Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാറിൽ നിയമനിർമാണം: സുപ്രീം കോടതി വിധി നിയമം വഴി മറികടക്കാമെന്ന് ജയ്റ്റ്ലി

arun-jaitley അരുൺ ജയ്റ്റ്ലി

ന്യൂഡൽഹി∙ മൊബൈൽ ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതു പാർലമെന്റ് അംഗീകാരത്തോടെയുള്ള നിയമം വഴി പുനഃസ്ഥാപിക്കാൻ കഴിയുമെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആധാർ വിവരങ്ങൾ സ്വകാര്യ കമ്പനികൾ ശേഖരിക്കുന്നതിലെ തടസ്സവും നിയമം വഴി മറികടക്കാമെന്നു കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. എന്നാൽ ഇതിനായി കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തുമോയെന്ന കാര്യത്തിൽ അദ്ദേഹം നിലപാട് അറിയിച്ചില്ല. 

ആധാർ കാർഡിനു സുപ്രീം കോടതി ഉപാധികളോടെയാണ് അംഗീകാരം നൽകിയത്. മൊബൈൽ ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും പന്ത്രണ്ട് അക്ക ആധാർ നമ്പറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നു സുപ്രധാന വിധിയിൽ കോടതി വ്യക്തമാക്കിയിരുന്നു. സ്വകാര്യ കമ്പനികൾ വ്യക്തികളുടെ ആധാർ വിവരങ്ങൾ ഏതെങ്കിലും കരാർ പ്രകാരം സ്വന്തമാക്കുന്നതു തടഞ്ഞ കോടതി ആധാർ നിയമത്തിലെ 57-ാം വകുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു. ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ആധാർ വേണമെന്നു കോടതി വ്യക്തമാക്കിയതിനാൽ ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതു നിയമം വഴി നടപ്പാക്കാനാകുമെന്ന് ജയ്റ്റ്ലി വിശദീകരിച്ചു. വ്യാജ അക്കൗണ്ടുകൾ കണ്ടെത്താൻ ഇതിലൂടെ സാധിക്കും. സർക്കാർ ആനുകൂല്യങ്ങൾ അനർഹർക്കു ലഭിക്കുന്നതു തടയാൻ അധാർ വഴി സാധിക്കുന്നുണ്ട്. 90,000 കോടി രൂപയാണു പ്രതിവർഷം ഇത്തരത്തിൽ ലാഭിക്കുന്നത്. നിയമത്തിന്റെ പിൻബലമുണ്ടെങ്കിൽ സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിനു തടസ്സമില്ലെന്നും ജയ്റ്റ്ലി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർലമെന്റിന്റെ അവശേഷിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ നിർണായക നിയമനിർമാണത്തിനു സർക്കാര്‍ ഒരുങ്ങുമോ എന്നു വ്യക്തമല്ല. ആധാർ കേസിലുണ്ടായ തിരിച്ചടികളെ നിയമനിർമാണത്തിലൂടെ മറികടക്കാനുള്ള ആലോചനകൾ കേന്ദ്ര സർക്കാർ തലത്തിൽ നടക്കുന്നുവെന്ന സൂചനകളാണ് അരുൺ ജയ്റ്റ്ലിയുടെ വാക്കുകളെന്ന് നിരീക്ഷണങ്ങൾ ഉയരുന്നുണ്ട്.

അതേസമയം, കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രകാരം ചികിൽസ തേടുന്നവർക്ക് ആധാർ കാർഡ് നിർബന്ധമാണെന്നു ദേശീയ ആരോഗ്യ ഏജൻസി സിഇഒ ഇന്ദു ഭൂഷൺ പറ‍ഞ്ഞു. പദ്ധതി പ്രകാരം രണ്ടാമത്തെ തവണ മുതൽ ചികിൽസ തേടുന്നവർക്കാണ് ആധാർ കാർഡ് നിർബന്ധം. ആദ്യ തവണ ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖ മതിയാകും. കഴിഞ്ഞ മാസം 23–നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ ഏകദേശം 10 കോടി ഗുണഭോക്താക്കൾ ഉണ്ടാകുമെന്നാണു കരുതുന്നത്.

related stories