Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല സ്ത്രീ പ്രവേശം: സെക്രട്ടേറിയറ്റിലേക്ക് ലോങ്മാർച്ച് നടത്താൻ ബിജെപി

BJP Flag

കൊച്ചി∙ ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി. എൻഡിഎയുടെ നേതൃത്വത്തിൽ ലോങ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ഒക്ടോബർ 10ന് തുടങ്ങുന്ന മാർച്ച് 15ന് സെക്രട്ടേറിയറ്റിലാണ് അവസാനിക്കുക. ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണു കാൽനട യാത്ര സംഘടിപ്പിക്കുന്നത്. അയ്യപ്പന്റെ ജന്മസ്ഥാനത്തുനിന്നായിരിക്കും യാത്ര തുടങ്ങുക. കോട്ടയം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഇതേ ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.

ശബരിമല യുവതീപ്രവേശനത്തിനെതിരെ മറ്റു ഹിന്ദു സംഘടനകൾ നടത്തുന്ന സമരങ്ങൾക്കു ബിജെപി പൂർണ പിന്തുണ പ്രഖ്യാപിച്ചു. 17നു ശബരിമല നട തുറക്കുന്ന ദിവസം പൂങ്കാവനത്തിൽ മഹിളാമോർച്ച ഉപവാസ പ്രാർഥനാ യജ്ഞം നടത്തും. 17നു ശേഷം തുടർസമരങ്ങളുണ്ടാവും. ശബരിമല സംരക്ഷണ യാത്രയിൽ എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയിൽ ധാർമികമായി ബിജെപി വിശ്വാസികൾക്കൊപ്പമാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ്. കോടതി വിധി നടപ്പാക്കണമെന്നാണു കോൺഗ്രസ് നിലപാട്. പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല വിധി വന്നയുടൻ അതിനെ സ്വാഗതം ചെയ്തു. ഇക്കാര്യത്തിൽ പ്രത്യക്ഷ സമരത്തിനു കോൺഗ്രസ് തയാറാണോ എന്നു വ്യക്തമാക്കണം.

ജനങ്ങളെ ഒന്നിച്ചുകൊണ്ടുപോകേണ്ട സർക്കാർ, അടിച്ചമർത്തൽ നയമാണു സ്വീകരിച്ചത്. കോടതി വിധി നടപ്പാക്കേണ്ടതു വിശ്വാസികളുടെ വികാരം അടിച്ചമർത്തിയാവരുത്. നിരീശ്വര വാദത്തിൽ വിശ്വസിക്കുന്ന പാർട്ടി കോടതിവിധി ഉപയോഗിച്ചു ശബരിമലയുടെ പ്രശസ്തി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. പ്രശ്നപരിഹാരത്തിനു ശ്രമിക്കാതെ വെല്ലുവിളിയുടെ സ്വരമാണു സിപിഎം സ്വീകരിച്ചത്. എവിടെയാണു പാളിച്ചപറ്റിയതെന്നു സിപിഎം ആലോചിക്കണം. ഇക്കാര്യത്തിൽ പാർട്ടിയിൽ ഭിന്നതയുണ്ട്. ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭ പുറത്താവാനുണ്ടായ സാഹചര്യം ഓർക്കുന്നതു നല്ലതാണ്.

കോടതിവിധികൾ ഏതു തലംവരെ നടപ്പാക്കാം എന്നു സർക്കാരിന് ആലോചിക്കാം. വിശ്വാസികളെ ചവിട്ടിയരച്ചു കോടതി വിധി നടപ്പാക്കാമെന്നാണോ സർക്കാർ വിചാരിക്കുന്നത്? സുപ്രീം കോടതി വിധിയിൽ ബിജെപി പുനഃപരിശോധനാ ഹർജി നൽകില്ല. തങ്ങളുടെ കൂടി അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണു ഹിന്ദു സംഘടനകളുടെ ഹർജിയെന്നു അദ്ദേഹം വ്യക്തമാക്കി.