Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവശ്യങ്ങൾ അംഗീകരിച്ചതായി സർക്കാർ; ഡൽഹിയിൽ പ്രവേശിച്ച കർഷകമാർച്ച് സമാപിച്ചു

kisan-kranti-padyatra കിസാൻ ക്രാന്തി പദയാത്ര ഡൽഹിയിലേക്ക് എത്തുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ

ന്യൂഡല്‍ഹി∙ കേന്ദ്ര സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഭാരതീയ കിസാൻ യൂണിയന്‍റെ ആഭിമുഖ്യത്തിൽ നടന്ന കിസാൻ ക്രാന്തി പദയാത്ര ഡൽഹിയിലെ കിസാൻ ഘട്ടിൽ സമാപിച്ചു. കർഷകർ ഡൽഹിയിൽ പ്രവേശിക്കുന്നതു തടയാനായി തീർത്ത ബാരിക്കേഡുകൾ പൊലീസ് അർധരാത്രിയോടെ നീക്കം ചെയ്തിരുന്നു. ഇതോടെ, ട്രാക്ടറുകളിലും ട്രോളികളിലുമായി തലസ്ഥാനത്ത് പ്രവേശിച്ച കർഷകർ കിസാൻ ഘട്ടിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നു. തങ്ങളുടെ മിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതായും സർക്കാരുമായുണ്ടാക്കിയ സമവായത്തിന്‍റെ അടിസ്ഥാനത്തിലാണു പ്രക്ഷോഭം അവസാനിപ്പിക്കുന്നതെന്നും കർഷകർ അറിയിച്ചു. സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾക്കായി അടുത്ത ആറു ദിവസം കാത്തിരിക്കുമെന്നും പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകർ ക്ഷീണിതരായതിനാൽ തൽക്കാലം അവരെ മടക്കി അയയ്ക്കുകയാണെന്നും ഭാരതീയ കിസാൻ യൂണിയൻ വക്താവ് വ്യക്തമാക്കി.

ഹരിദ്വാറിൽനിന്നു സെപ്റ്റംബർ‌ 23ന് ആരംഭിച്ച പ്രതിഷേധ യാത്രയിൽ ഉത്തർപ്രദേശിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകരാണ് അണിനിരന്നത്. ഡൽഹിയിൽ പ്രവേശിക്കാനായതു തങ്ങളുടെ വലിയ വിജയമാണെന്നും ഭാരതീയ കിസാൻ ഭാരവാഹികൾ പറഞ്ഞു. ഇന്നു പുലർച്ചെ രണ്ടോടെയാണു കർഷകർ കിസാൻ ഘട്ടിലെത്തിയത്. ആയിരക്കണക്കിനു കർഷകർ അണിനിരന്ന മാർച്ച് ഡൽഹി അതിർത്തിയിൽ എത്തിയതോടെ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

നേരത്തെ, ഡൽഹി ലക്ഷ്യമാക്കി നീങ്ങിയ കർഷകരെ ഉത്തർപ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദിൽ തടയാനുള്ള പൊലീസിന്‍റെ ശ്രമം സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അനുരഞ്ജന ശ്രമങ്ങളുമായി രംഗത്തെത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സർക്കാരിൽ വിശ്വാസമില്ലെന്നും മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ പ്രക്ഷോഭത്തിൽനിന്നു പിൻമാറില്ലെന്നുമായിരുന്നു ഇതിനോടുള്ള കർഷകരുടെ പ്രതികരണം.

വിളകൾക്കു ന്യായവില ഉറപ്പാക്കുക, കാർഷിക കടങ്ങൾക്ക് ഉപാധികളില്ലാതെ ഇളവു പ്രഖ്യാപിക്കുക, കരിമ്പു മില്ലുകള്‍ നൽകാനുള്ള കുടിശ്ശിക വിതരണം ഉറപ്പാക്കുക, സൗജന്യ വൈദ്യുതി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു കാൽനടയായും ട്രാക്ടറുകളിലും കർഷകർ പ്രക്ഷോഭ മാർച്ച് ആരംഭിച്ചത്. കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങി പ്രതിപക്ഷ നിരയിലെ പാർട്ടികൾ കർഷക പ്രക്ഷോഭത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.