Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരവ് മോദിയുടെ തട്ടിപ്പ് കഴിഞ്ഞ കാര്യം; ഇപ്പോൾ വളർച്ചയുടെ പാതയിൽ: പിഎൻബി എംഡി

PNB Nirav Modi നീരവ് മോദി.

തിരുവനന്തപുരം ∙ വജ്രവ്യാപാരി നീരവ് മോദി 13,000 കോടിയോളം രൂപയുടെ വായ്പാതട്ടിപ്പു നടത്തിയതു പഞ്ചാബ് നാഷനൽ ബാങ്കിനെ സംബന്ധിച്ചു കഴിഞ്ഞുപോയ കാര്യമാണെന്നു മാനേജിങ് ഡയറക്ടർ സുനിൽ മേത്ത. ബാങ്കിന്റെ ലാഭവും വളർച്ചയുമാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. 2018–19 വർഷം ഇരുട്ടിൽനിന്നു ബാങ്ക് പുറത്തുവരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനുവരിയിൽ തട്ടിപ്പു പുറത്തുവന്നതോടെ ബാങ്ക് നിരവധി നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. വലിയ ആഘാതം താങ്ങാനുള്ള ശേഷി ബാങ്കിനുണ്ട്. പതുക്കെയാണെങ്കിലും വളർച്ചയുടെ പാതയിലെത്തിയതായും ഒരു ദേശീയ മാധ്യമത്തോടു അദ്ദേഹം വ്യക്തമാക്കി. കേരളത്തിനു പ്രളയദുരിതം മറികടക്കാൻ ബാങ്കിന്റേതായി അഞ്ചു കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയനു സുനിൽ മേത്ത കൈമാറി.

2018–19 സാമ്പത്തിക വർഷം ജൂൺ പാദത്തിൽ 940 കോടി രൂപയുടെ നഷ്ടം നേരിടുന്നതായാണു പിഎൻബി അറിയിച്ചിരുന്നത്. 2017–18 സാമ്പത്തിക വർഷം ഇതേ കാലയളവിൽ 343.40 കോ‌ടി രൂപ ലാഭത്തിലായിരുന്നു. വളർച്ചയ്ക്കായി 5431 കോടിയുടെ സഹായമാണു ബാങ്ക് സർക്കാരിൽനിന്നു ആവശ്യപ്പെടുന്നത്. തട്ടിപ്പു നടത്തിയ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ഇപ്പോള്‍ വിദേശത്താണ്. ന്യൂയോര്‍ക്കിലെ അപ്പാർട്ടുമെന്റുകൾ ഉൾപ്പെടെ നീരവ് മോദിയുടെ 637 കോടിയുടെ സ്വത്തുക്കൾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം കണ്ടുകെട്ടി.