Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല പ്രാദേശിക വിശ്വാസം; വികാരം കണക്കിലെടുക്കണം: ആർഎസ്എസ്

sabarimala

ന്യൂഡൽ‌ഹി∙ ശബരിമലയിലെ ‌സ്ത്രീപ്രവേശന വിഷയത്തിൽ മലക്കം മറിഞ്ഞ് ആർഎസ്എസ്. സുപ്രീംകോടതി വിധി മാനിക്കുന്നുണ്ടെങ്കിലും വിശ്വാസികളുടെ വികാരം കണക്കിലെടുക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു. സുപ്രീംകോടതി വിധി തിടുക്കപ്പെട്ടു നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. ശബരിമലയിലേതു പ്രദേശിക വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാരമ്പര്യം ഒറ്റയടിക്കു ബലം പ്രയോഗിച്ചു തകർക്കാൻ ശ്രമിച്ചാൽ പ്രതിഷേധമുണ്ടാവുക സ്വാഭാവികമാണ്. ആത്മീയാചര്യന്മാരും സമുദായ നേതാക്കളും വിഷയും ചർച്ച ചെയ്യുകയും തുടർ നിയമനടപടികൾ ആലോചിക്കുകയും വേണമെന്ന് ആർഎസ്എസ് അഭിപ്രായപ്പെട്ടു. ജാതിലിംഗ ഭേദമെന്യേ എല്ലാവർക്കും സ്ത്രീപ്രവേശനം വേണമെന്നതായിരുന്നു ശബരിമല വിഷയത്തിൽ ഇതുവരെ ആർഎസ്എസ് സ്വീകരിച്ച നിലപാട്. ഇതോടെ കേരളത്തിലെ ബിജെപിക്കു പരസ്യമായ നിലപാടടുക്കുന്നതിനു തടസ്സമുണ്ടായി. അണികൾ അസംതൃപ്തരാണെന്നറിഞ്ഞ ബിജെപി നേതൃത്വം പിന്നീട് കോടതിവിധിക്കെതിരെ രംഗത്തെത്തി. 

ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സര്‍ക്കാര്‍ പുനഃപരിശോധനാ ഹർജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിധിയില്‍ വിശ്വാസികള്‍ക്കു രണ്ടഭിപ്രായമുണ്ട്. അക്കാര്യങ്ങളെല്ലാം പരിശോധിച്ചാണു സുപ്രീംകോടതി വിധി പറഞ്ഞത്. നിയമവാഴ്ചയ്ക്കൊപ്പംനിന്നു തുടര്‍നടപടികള്‍ സ്വീകരിക്കാനേ സര്‍ക്കാരിനു കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. പുനഃപരിശോധനാ ഹർജി നൽകേണ്ടതില്ലെന്നു ദേവസ്വം ബോർഡ് യോഗവും തീരുമാനമെടുത്തു.