Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയത്തിന്റെ വ്യാഴവട്ടക്കാലം; ഇന്ത്യയുടെ ഇന്ദ്ര നൂയി പെപ്സിയുടെ പടിയിറങ്ങുമ്പോൾ...

BKN-NBA-TO-ANNOUNCE-NEW-MARKETING-PARTNERSHIP-WITH-PEPSICO

ലോകമെമ്പാടും 26,000ത്തിലേറെ ജീവനക്കാരുണ്ടായിരുന്നു പെപ്സി കമ്പനി സിഇഒ ഇന്ദ്ര നൂയിയുടെ കീഴിൽ. നൂറിലേറെ ബ്രാൻഡുകളുടെ കാവാലാളായി നിൽക്കുമ്പോഴും ആഴ്ചയിലൊരിക്കൽ കടകളിൽ ഒരു സാധാരണക്കാരിയായി എത്തുന്നതും പതിവാക്കിയിരുന്നു ഇവർ. പെപ്സിയുടെ ഉൽപന്നങ്ങൾ എങ്ങനെയാണു സ്റ്റോറുകളിൽ ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയുകയായിരുന്നു ലക്ഷ്യം. അതിന്റെ ചിത്രങ്ങളെടുത്ത് ഡിസൈൻ/മാർക്കറ്റിങ് ടീമുകൾക്ക് അയച്ചു കൊടുക്കും. ഒപ്പം ഒരു കുറിപ്പുമുണ്ടാകും– അതിൽ നല്ല വാക്കുകളുണ്ടാകും വിമർശനങ്ങളും ഏറെ. സിഇഒ ആയി മാത്രമല്ല ഒരു ഉപഭോക്താവിന്റെ കണ്ണിലൂടെയും പെപ്സിയുടെ ഉൽപന്നങ്ങൾ കണ്ടു വിലയിരുത്തണമെന്നതായിരുന്നു ഇന്ദ്രയുടെ ആ നീക്കത്തിനു പിന്നിൽ.

1955 ഒക്ടോബർ 28ന് ചെന്നൈയിലെ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ഇന്ദ്ര 1994ൽ, തന്റെ 39–ാം വയസ്സിലാണ് പെപ്സിക്കൊപ്പം ചേരുന്നത്. 2006ൽ അവർ കമ്പനിയുടെ സിഇഒ സ്ഥാനത്തെത്തി. 12 വർഷത്തെ സേവനത്തിനൊടുവിൽ ഒക്ടോബർ മൂന്നിന് സിഇഒ സ്ഥാനമൊഴിയുമ്പോൾ എതിരാളികളേക്കാൾ ഒരുപടി മുന്നിലാണ് പെപ്സി. ഫാസ്റ്റ്ഫുഡ് ലേബലിൽനിന്ന് പെപ്സിയെ ഹെൽത്തി സ്നാക്സ്/ബവ്റിജസ് ബ്രാൻഡിലേക്കു മാറ്റി വിജയം കണ്ടതിന്റെ ക്രെഡിറ്റും ഇന്ദ്രയ്ക്കാണ്. അതിന്റെ ബലത്തിൽ ആഗോളതലത്തിൽ ഇക്കഴിഞ്ഞ 12 വർഷത്തിനിടെ പെപ്സി ഉൽപന്നങ്ങളുടെ വിൽപനയിൽ 80% വളർച്ചയാണുണ്ടായത്. കമ്പനി ഓഹരിയിൽ 2006 ഓഗസ്റ്റ് മുതലുണ്ടായത് 109 ശതമാനത്തിന്റെ വളർച്ച. 

ഒക്ടോബറിൽ ഇന്ദ്ര പടിയിറങ്ങുമ്പോൾ പുറത്തു വിട്ട വരുമാന റിപ്പോർട്ടിലും സകല പ്രവചനങ്ങളെയും മറികടക്കുന്ന വളർച്ചയാണ് പെപ്സി രേഖപ്പെടുത്തിയത്. വരുമാനം 1.5% വർധിച്ച് 1650 കോടി ഡോളറിലെത്തിയിരിക്കുന്നു. അടുത്ത വർഷം ആദ്യം വരെ കമ്പനിയുടെ ചെയർവുമൺ സ്ഥാനത്ത് ഇന്ദ്രയുണ്ടാകും. റാമോൺ ലഗ്വാർട്ടയാണ് ഇവർക്കു പകരം പെപ്സിയുടെ സിഇഒ സ്ഥാനത്തെത്തുന്നത്. ഇന്ദ്രയുടെ കാലത്ത് പെപ്സിയുടെ വളർച്ച എങ്ങനെയായിരുന്നു, വനിതാ സിഇഒമാരുടെ മേധാവിത്തം രാജ്യാന്തര തലത്തിൽ എങ്ങനെയാണ്...? അറിയാം ഇൻഫോഗ്രാഫിക്കുകളിലൂടെ...