Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാവിനെ കൊന്നതുതന്നെ; യുപി പൊലീസിന്റെ വാദങ്ങള്‍ പൊളിച്ച് സിസിടിവി ദൃശ്യങ്ങള്‍

up-cm യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവേക് തിവാരിയുടെ കുടുംബത്തെ കാണുന്നു, വിവേകിന്റെ മരണത്തെത്തുടർന്ന് കരയുന്ന ഭാര്യ കൽപന

ലക്നൗ∙ ഉത്തര്‍പ്രദേശില്‍ ആപ്പിള്‍ കമ്പനി ജീവനക്കാരന്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ പൊലീസിന്‍റെ വാദങ്ങള്‍ തെറ്റാണെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികളായ പൊലീസുകാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു. കൊല്ലപ്പെട്ട വിവേക് തിവാരിയുടെ കുടുംബാംഗങ്ങള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചു. 

സംഭവത്തില്‍ യുപി സര്‍ക്കാരിനും പൊലീസിനും എതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് തിവാരിയുടെ ഭാര്യ കല്‍പനയെയും മറ്റു കുടുംബാംഗങ്ങളെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കണ്ടത്. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും മക്കളുടെ വിദ്യാഭ്യാസത്തിന് അഞ്ച് ലക്ഷം രൂപയും അമ്മയ്ക്ക് അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ആവശ്യമെങ്കില്‍ അന്വേഷണം സിബിഐയ്ക്ക് വിടാമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. 

വിഡിയോ കാണാം

തനിക്കു പറയാനുള്ളതെല്ലാം മുഖ്യമന്ത്രി കേട്ടതായി വിവേക് തിവാരിയുടെ ഭാര്യ കൽപന തിവാരി പറഞ്ഞു. ശക്തമായ നിലപാടെടുക്കാൻ ഇപ്പോൾ പ്രാപ്തയല്ല. മുഖ്യമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിൽ വിശ്വാസമുണ്ട്. അതിപ്പോൾ കൂടുതൽ ശക്തിയാർജിച്ചിരിക്കുന്നു– അവർ പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ മുതിര്‍ന്ന പൊലീസുകാര്‍ തന്നെ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി യുപി മന്ത്രി തന്നെ ആദിത്യനാഥ് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. 

ലക്നൗവില്‍ ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ആപ്പിള്‍ കമ്പനി സെയില്‍സ് മാനേജര്‍ വിവേക് തിവാരിയെ യുപി പൊലീസ് വെടിവെച്ചുകൊന്നത്. വാഹന പരിശോധനയ്ക്കിടെ വിവേക് തിവാരിയുടെ കാര്‍ തന്‍റെ നേര്‍ക്ക് അമിത വേഗത്തില്‍ പാഞ്ഞെത്തിയപ്പോള്‍ പ്രാണരക്ഷാര്‍ഥം വെടിവെച്ചതായാണ് പ്രതിയായ െപാലീസ് കോണ്‍സ്റ്റബിള്‍ പ്രശാന്ത് ചൗധരിയുടെ വാദം. എന്നാല്‍ വിവേക് തിവാരി സാധാരണ രീതിയിലാണു വാഹനമോടിച്ചതെന്നും യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി. 

തെറ്റായ എഫ്െഎആര്‍ തയാറാക്കി കേസ് അട്ടിമറിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്നും ഇവര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്നും യുപി നിയമമന്ത്രി ബ്രജേഷ് പഥക് അറിയിച്ചു. ഹിന്ദുക്കളെ കൊന്നും അധികാരത്തിലേറാന്‍ പറ്റുമെങ്കില്‍ ബിജെപി അതു െചയ്യുമെന്ന് പ്രതികരിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‍രിവാളിനെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി.