Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാട്ടിൽ ഡാമുകൾ പരമാവധി ശേഷിക്കടുത്ത്; തുറക്കണമെന്ന് കേരളം

Solaiyar Dam ഷോളയാർ ഡാം (ഫയല്‍ ചിത്രം)

തിരുവനന്തപുരം∙ തമിഴ്നാടിന്‍റെ നിയന്ത്രണത്തില്‍ ഉള്ള എല്ലാ ഡാമുകളും പരമാവധി സംഭരണശേഷിക്കടുത്തെത്തിയെന്ന് കേരള ദുരന്തനിവാരണ അതോറിറ്റി. അതിനാൽ ഇവ മുന്‍കൂട്ടി തുറന്നു വിടാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണമെന്നു കേന്ദ്ര ജലകമ്മിഷനോട് ആവശ്യപ്പെടും. ഷോളയാര്‍ അണകെട്ടിലെ ജലനിരപ്പ് പ്രവചിക്കപ്പെട്ട മഴ കൂടി കണക്കിലെടുത്ത് ആവശ്യത്തിനു കുറച്ചു നിര്‍ത്താനുള്ള നടപടി സ്വീകരിക്കാന്‍ കെഎസ്ഇബിയോടു നിര്‍ദേശിച്ചെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.

യോഗത്തിലെ മറ്റു തീരുമാനങ്ങൾ:

∙ ഡാമുകള്‍ നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് എൻജിനീയര്‍മാര്‍ നിരന്തരം കലക്ടർമാരുമായി സമ്പർക്കം പുലർത്തണം. മുൻകൂട്ടി കലക്ടർമാരെ അറിയിച്ച് അനുമതി വാങ്ങിയതിനുശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ പാടുള്ളു.
∙ അണക്കെട്ടുകള്‍ തുറക്കുന്നത് വേലിയേറ്റ, വേലിയിറക്ക സാഹചര്യവും കൂടി പരിഗണിച്ച് വേണം.
∙ കെഎസ്ഇബിയുടെയും, ജല വിഭവ വകുപ്പിന്‍റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകള്‍ നല്‍കും.
∙ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിലെ ഉപഗ്രഹ ഫോണ്‍, കക്കി-ആനത്തോട് ഡാം എക്സിക്യൂട്ടീവ് എൻജിനീയര്‍ക്ക് താല്‍കാലികമായി, 10-10-2018 വരെ നല്‍കും.
∙ സംസ്ഥാന അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് തീരരക്ഷാ സേനാ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും കേരളത്തിന്‍റെ തീരത്തോട് അടുത്തുള്ള അറബിക്കടല്‍ മേഖലയില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് മൈക്കിലൂടെയും റേഡിയോ വഴിയും നൽകുന്നുണ്ട്.

ഇടുക്കി ജില്ലയിൽ ഒക്ടോബര്‍ ആറു വരെ ഓറഞ്ചു അലര്‍ട്ടും ഏഴിന് റെഡ് അലര്‍ട്ടും എട്ടിന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ ആറിന് ഓറഞ്ച് അലർട്ടും ഏഴിന് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.