Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാന നൊബേൽ രണ്ടുപേർക്ക് – നാദിയാ മ‌ുറാദ്, ഡെന്നിസ് മുക്‌വെഗേ

Denis Mukwege, Nadia Murad

സ്റ്റോക്കോം∙ സംഘർഷങ്ങളിലും യുദ്ധങ്ങളിലും പീഡനങ്ങളുടെയും അടിച്ചമർത്തലിന്റെയും സമാന്തരലോകം തുറന്നുകാട്ടിയ സഹനപോരാളികൾക്കു സമാധാന നൊബേൽ പുരസ്കാരം – നാദിയാ മ‌ുറാദ്, ഡോ. ഡെന്നിസ് മുക്‌വെഗെ എന്നിവർക്കാണു പുരസ്കാരം. യുദ്ധങ്ങളിലും സംഘർഷങ്ങളിലും ലൈംഗിക അതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരെയുള്ള ഇരുവരുടെയും പോരാട്ടമാണു പുരസ്കാരത്തിന് അർഹരാക്കിയത്. ഐഎസ് ഭീകരതയിൽനിന്നു രക്ഷപ്പെട്ട യസീദി വംശജയാണ് നദിയാ മുറാദ്. ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ ഡോക്ടറാണ് ഡെന്നിസ് മുക്‌വെഗേ.

കോംഗോയിൽ സ്ത്രീകളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രക്ഷോഭം നയിക്കുന്നതിൽ പുലർത്തിയ ശക്തമായ നിലപാടുകളെ മാനിച്ചാണ് ഡോ. ഡെന്നീസ്‌ മുക്‌വെഗെ നൊബേൽ സമ്മാനത്തിന് അർഹനായത്. ഗൈനക്കോളജിസ്റ്റായ അദ്ദേഹം മാനഭംഗത്തിന് ഇരകളായ പതിനായിരക്കണക്കിനു സ്ത്രീകൾക്കാണു ചികിത്സ നല്‍കിയത്. സംഘർഷങ്ങളിൽ ലൈംഗികപീഡനത്തിനിരയാകുന്ന സ്ത്രീകൾക്കൊപ്പം നിലകൊളളുകയും അവയ്ക്കെതിരായ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയാകുകയും ചെയ്തു. ലൈംഗിക പീഡനത്തിന് ഇരയായ 30,000ൽ അധികം സ്ത്രീകളെയാണ് ഡെന്നിസ് മുക്‌വെഗേയും സംഘവും ചികിൽസിച്ചത്.

ഇറാഖിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരിയായ നാദിയ മുറാദ് ബാസി താഹ യുദ്ധത്തിൽ പീഡനങ്ങൾക്ക് ഇരയാകുന്ന സ്ത്രീത്വത്തിന്റെ ജീവിക്കുന്ന പ്രതീകം കൂടിയാണ്. മതത്തിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന, വംശഹത്യക്കിരയാകുന്ന, മാനഭംഗം ചെയ്യപ്പെടുന്ന, അടിമകളാക്കപ്പെടുന്ന ജനതയുടെ പ്രതീകം. യുദ്ധത്തിന്റെ അനന്തഫലമായെത്തുന്ന മനുഷ്യക്കടത്തിന്റെയും ലൈംഗിക വ്യാപാരത്തിന്റെയും പ്രതീകമായ നാദിയയെ 2016ൽ ഐക്യരാഷ്ട്ര സംഘടന ഗുഡ്‌വിൽ അംബാസഡറാക്കിയിരുന്നു. ഇറാഖിലെ സിൻജാറിനു സമീപം കൊച്ചൊ ഗ്രാമവാസിയും യസീദി വിഭാഗക്കാരിയുമായ നാദിയ യുദ്ധഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ്.

യസീദി വിഭാഗക്കാർക്കെതിരെ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ നാദിയയുടെ പിതാവും ആറു സഹോദരന്മാരും ഉൾപ്പെടെ ഗ്രാമത്തിലെ ആണുങ്ങളെയെല്ലാം കൊന്നൊടുക്കി. സ്ത്രീകള‌െയും പെൺകുട്ടികളെയും തട്ടിക്കൊണ്ടു പോയ ഭീകരർ ആവർത്തിച്ച മാനഭംഗങ്ങൾക്കാണ് അവരെ വിധേയയാക്കിയത്. സ്ത്രീകളിൽ പ്രായമായവരെയും സൗന്ദര്യമില്ലെന്ന് വിലയിരുത്തിയവരെയും കൊച്ചുകുഞ്ഞുങ്ങളെയും കൊന്നു കുഴിച്ചുമൂടി. നാദിയ ഉൾപ്പെടെയുള്ള യുവതികളെ ഐഎസ് അധീനത്തിലുള്ള മൊസൂളിലേക്കാണു കൊണ്ടുപോയത്.

ഭീകരർ ലൈംഗിക അടിമയാക്കി വച്ച നാദിയയെ പിന്നീട് ഒരു വിൽപ്പനച്ചരക്കിനെയെന്നവണ്ണം മൊസൂളിലെ അടിമച്ചന്തയിൽ വിൽക്കുകയും വാങ്ങുകയും ചെയ്തു. ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും മാനഭംഗം ചെയ്യാനാകുന്ന ഇരയെന്ന നിർവചനത്തിൽപ്പെട്ട ലൈംഗിക അടിമയായി മുദ്രകുത്തപ്പെട്ട നാദിയ നീണ്ട മൂന്നുമാസത്തോളം യാതനകൾ സഹിച്ചു. ഒരിക്കൽ രക്ഷപ്പെടാൻ ശ്രമിച്ചതിനു കൂട്ടമാനഭംഗമായിരുന്നു ശിക്ഷ. ദുരിതപർവത്തിനിടെ തടവിലാക്കപ്പെട്ട വീട്ടിലെ ജനാല വഴി ഒരു ദിവസം രക്ഷപ്പെട്ട നാദിയയ്ക്കു മറ്റൊരു മുസ്‌ലിം കുടുംബമാണു രക്ഷകരായത്. ഐഎസിന്റെ കണ്ണുവെട്ടിച്ച് അവർ നാദിയയെ സാഹസികമായി കുർദിസ്ഥാനിലെത്തിച്ചു. ഒടുവിലൊരു ദിവസം ഇറാഖ് അതിർത്തി കടന്നു ജർമനിയിലേക്ക് അവൾ രക്ഷപ്പെടുകയായിരുന്നു.

ഐഎസ് പിൻമാറിയശേഷം കൊച്ചൊ ഗ്രാമത്തിലെത്തിയ നാദിയയെ കാത്തിരുന്നത് ഹൃദയഭേദകമായ കാഴ്ചകളായിരുന്നു. ശവപ്പറമ്പെന്ന പോലെ മാറിയ ആ ഗ്രാമത്തിൽ അവളുടെ നിലവിളി മാറ്റൊലി കൊണ്ടു. യുദ്ധത്തിൽ ജീവിതം നശിച്ചുപോകുന്ന ഇരകൾക്കായാണു നാദിയ പിന്നീട് ജീവിതം മാറ്റിവച്ചത്. ലൈംഗിക അടിമകളാക്കപ്പെട്ട പെൺകുട്ടികളടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന നാദിയയുടെ ആത്മകഥ ‘ദ് ലാസ്റ്റ് ഗേൾ’ നിരവധി പതിപ്പുകളാണ‌ു വിറ്റുപോയത്.