Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിരാഹാരം നൂറു ദിവസവും പിന്നിട്ടു; ഗംഗയെ രക്ഷിക്കാൻ ജീവൻ വെടിയാനും ഒരുക്കം’

ഹരിദ്വാറിൽനിന്ന് വർഗീസ് സി. തോമസ്
swamy-njanaswaroopananda സ്വാമി ജ്ഞാനസ്വരൂപാനന്ദ

ഇന്ത്യയുടെ ജീവധാരയാണ് ഗംഗ. രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നദിയും ഗംഗ തന്നെ. അഞ്ചു സംസ്ഥാനങ്ങളിലും രണ്ടു രാജ്യങ്ങളിലുമായി 2500 കിലോമീറ്റർ വിസ്തൃതിയിൽ ഒഴുകിപ്പരക്കുന്ന ഗംഗയെ രക്ഷിക്കാനുള്ള സത്യഗ്രഹത്തിലൂടെ ഹരിദ്വാറിൽ മണി മുഴക്കുകയാണു സ്വാമി ജ്‌ഞാനസ്വരൂപാനന്ദ (86). നൂറു ദിവസവും പിന്നിട്ട് നിരാഹാരം ജീവന്മരണ ഘട്ടത്തിലേക്കു കടന്നിട്ടും സന്യാസിമാരുടെ വിലാപം ഗംഗയിലെ ചുഴികളിൽ വിലയം പ്രാപിക്കുന്നു.

ആശ്രമത്തിലെത്തുമ്പോൾ നട്ടുച്ച. സമീപത്തു ഗംഗയുടെ കൈവഴിയിൽ നിർമിച്ചിരിക്കുന്ന തടയണയ്‌ക്കു താഴെ ഗ്രാമീണരുടെ വളർത്തുമൃഗങ്ങൾ നീരാടുന്നു. പൊടിയും വെയിലും നിറഞ്ഞ ഹരിദ്വാറിലെ തിരക്കിൽനിന്നു മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷം. അതിഥികളെ കാത്ത് മോരുംവെള്ളം. ആശ്രമ ഗോശാല നിറയെ പശുക്കൾ. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകൾ വായിച്ച് പാതി കണ്ണടച്ച് ഇരിക്കയാണു സ്വാമി. കേരളത്തിൽനിന്നാണെന്ന് അറിഞ്ഞപ്പോൾ ആ കണ്ണുകളിൽ പ്രകാശഗംഗ.

കേന്ദ്രം കോടികളുടെ നമോഗംഗ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പുണ്യനദി മാലിന്യകാളിന്ദിയായി മാറുന്നു എന്ന പരാതിയിൽനിന്നാണ് സത്യഗ്രഹം ആരംഭിക്കുന്നത്. വാരാണസിയിലും അലഹബാദിലും മാത്രമല്ല, കാൺപൂർ മുതൽ കൊൽക്കത്ത വരെയും (ഹൂഗ്ലിനദി–പത്മാനദി) ഗംഗയിലേക്കാണു ഫാക്‌ടറി മാലിന്യം ഉൾപ്പെടെ നഗരങ്ങളുടെ മുഴുവൻ അഴുക്കും തള്ളുന്നത്.

Ganga River ഗംഗാ നദിക്കരയിൽനിന്ന്.

ജലപാനവും ഉപേക്ഷിക്കും; മരണം വരിക്കും

ജൂൺ 22ന് ആരംഭിച്ച സത്യഗ്രഹം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. നാരങ്ങാ വെള്ളം മാത്രം കുടിച്ചാണ് സമരം.

സമരത്തിനു പിന്തുണയേറിവരുന്നതുകണ്ട് ജൂലൈ പത്തിന് ഉത്തരാഖണ്ഡ് പൊലീസ് സ്വാമിയെ പിടികൂടി ഏതോ അജ്‌ഞാത സ്‌ഥലത്തേക്കു മാറ്റി. പിന്നീടു കോടതി ഇടപെട്ട് ഋഷികേശ് എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും തിരികെ വിടാൻ കോടതി വീണ്ടും ഉത്തരവിട്ടു.

സർക്കാർ നടപടിക്കായി ഒക്‌ടോബർ ഒൻപതു വരെ കാത്തിരിക്കുമെന്ന നിലപാടിലാണു സ്വാമി. അന്ന് അശ്വിന അമാവാസിയാണ്. ഗംഗാജിയെ രക്ഷിക്കാൻ ശക്‌തമായ നിയമനിർമാണവും ഇടപെടലും നടന്നില്ലെങ്കിൽ ജലപാനം കൂടി ഉപേക്ഷിച്ചു ശരീരത്തിൽനിന്നു ജീവൻ വെടിയും എന്ന കടുത്ത നിലപാടിലാണ് സ്വാമി ജ്‌ഞാനസ്വരൂപാനന്ദ. ഗംഗയെ അദ്ദേഹം വിളിക്കുന്നത് ഗംഗാജി എന്നാണ്. ബാല്യത്തിൽ മുത്തശ്ശി പറഞ്ഞുകൊടുത്ത പാഠം.

Ganga river pollution ഗംഗാനദിയിലേക്ക് മലിനജലം തള്ളിവിടുന്നതിനു സമീപത്തുകൂടി വള്ളത്തിൽ പോകുന്നയാൾ (ഫയൽ ചിത്രം).

ഗംഗയിലെ ഗന്ധകവും ചുണ്ണാമ്പുകല്ലും

ഓരോ 12 വർഷത്തിലും കുംഭമേള നടക്കുന്ന ഗംഗയിൽ ഖനന ലോബിയെ സംബന്ധിച്ചു ഗന്ധകവും സിമന്റും ഉത്പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്‌തുവിന്റെ നിക്ഷേപസ്‌ഥലം മാത്രമാണു ഗംഗയുടെ അടിത്തട്ട്. ഹരിദ്വാർ മുതൽ താഴെ ദാരിവാല വരെയുള്ള പ്രദേശം കഴിഞ്ഞ 20 വർഷത്തിലേറെയായി ആശ്രമസന്യാസിമാരും ഖനന ലോബിയും തമ്മിലുള്ള പോരാട്ടഭൂമിയാണ്. ജയിലിലായ സത്യഗ്രഹികളെ വധിക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ചിലർക്കു സംശയാസ്‌പദ സാഹചര്യത്തിൽ ജീവൻ തന്നെ നഷ്‌ടപ്പെട്ടു. ഇതിനെയെല്ലാം അതിജീവിച്ച് ഇപ്പോഴും മാത്രി സദൻ ആശ്രമം സമരപാതയിൽ തുടരുന്നു.

ഹിമാലയം വിട്ട് ഗംഗ സമതലങ്ങളിലേക്കു കടന്നു തുടങ്ങുന്നതു പുണ്യസ്ഥലമായ ഹരിദ്വാറിലാണ്. എന്നാൽ ഇവിടെനിന്ന് ഏകദേശം 22 കിലോമീറ്റർ ദൂരത്തിലാണു സിമന്റ് നിർമാണത്തിന് ഏറ്റവും അനുയോജ്യമായ ആറ്റുമണലും ഉരുളൻ കല്ലും ലഭിക്കുന്നത്. ഹിമാലയത്തിൽനിന്ന് ഓരോ പ്രളയകാലത്തിലും ധാതുസമ്പന്നമായ വെള്ളാരംകല്ല് ധാരാളമായി ഒഴുകിയെത്തും. ഇതു ലക്ഷ്യമിട്ടാണു ഖനനലോബി നദിയെ കൊള്ളയടിക്കുന്നതെന്നു പൂർവാശ്രമത്തിൽ കാൺപൂർ ഐഐടി പ്രഫസറും മലിനീകരണ നിയന്ത്രണ ബോർഡ് അംഗവുമായിരുന്ന സ്വാമി ആരോപിക്കുന്നു.

ഗംഗോത്രിക്കും ഉത്തരകാശിക്കും ഇടയിൽ അണകെട്ടി ഗംഗയെ തടസ്സപ്പെടുത്തി വൈദ്യുതി പദ്ധതി ആരംഭിക്കുന്നതിന് എതിരെ 2009ൽ സ്വാമി നടത്തിയ സമരം വിജയിച്ചു. നാലു ജലവൈദ്യുത പദ്ധതികളാണ് അന്നു നിർത്തിവച്ചത്.

അളകനന്ദ, മന്ദാകിനി, ദൗലിഗംഗ, ഭാഗീരഥി, നന്ദാകിനി എന്നീ കൈവഴികളിലെ ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുക, ഗംഗയുടെ രക്ഷയ്ക്കു പാർലമെന്റിൽ നിയമം നിർമിക്കുക, സമയമെടുക്കുമെങ്കിൽ ഓർഡിനൻസ് പുറപ്പെടുവിക്കുക – എന്നിങ്ങനെ പോകുന്നു സ്വാമിയുടെ ആവശ്യങ്ങൾ.

ഗംഗ ബോർഡിലെ എൻജിനീയർമാരിൽ മിക്കവർക്കും നദിയോട് സ്‌നേഹമില്ല. നദിയെ സ്‌നേഹിക്കുന്നവർ ഭരണതലത്തിൽ വന്നാലേ പദ്ധതി വിജയിക്കൂ. ഗംഗയെ രക്ഷിക്കാനുള്ള ബിൽ ഈ ശീതകാല സമ്മേളനത്തിൽ ലോക്‌സഭയിൽ അവതരിപ്പിക്കുമെന്ന ജലവിഭവ മന്ത്രി ഉമാഭാരതിയുടെ ഉറപ്പിന്മേൽ സത്യഗ്രഹം അവസാനിപ്പിക്കാനും സ്വാമി ഒരുക്കമല്ല. ഗംഗ പുനരുദ്ധാരണ മന്ത്രി നിഥിൻ ഗഡ്‌കരിയെ ചർച്ചയ്ക്ക് നിയോഗിച്ചെങ്കിലും സ്വാമി വഴങ്ങിയിട്ടില്ല.

Ganges River Pollution ഗംഗാനദിക്കരയിലെ മാലിന്യക്കൂമ്പാരം (ഫയൽ ചിത്രം)

പിന്തുണയുമായി പരിസ്ഥിതി പ്രവർത്തകർ

20,000 കോടിയുടെ നമാമി ഗംഗ പദ്ധതി നടപ്പിലാക്കിയിട്ടും ഗംഗയെ അഞ്ചു ശതമാനം പോലും ശുദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു സമരത്തിനു പിന്തുണയുമായി രാജസ്‌ഥാനിൽ നിന്നെത്തി ഹരിദ്വാറിൽ താമസിക്കുന്ന ഇന്ത്യയുടെ ജലമനുഷ്യനും മഗ്‌സസെ പുരസ്‌കാര ജേതാവുമായ ഡോ. രാജേന്ദ്ര സിങ് പറഞ്ഞു. നിഥിൻ ഗഡ്‌കരിക്കു ഗംഗാ പുനർജീവന മന്ത്രാലയത്തിന്റെ ചുമതല കൈമാറിയതു തന്നെ പദ്ധതിയുടെ പരാജയത്തിന്റെ സൂചനയാണെന്നാണ് ഇവരുടെ ആരോപണം. 2013ലെ കേദാർ നാഥ് പ്രളയം ഒരുപാഠവും പഠിപ്പിച്ചില്ല. ഗംഗ–യമുന നദികളുടെ ഉൽഭവസ്‌ഥാനത്ത് നൂറിലേറെ ജലവൈദ്യുത പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും ഇവർ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.