Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൂവറി: സർക്കാർ തള്ളിപ്പറയുന്നത് സുപ്രീം കോടതി ശരിവച്ച നയം

beer പ്രതീകാത്മക ചിത്രം

കൊച്ചി ∙ കൂടുതൽ മദ്യനിർമാണശാലകൾ വേണ്ടെന്ന 1999ലെ നയം മാറ്റാതെ പുതിയ അപേക്ഷകർക്ക് അനുമതി നൽകിയത് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാർ കൈക്കൊണ്ട നിലപാടുകൾ കാറ്റിൽ പറത്തിക്കൊണ്ട്. കണ്ടത്ത് ഡിസ്റ്റിലറീസും സർക്കാരും തമ്മിൽ സുപ്രീം കോടതി വരെ നീണ്ട കേസിൽ 1999ലെ മന്ത്രിസഭാ തീരുമാനം ചൂണ്ടിക്കാട്ടിയിരുന്നു.

14 വർഷം നീണ്ട കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും പിന്നീട് സുപ്രീം കോടതിയിലും മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നികുതി വകുപ്പിന്റെ 689/99 ഉത്തരവ് സർക്കാർ ഉയർത്തിപ്പിടിച്ചു. 1998നു ശേഷം ഒറ്റ അപേക്ഷയും പരിഗണിച്ചിട്ടില്ലെന്നു സുപ്രീം കോടതിയെ ധരിപ്പിച്ചു. മദ്യശാലകൾ വേണ്ടെന്നതാണു നയം എന്നായിരുന്നു നായനാർ, ആന്റണി, വിഎസ്, ഉമ്മൻ ചാണ്ടി സർക്കാരുകളുടെ വാദം. ഹൈക്കോടതിയുടെ 4 വിധികളും കണ്ടത്ത് ഡിസ്റ്റിലറീസിന് അനുകൂലമായിരുന്നെങ്കിലും, ഒടുവിൽ സുപ്രീം കോടതി 2013ൽ സർക്കാർ ഭാഗം ശരിവച്ചു.

നയം തീരുമാനിക്കാനും മാറ്റാനും സർക്കാരിന് അവകാശമുണ്ടെന്നു വ്യക്തമാക്കിയായിരുന്നു വിധി. 1999ലെ ഉത്തരവ് അന്നത്തെ അപേക്ഷകൾക്കുമാത്രമാണു ബാധകം എന്നാണു മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത്. 4 സർക്കാരുകൾ ഉന്നയിച്ചതും സുപ്രീം കോടതി ശരിവച്ചതുമായ നിലപാടാണു മുഖ്യമന്ത്രി നിരാകരിച്ചത്. 

വ്യാജരേഖ: ഉണ്ണിക്കൃഷ്ണന് എതിരെ വിജിലൻസ് റിപ്പോർട്ടും

തിരുവനന്തപുരം ∙ ബീയർ ഉൽപാദനശാലയ്ക്ക് (ബ്രൂവറി) സ്ഥലം അനുവദിച്ചതിൽ ആരോപണവിധേയനായ കിൻഫ്ര ജനറൽ മാനേജർ ടി. ഉണ്ണിക്കൃഷ്ണൻ വ്യാജരേഖ ഹാജരാക്കിയാണു ജോലി നേടിയതെന്ന് നേരത്തേ തന്നെ വിജിലൻസ് റിപ്പോർട്ട്.

കിൻഫ്രയെ വഞ്ചിച്ചതിന് ഉണ്ണിക്കൃഷ്ണനെതിരെ ഐപിസി 417 പ്രകാരം കേസ് എടുക്കണമെന്നു നിർദേശിച്ചാണു 2017 ജനുവരിയിൽ ഡിവൈഎസ്പി വി.ശ്യാം കുമാർ റിപ്പോർട്ട് നൽകിയത്. നിയമനം നടത്തിയവർക്കെതിരെയും നടപടി നിർദേശിച്ചിരുന്നെങ്കിലും വിജിലൻസ് മേധാവി ഇതുവരെ അനങ്ങിയിട്ടില്ല.

∙ 'ബ്രൂവറി – ഡിസ്റ്റിലറി അനുമതി മന്ത്രിസഭ ചർച്ച ചെയ്തില്ലെന്ന വാദത്തിൽ കഴമ്പില്ല. എക്സൈസ് വകുപ്പു മാത്രം തീരുമാനിച്ചാൽ മതിയെന്നു ബ്രൂവറി ചട്ടങ്ങളിൽ പറയുന്നുണ്ട്.' - മുഖ്യമന്ത്രി പിണറായി വിജയൻ