Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണക്കെട്ടുകൾ സംഭരണശേഷിക്കടുത്ത്; ആശങ്ക വേണ്ടെന്ന് ഭരണകൂടം

Cheruthoni Dam | Idukki Dam ഇടുക്കി അണക്കെട്ട് (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ന്യൂനമര്‍ദ ഭീഷണി നിലനില്‍ക്കെ സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിക്ക് അടുത്തു തുടരുന്നു. കാലാവസ്ഥാ പ്രവചനം പോലെ അതിതീവ്ര മഴയുണ്ടായാല്‍ ഡാമുകള്‍ വീണ്ടും തുറന്നുവിടേണ്ട സ്ഥിതി വരും. എങ്കിലും ആശങ്ക വേണ്ടെന്നു ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വരുദിവസങ്ങളില്‍ അതിശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണു കാലാവസ്ഥാപ്രവചനം. ഇടുക്കി അണക്കെട്ടില്‍ ആകെ സംഭരണശേഷിയുടെ 82 ശതമാനമാണു നിലവിലെ ജലനിരപ്പ് – 2387.74 അടി. മുല്ലപ്പെരിയാറില്‍ 127.5 അടിയാണു ജലനിരപ്പ്. ആനയിറങ്കലില്‍ ജലനിരപ്പ് പരാമവധി സംഭരണശേഷിയിലെത്തി – 1200.26 മീറ്റര്‍. കുണ്ടള ഡാമിലെ ജലനിരപ്പ് 96 ശതമാനത്തിലെത്തി – 5768.70 മീറ്ററാണ്.

മുന്‍കരുതല്‍ നടപടിയായി മാട്ടുപ്പെട്ടി ഡാമിലെ രണ്ടു ഷട്ടറുകള്‍ തുറന്നു. ഘട്ടംഘട്ടമായി 25 ക്യുമെക്‌സ് വെള്ളം ഹെഡ് വര്‍ക്ക്സ് ഡാമിലേക്കാണ് ഒഴുക്കുന്നത്. പമ്പയില്‍ 975.45 മീറ്ററും കക്കി ഡാമില്‍ 975.003 മീറ്ററുമാണ് ആണ് ജലനിരപ്പ്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകൾ തുറന്നിരിക്കുകയാണ്. നിലവിലെ ജലനിരപ്പ് 420.3 മീറ്ററാണ്. ഷോളയാർ ഡാമില്‍ നിലവിൽ 2,658 അടിയാണ് ജലനിരപ്പ്.

പീച്ചി ഡാമിന്റെ നാലു ഷട്ടറുകൾ ഒരിഞ്ചു വീതം തുറന്നിരിക്കുന്നു. നിലവിലെ ജലനിരപ്പ് – 78.64 മീറ്റര്‍. 115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുളള മലമ്പുഴ അണക്കെട്ടില്‍ 113.95 മീറ്റര്‍ വെളളം നിലവിലുണ്ട്. 77.88 മീറ്റര്‍ പരമാവധി സംഭരണശേഷിയുളള മംഗലംഡാമിന്റെ നാലു ഷട്ടറുകള്‍ വഴി അഞ്ചു സെന്റിമീറ്റര്‍ വീതം വെളളം തുറന്നുവിടുന്നു. നിലവില്‍ 77.10 മീറ്റര്‍ വെളളമാണ് അണക്കെട്ടിലുളളത്. നെല്ലിയാമ്പതി മലനിരകളില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ പോത്തുണ്ടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടാകുമെന്നതിനാല്‍ നെല്ലിയാമ്പതിയിലേക്കുളള വിനോദ സഞ്ചാരികളുടെ യാത്രയ്ക്കു നിരോധനം ഏര്‍പ്പെടുത്തി.