറ്റ ∙ മിച്ചഭൂമി തട്ടിപ്പു വിവാദത്തെത്തുടര്‍ന്നു രാജിവച്ച വിജയന്‍ ചെറുകര സിപിഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തു തിരിച്ചെത്തി. കൽപ്പറ്റയില്‍ നടന്ന സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസ്ഥാന എക്സിക്യുട്ടീവിന്റെ തീരുമാനം പ്രഖ്യാപിച്ചു.

വയനാട്ടിലെ കുറുമ്പാലക്കോട്ടയില്‍ മിച്ചഭൂമി പതിച്ചുനല്‍കാന്‍ ഇടനിലക്കാരനായി നിന്നുവെന്ന തരത്തിലുള്ള ഒളിക്യാമറ വാര്‍ത്ത 2018 ഏപ്രില്‍ 2ന് ഒരു ന്യൂസ് ചാനല്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നാണു വിജയൻ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചത്. സംസ്ഥാന കൗണ്‍സില്‍ അംഗം കെ.രാജന്‍ എംഎല്‍എയെ പകരം ചുമതല ഏല്‍പ്പിച്ചു.

ചാനല്‍ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും കുറ്റക്കാരനല്ലെന്നു പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു വിജയന്‍ ചെറുകരയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നും കാനം രാജേന്ദ്രന്‍ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി ഇ.ജെ.ബാബു, സി.എസ്.സ്റ്റാന്‍ലി എന്നിവരെയും എക്സിക്യുട്ടിവ് അംഗങ്ങളായി ജോണി മിറ്റത്തിലാനി, എം.വി.ബാബു, ഗീവര്‍ഗീസ്, ഡോ. അമ്പി ചിറയില്‍ എന്നിവരെയും തിരഞ്ഞെടുത്തു.