Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാലിൽ സ്വാധീനിക്കപ്പെടുമെന്ന് ആശങ്ക വേണ്ട; കോൺഗ്രസിന് സിഎജിയുടെ ഉറപ്പ്

Rafale fighter aircraft

ന്യൂഡൽഹി∙ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് സ്വാധീനിക്കപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഉറപ്പ്. ഭരണഘടനാപരമായി നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിച്ച് റിപ്പോര്‍ട്ട് തയാറാക്കുമെന്ന് സി‌എജി രാജീവ് മെഹർഷി ഉറപ്പുനല്‍കിയതായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. റിപ്പോര്‍ട്ടിനെ സ്വാധീനിക്കാന്‍ ധനമന്ത്രാലയം നീക്കം നടത്തുന്നതായി നേതാക്കള്‍ പരാതിപ്പെട്ടു. 

റഫാല്‍ ഇടപാടില്‍ റിലയന്‍സിന്റെ കടലാസ് കമ്പനിയെ ഉള്‍പ്പെടുത്തിയത് മോദി സര്‍ക്കാരിന്റെ സമ്മര്‍ദഫലമായിട്ടാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോൻദിന്റെ വെളിപ്പെടുത്തലും ഇടപാടുമായി ബന്ധപ്പെട്ട ഫയലില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വിയോജനക്കുറിപ്പ് എഴുതിയതും കോണ്‍ഗ്രസ് പ്രതിനിധി സംഘം സിഎജിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 

രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണു റഫാൽ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ സിഎജിയെ കാണുന്നത്. പ്രധാനമന്ത്രിക്ക് അനിൽ അംബാനിയോടു താൽപര്യം ഉണ്ടായതിനാലാണു ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ റഫാൽ കരാറിൽനിന്ന് ഒഴിവാക്കിയതെന്ന് ഫ്രാൻസ്വ ഒലോൻദ് പറഞ്ഞതായി മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ വ്യക്തമാക്കി. എന്നാൽ ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനാണ് റിലയൻസ് ഡിഫൻസിനെ പ്രതിരോധ പങ്കാളിയായി തിരഞ്ഞെടുത്തതെന്നാണു കേന്ദ്ര നിലപാട്. ഫ്രാൻസിൽ ഒലോൻദിനെതിരെ തന്നെ നിരവധി കുറ്റാരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് റഫാലിലെ അദ്ദേഹത്തിന്റെ നിലപാടു മാറ്റമെന്നു പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമൻ പ്രതികരിച്ചിരുന്നു.