Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാക്ഷികളെ സ്വാധീനിച്ചേക്കാം; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളി

Bishop Franco Mulakkal

കൊച്ചി∙ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമദൃഷ്ടാ തെളിവുണ്ടന്നു വ്യക്തമാക്കിക്കൊണ്ടാണു കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഉന്നത നിലയിലുള്ള ആളാണു പ്രതി എന്നതിനാൽ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചുകൊണ്ടാണ് ജാമ്യാപേക്ഷയിൽ കോടതി വിധി.

കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളടക്കമുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുണ്ടെന്നും ഈ ഘട്ടത്തില്‍ ബിഷപ്പിനു ജാമ്യം നല്‍കുന്നതു കേസ് അട്ടിമറിക്കുന്നതിന് ഇടയാക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. അന്വേഷണം നിർണായക ഘട്ടത്തിലാണ്. ജാമ്യാപേക്ഷയുമായി പ്രതി കോടതിയെ സമീപിച്ചതു വളരെ നേരത്തെയാണ്. അറസ്റ്റിനുശേഷവും അന്വേഷണം പുരോഗമിക്കുകയാണ്. കേസ് ഡയറിയും തെളിവുകളും പ്രോസിക്യൂട്ടർ ഹാജരാക്കിയിരുന്നു. ഇതു വ്യക്തമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതുപ്പെടെ ബിഷപ്പിനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തിൽ ജാമ്യമനുവദിക്കുന്നതു ശരിയല്ലന്നും കോടതി വ്യക്തമാക്കി.

മാനഭംഗക്കേസ് ആയതിനാൽ കേസിന്റെ വിശദാംശങ്ങളിലേക്ക് ഈ ഘട്ടത്തിൽ കടക്കുന്നില്ലെന്നും മജിസ്‌ട്രേറ്റിനു മുന്നിൽ കന്യാസ്ത്രീ കൊടുത്ത രഹസ്യ മൊഴിയിൽ ബിഷപ്പിനു എതിരായ തെളിവുണ്ടന്നും വ്യക്തമാക്കിയാണു കോടതി ജാമ്യാപേക്ഷ തള്ളിയത്.

ബിഷപ്പിനെ ഭയമുള്ളതിനാലാണു പലരും അനുകൂല മൊഴി നൽകാനും മൊഴി മാറ്റാനും ശ്രമിക്കുന്നതെന്നു ഡിജിപി നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു. ബിഷപ്പിനെ ജാമ്യത്തിൽ വിട്ടാൽ അന്വേഷണത്തെ ബാധിക്കും. പീഡനക്കേസിന് അനുബന്ധമായി ഭീഷണി, സ്വാധീന ശ്രമങ്ങൾ ആരോപിച്ചുള്ള ഏതാനും കേസുകളുണ്ടെന്നും പ്രോസിക്യുഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

വ്യാജകേസാണെന്നും കന്യാസ്ത്രീക്കെതിരായ പരാതികളിൽ നടപടിയെടുത്തതിനു പിന്നിൽ ബിഷപ്പാണെന്നു കരുതിയാണ് ആരോപണങ്ങളെന്നും ബിഷപ്പിന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചിരുന്നു. ആരോപിക്കപ്പെട്ട സംഭവത്തിനു പിറ്റേന്നു നടന്നൊരു സ്വകാര്യ ചടങ്ങിൽ ബിഷപ്പും കന്യാസ്ത്രീയും ഒന്നിച്ചു പങ്കെടുത്തതിന്റെ ചിത്രങ്ങളും പ്രതിഭാഗം ഹാജരാക്കിയിട്ടുണ്ട്. പൊലീസ് സംഘം ജലന്തറിലെത്തി ഒൻപതു മണിക്കൂർ ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു, കേരളത്തിൽ വിളിച്ചുവരുത്തി മൂന്നു ദിവസം ചോദ്യം ചെയ്തു. വ്യവസ്ഥകൾക്കു വിധേയമായി ജാമ്യം നൽകാവുന്ന സാഹചര്യമാണുള്ളതെന്നുമാണു പ്രതിഭാഗം അഭിഭാഷകന്റെ വാദം.

related stories