Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ ഏറ്റവും ധനികനായി മുകേഷ് അംബാനി; മലയാളികളിൽ എം.എ.യൂസഫലി

ma-yusuf-ali-mukesh-ambani എം.എ.യൂസഫലി, മുകേഷ് അംബാനി.

മുംബൈ∙ ഇന്ത്യയിലെ ഏറ്റവും ധനികനെന്ന സ്ഥാനം തുടർച്ചയായ 11–ാം വർഷവും നിലനിർത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 47.3 ബില്യൻ ഡോളറാണു മുകേഷ് അംബാനിയുടെ ആകെ സമ്പാദ്യമെന്നു ഫോബ്സ് പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഈ വർഷം ഏറ്റവുമധികം നേട്ടമുണ്ടാകിയതും മുകേഷാണ്– 9.3 ബില്യൻ ഡോളർ.

റിലയൻസ് ജിയോയുടെ കുതിപ്പാണു മുകേഷ് അംബാനിയുടെ തുടർവിജയത്തിന്റെ പ്രധാന കാരണം. വിപ്രോ ചെയർമാൻ അസിം പ്രേംജി രണ്ടാംസ്ഥാനം നിലനിർത്തി. രണ്ടു ബില്യൻ ഡോളർ കൂട്ടിച്ചേർത്ത അസിം പ്രേംജി, സമ്പാദ്യം 21 ബില്യൻ ഡോളറാക്കി ഉയർത്തി. ആർസലർ മിത്തൽ ചെയർമാനും സിഇഒയുമായ ലക്ഷ്മി മിത്തലാണു മൂന്നാമത്. 1.8 ബില്യൻ ഡോളർ കൂട്ടിച്ചേർത്ത മിത്തൽ, സമ്പാദ്യം 18.3 ബില്യനാക്കിയാണ് ഉയർത്തിയത്.

പ്രവാസി വ്യവസായി എം.എ.യൂസഫലിയാണു മിഡിൽ ഈസ്റ്റിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരൻ. ഏറ്റവും ധനികനായ മലയാളിയും ഇദ്ദേഹമാണ്. 26–ാം സ്ഥാനത്തുള്ള യൂസഫലിയുടെ സമ്പാദ്യം 4.75 ബില്യൻ ഡോളർ. 3.9 ബില്യൻ ഡോളറുമായി 33–ാം സ്ഥാനത്തുള്ള രവി പിള്ളയാണു പട്ടികയിലെ രണ്ടാമത്തെ മലയാളി. മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനി 68–ാം സ്ഥാനത്താണ്; സമ്പാദ്യം 2.44 ബില്യൻ ഡോളർ.

18 ബില്യൻ ഡോളറുമായി ഹിന്ദുജ സഹോദരന്മാർ നാലാമതും 15.7 ബില്യൻ ഡോളറുമായി പല്ലോൻജി മിസ്ത്രി അഞ്ചാമതുമുണ്ട്. 100 ഇന്ത്യൻ ധനികരുടെ പട്ടികയാണു ഫോബ്സ് പുറത്തിറക്കിയത്. ശിവ് നാടാർ (14.6 ബില്യൻ ഡോളർ), ഗോദ്റേജ് കുടുംബം (14 ബില്യൻ ഡോളർ), ദിലീപ് സാങ്‌വി (12.6 ബില്യൻ ഡോളർ), കുമാർ ‌ബിർള (12.5 ബില്യൻ ഡോളർ), ഗൗതം അദാനി (11.9 ബില്യൻ ഡോളർ) എന്നിവരാണു ആദ്യ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

related stories