Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുപ്രവർത്തനം അഭിനയമാക്കില്ലെന്ന് വിജയ്; രാഷ്ട്രീയത്തിലേക്കെന്ന് സൂചന

vijay

ചെന്നൈ∙ സ്റ്റൈൽ മന്നൻ രജനീകാന്തിനും ഉലക നായകൻ കമൽ ഹാസനും ശേഷം ഇനി ഇളയ ദളപതി വിജയ്‌യുടെ ഊഴമോ?. പുതിയ ചിത്രമായ സർക്കാരിലെ പാട്ടുകൾ പുറത്തിറക്കുന്ന ചടങ്ങിൽ വിജയ് നടത്തിയ പ്രസംഗത്തോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകൾ തമിഴകത്തു ചൂടുപിടിച്ചു. കഴിഞ്ഞ ദീപാവലി സീസണിൽ പുറത്തിറങ്ങിയ മെർസൽ സിനിമയ്ക്കു പിന്നാലെ സമാനമായ ചർച്ചകൾ നടന്നിരുന്നു. സിനിമയിലെ കേന്ദ്ര സർക്കാരിനെതിരായ പരാമർശങ്ങൾ വൻ വിവാദത്തിനു കാരണമാകുകയും ചെയ്തു.

സർക്കാർ സിനിമയിൽ മുഖ്യമന്ത്രിയായിട്ടാണോ അഭിനയിക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. യഥാർഥ ജീവിതത്തിൽ മുഖ്യമന്ത്രിയായാൽ എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിനു നൽകിയ മറുപടിയാണു വ്യാഖ്യാനങ്ങൾക്ക് ഇട നൽകിയത്- അങ്ങനെയെങ്കിൽ ഞാൻ മുഖ്യമന്ത്രിയായി അഭിനയിക്കില്ല. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി സത്യസന്ധമായി പ്രവർത്തിക്കും. ഇത് രാഷ്ട്രീയ പ്രവേശനത്തിനു ശേഷവും സിനിമയിൽ സജീവമായി തുടരുന്ന രജനീകാന്തിനും കമൽ ഹാസനും എതിരായ ഒളിയമ്പാണെന്ന വ്യാഖ്യാനം വന്നുകഴിഞ്ഞു.

പൊതുവേ മിതഭാഷിയായ വിജയ് ചടങ്ങിൽ നടത്തിയ ദീർഘ പ്രസംഗവും കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളുമാണു ചർച്ചകൾക്ക് വഴിമരുന്നിട്ടത്. ചില സാംപിളുകൾ.

∙ മുഖ്യമന്ത്രിയായാൽ സംസ്ഥാനത്തു നിന്ന് അഴിമതി തുടച്ചുനീക്കുന്നതിനായിരിക്കും മുൻഗണന.
∙ സാധാരണ എല്ലാവരും ഒരു പാർട്ടി രൂപീകരിക്കും. തിരഞ്ഞെടുപ്പിൽ മൽസരിക്കും. പിന്നീട് സർക്കാർ രൂപീകരിക്കും. നമ്മൾ ആദ്യം സർക്കാർ രൂപീകരിക്കുന്നു. പിന്നീട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നു.
∙ കരുത്തനായ നേതാവുണ്ടെങ്കിൽ സംസ്ഥാനത്തിനു കരുത്തുറ്റ സർക്കാർ ലഭിക്കും. അതിനു സമയമെടുക്കും.

യുവ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിജയ്, ജെല്ലിക്കെട്ട്, നീറ്റ് വിരുദ്ധ പോരാട്ടങ്ങളിൽ സജീവമായിരുന്നു. വിജയ്‌ക്കു രാഷ്ട്രീയത്തിലിറങ്ങാൻ പദ്ധതിയുണ്ടെന്നു പിതാവ് എസ്.എ.ചന്ദ്രശേഖർ നേരത്തെ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചടങ്ങിൽ പങ്കെടുത്ത ആരാധകർ വിജയ്‌യുടെ പ്രഖ്യാപനത്തെ ഹർഷാരവത്തോടെയാണ് എതിരേറ്റത്.

രാഷ്ട്രീയത്തിൽ ഇറങ്ങിയവരുടെ അവസ്ഥ ഇങ്ങനെ

രജനീകാന്ത്: സ്വന്തം പാർട്ടി രൂപീകരിച്ചു നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നു പ്രഖ്യാപിച്ച് ഒരു വർഷം പൂർത്തിയായെങ്കിലും പാർട്ടി പ്രഖ്യാപിച്ചിട്ടില്ല.
ആരാധക കൂട്ടായ്മയായ രജനി മക്കൾ മൺട്രത്തെ സംഘടനാ ചട്ടക്കൂട്ടിലേക്കു കൊണ്ടുവരുന്നതിന്റെ നടപടികൾ പുരോഗമിക്കുന്നു.

കമൽഹാസൻ: മക്കൾ നീതി മയ്യം എന്ന പാർട്ടി പ്രഖ്യാപിച്ച് പ്രവർത്തനങ്ങളിൽ സജീവം. ഇതിനകം ഒട്ടേറെ ജില്ലകളിൽ പര്യടനം നടത്തി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കും. ജനങ്ങൾക്കിടയിൽ പ്രതീക്ഷിച്ച സ്വാധീനമുണ്ടാക്കാനായില്ലെന്നു വിലയിരുത്തൽ.

വിശാൽ: ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ച് രാഷ്ട്രീയ പ്രവേശനത്തിനു ശ്രമം. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പത്രിക തള്ളിയപ്പോൾ ആദ്യ തിരിച്ചടി. ഫാൻസ് അസോസിയേഷനുകളെ ഒറ്റ കുടക്കീഴിലാക്കിയും പതാക പുറത്തിറക്കിയും രാഷ്ട്രീയ മോഹം സജീവമാക്കി നിർത്തുന്നു.

സിനിമയിൽ വിജയ്‌ക്കു മുഖ്യമന്ത്രിയുടെ വേഷം അഭിനയിക്കാം. ജനം കൈയടിക്കും. യഥാർഥ ജീവിതത്തിൽ അത് എളുപ്പമല്ല. അതിനു ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. വേദിയിൽ വലിയ പ്രസംഗം നടത്തിയ ശേഷം താരങ്ങൾ നേരെ പോകുന്നതു കാരവന്റെ കുളിർമയിലേക്കാണ് – ആർ.ബി.ഉദയകുമാർ (മന്ത്രി)