Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടക ഉപതിരഞ്ഞെടുപ്പ്; ജെഡിഎസ് – കോൺ. സഖ്യത്തിൽ അഭിപ്രായ വ്യത്യാസം

congress and jds leaders കർണാടകയിലെ കോൺഗ്രസ് ജെഡിഎസ് നേതാക്കൾ (ഫയൽ ചിത്രം)

ബെംഗളൂരു∙ കർണാടകയിൽ ജെഡിഎസ്–കോൺഗ്രസ് സർക്കാരിന്റെ നിലനിൽപിനു ഭീഷണിയായി ഉപതിരഞ്ഞെടുപ്പുകൾ. മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പുകളാണ് ഇപ്പോൾ സർക്കാരിന്റെ തലവേദന. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലേക്കും ജമാഖണ്ഡി, രാമനഗര എന്നീ നിയമസഭാ സീറ്റുകളിലേക്കും നവംബർ മൂന്നിനാണു തിരഞ്ഞെടുപ്പു നടക്കുക. ശനിയാഴ്ചയാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ സീറ്റുകളിലേക്കു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്നായിരുന്നു ജെഡിഎസ്, കോൺഗ്രസ്, ബിജെപി കക്ഷികളുടെ പ്രതീക്ഷ. 

ബി.എസ്. യെഡിയൂരപ്പ, ബി. ശ്രീമലുരു, സി.എസ്. പുട്ടരാജു എന്നിവർ കഴിഞ്ഞ മേയിൽ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണു ലോക്സഭാ സീറ്റുകൾ ഒഴിവു വന്നത്. കോൺഗ്രസ് എംഎൽഎ സിദ്ധു ന്യാമഗൗഡയുടെ മരണം, രാമനഗര മണ്ഡലത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ രാജി എന്നിവ മൂലം നിയമസഭാ സീറ്റുകളിലും ഒഴിവുവന്നു. രണ്ടു സീറ്റുകളിൽ വിജയിച്ച കുമാരസ്വാമി രാമനഗരയുടെ പ്രാതിനിധ്യം രാജിവയ്ക്കുകയായിരുന്നു.

വെറും നാലുമാസക്കാലത്തേക്കു വേണ്ടി മാത്രം ലോക്സഭയിൽ ഉപതിരഞ്ഞെടുപ്പു നടത്തുന്നതിലെ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണു മൂന്നു കക്ഷികളും. ഇത്രയും ചെറിയ കാലയളവിലേക്കു മൽസരിക്കാൻ തങ്ങൾ നിർബന്ധിക്കപ്പെടുകയാണെന്നു നേതാക്കൾ വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം രണ്ടു ലോക്സഭാ സീറ്റുകൾ  കൈവശമുള്ള ബിജെപി ഷിമോഗയിലേക്കു തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു. യെഡിയൂരപ്പയുടെ മകനും മുൻ എംപിയുമായ ബി.വൈ. രാഘവേന്ദ്രയാണു ബിജെപിയുടെ സ്ഥാനാർഥി. ബെല്ലാരിയിലേക്ക് ഒരാളെ കണ്ടെത്തുന്നതിനു ബിജെപി ബി. ശ്രീരാമുലുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു. മാണ്ഡ്യ സീറ്റിൽ വലിയ സ്വാധീനമില്ലെങ്കിലും ജെഡിഎസും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇവിടെ വോട്ടാക്കാമെന്നാണു ബിജെപി കണക്കുകൂട്ടുന്നത്. ജെഡിഎസിന്റെ സിറ്റിങ് സീറ്റായ മാണ്ഡ്യ തങ്ങൾക്കുതന്നെ വേണമെന്ന് അവർ കോൺഗ്രസിനോട് ആവശ്യപ്പെട്ടു.

2014ല്‍ കോൺഗ്രസിന്റെ സിറ്റിങ് എംപി രമ്യ ദിവ്യസ്പന്ദന ഇവിടെ ജെഡിഎസ് സ്ഥാനാർഥിയോടു പരാജയപ്പെട്ടിരുന്നു. മാണ്ഡ്യയിൽ സ്വന്തം നിലയിൽ സ്ഥാനാര്‍ഥിയെ നിർത്തണോ, ജെഡിഎസിനെ പിന്തുണയ്ക്കണോ എന്ന ആശയക്കുഴപ്പം കോണ്‍ഗ്രസിൽ തുടരുകയാണ്. കുമാരസ്വാമി രാജിവച്ച രാമനഗരയിൽ അദ്ദേഹത്തിന്റെ ഭാര്യയാണു സ്ഥാനാര്‍ഥി. എന്നാൽ ഇവരെ പിന്തുണയ്ക്കാനാകില്ലെന്ന നിലപാടിലാണു പ്രാദേശിക കോൺഗ്രസ് നേതാക്കൾ. ബെല്ലാരി, ഷിമോഗ സീറ്റുകളിലേക്കു കോൺഗ്രസ് സ്ഥാനാര്‍ഥികളെ തേടുന്നുണ്ടെങ്കിലും ബിജെപിയുടെ സിറ്റിങ് സീറ്റിൽ മൽസരിക്കാൻ പ്രധാന നേതാക്കളൊന്നും തയാറാകുന്നുമില്ല. ജയിച്ചാൽ തന്നെ ആറു മാസത്തിൽ താഴെ മാത്രം പദവി ലഭിക്കുന്നതിനാൽ നേതാക്കളൊന്നും ഉപതിരഞ്ഞെടുപ്പിനോടു താൽപര്യം കാണിക്കുന്നില്ല. 

related stories