Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്‍ക്കത്തയിൽ സ്ഫോടനം: എട്ടുവയസ്സു പ്രായമുള്ള കുട്ടി മരിച്ചു, നാലുപേർക്കു പരുക്ക്

blast പ്രതീകാത്മക ചിത്രം

കൊൽക്കത്ത∙ കൊൽക്കത്തയിലെ നഗർബസാർ പ്രദേശത്തുണ്ടായ സ്ഫോടനത്തിൽ എട്ടു വയസ് പ്രായമുള്ള കുട്ടി മരിച്ചു. നാലു പേർക്കു പരുക്കേറ്റു. മേഖലയിലെ ബഹുനിലക്കെട്ടിടത്തിനു മുന്നിലാണു സ്ഫോടനമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന പഴക്കടയ്ക്കു പുറത്തു രാവിലെ ഒൻപതു മണിയോടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത്.

പരുക്കേറ്റവരെ ആർജി കർ‌ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിൽസ നൽകി. സ്ഫോടനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനു ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പ്രദേശത്തു പരിശോധന നടത്തുകയാണ്. തീവ്രതയേറിയ സ്ഫോടനമാണ് ഉണ്ടായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

തുടക്കത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണു കരുതിയത്. പക്ഷേ അതല്ല. സിഐഡി ബോംബ് സ്ക്വാഡ് സംഭവസ്ഥലം പരിശോധിച്ചു വരികയാണ്– ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ദംദം നഗരസഭാ ചെയർമാൻ പഞ്ചു റോയിയുടെ ഓഫിസും പ്രവർത്തിക്കുന്നത് സ്ഫോടനം നടന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള കെട്ടിടത്തിലാണ്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യമാക്കി അക്രമം അഴിച്ചുവിടുന്നവരാണു സ്ഫോടനത്തിനു പിന്നിലെന്നു പഞ്ചു റോയി ആരോപിച്ചു. സ്ഫോടനം ആസൂത്രിതമായിരുന്നെന്നും റോയി വ്യക്തമാക്കി.  

related stories