Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ ഇന്ത്യൻ കരുത്ത്; റിതാ ബരൻവാൾ ആണവ ഊർജ അസി.സെക്രട്ടറി സ്ഥാനത്തേക്ക്

rita-baranwal-gain-linkedin റിതാ ബരൻവാൾ

വാഷിങ്ടൻ∙ യുഎസ് ആണവോർജ വിഭാഗത്തിന്റെ സുപ്രധാന സ്ഥാനത്തേക്ക് ഇന്ത്യൻ വംശജയെ ശുപാർശ ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ വേരുകളുള്ള റിതാ ബരൻവാളിനെയാണ് ആണവോർജ‌ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്കു ശുപാർശ ചെയ്തുകൊണ്ട് വൈറ്റ്ഹൗസ് ഉത്തരവു പുറത്തിറക്കിയത്. ഇതിന് അമേരിക്കൻ സെനറ്റിന്റെ അംഗീകാരം കൂടി വേണം. ആണവ സാങ്കേതിക ഗവേഷണം, ആണവ സൗകര്യങ്ങളുടെ വികസനം, നടത്തിപ്പ് തുടങ്ങിയ ഒട്ടേറെ ചുമതലകൾ വഹിക്കേണ്ട സ്ഥാനത്തേക്കാണു റിതയുടെ വരവ്.

എംഐടിയിൽനിന്നു മെറ്റീരിയൽസ് സയൻസിലും എൻഞ്ചിനീയറിങ്ങിലും ബിരുദം നേടിയ റിതാ ബരൻവാൾ മിഷിഗൻ സർവകലാശാലയിൽനിന്നു ഗവേഷണവും പൂർത്തിയാക്കിയിട്ടുണ്ട്. എംഐടി മെറ്റീരിയൽസ് ഗവേഷണ ലബോറട്ടറി ഉപദേശക, ആണവ പദ്ധതിയായ ‘ഗെയിൻ’ന്റെ ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

യുഎസിലെ ആധുനിക റിയാക്ടറുകളുടെ വികസനത്തിനു വഴിവയ്ക്കുന്ന നിയമനിർമാണത്തിനു തുടക്കം കുറിച്ച് ഒരാഴ്ചയ്ക്കു ശേഷമാണു സുപ്രധാന പദവിയിലേക്കു റിതയെ ശുപാർശ ചെയ്തതെന്നതു ശ്രദ്ധേയമാണ്.