Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുടിനെത്തി; മോദിയുമായി കൂടിക്കാഴ്ച ഇന്ന്, സുപ്രധാന പ്രതിരോധ കരാറുകളിൽ ഒപ്പുവയ്ക്കും

Vladimir Putin, Narendra Modi രണ്ടു ദിവസത്തെ സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം. ചിത്രം ∙ പിടിഐ

ന്യൂഡൽഹി∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനു ഉജ്വല സ്വീകരണം. രാത്രി ഏഴിനു ഡൽഹിയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സ്വീകരിച്ചു. പ്രതിരോധ മേഖലയിലുൾപ്പെടെ സുപ്രധാന കരാറുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും ഇന്ന് ഒപ്പുവയ്ക്കും. വ്യോമ പ്രതിരോധത്തിനുള്ള അത്യാധുനിക മിസൈൽ സംവിധാനമായ എസ് 400 ട്രയംഫ് റഷ്യയിൽനിന്നു വാങ്ങുന്നതു സംബന്ധിച്ച കരാറാണ് ഇതിൽ പ്രധാനം. 39,000 കോടി രൂപയ്ക്ക് 5 എസ് 400 മിസൈലുകൾ ഇന്ത്യ വാങ്ങുമെന്നാണു സൂചന. റഷ്യയിൽനിന്നു 4 ചെറു യുദ്ധക്കപ്പലുകൾ നാവികസേനയുടെ ഭാഗമാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. 

രണ്ടെണ്ണം റഷ്യയിൽനിന്നു വാങ്ങാനും ബാക്കിയുള്ളവ സാങ്കേതിക വിദ്യാ കൈമാറ്റത്തോടെ ഗോവ ഷിപ്‌യാർഡിൽ നിർമിക്കാനുമുള്ള 15,840 കോടി രൂപയുടെ പദ്ധതിക്കു സുരക്ഷാകാര്യ മന്ത്രിതല സമിതി അംഗീകാരം നൽകിയിരുന്നു. ഇതുസംബന്ധിച്ച കരാർ പ്രഖ്യാപനവും ഇന്നുണ്ടായേക്കും.

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുയരുന്ന തീവ്രവാദ ഭീഷണി, ഇറാനിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള യുഎസ് ഉപരോധം എന്നീ വിഷയങ്ങളിലും മോദിയും പുടിനും ചർച്ച നടത്തും. 19–ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിലും പങ്കെടുക്കുന്ന പുടിൻ, രാഷ്ട്രപതി റാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നു വൈകിട്ടു മടങ്ങും. 

related stories