Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത് 1740 കോടി; 1848 പേർ ഇപ്പോഴും ക്യാംപുകളിൽ

Navakeralam-Rebuild Kerala

തിരുവനന്തപുരം∙ നവകേരള നിർമാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ. പുനരധിവാസ- പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ക്രൗഡ് ഫണ്ടിങ് പരമാവധി പ്രയോജനപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശിച്ചു. ക്രൗഡ് ഫണ്ടിങ്ങിനുളള ഇന്‍റര്‍നെറ്റ് പോര്‍ട്ടല്‍ തയാറായി. ഈ പോര്‍ട്ടലിലേക്കു വിവിധ വകുപ്പുകൾ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം അടിയന്തിരമായി നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചു. ദുരിതാശ്വാസത്തിന്‍റെ ഭാഗമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിശദീകരിച്ചു.

ഇപ്പോഴും 66 ക്യാംപുകളിലായി 1,848 പേർ കഴിയുന്നു. 10,000 രൂപയുടെ ധനസഹായം 5.98 ലക്ഷം പേര്‍ക്ക് വിതരണം ചെയ്തു. പ്രളയത്തില്‍ വൈദ്യുതി നിലയങ്ങള്‍ക്കും ലൈനുകള്‍ക്കുമുണ്ടായ തകരാറുകള്‍ പരിഹരിച്ചു. 954 പേരുടെ വീടും സ്ഥലവും പ്രളയത്തില്‍ നഷ്ടമായി. 16,661 വീടുകളാണു പൂര്‍ണമായും തകര്‍ന്നത്. 2.21 ലക്ഷം വീടുകള്‍ക്കു ഭാഗികമായി തകരാറുണ്ടായി. വീടുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും വേഗം പൂര്‍ത്തിയാക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. കാര്‍ഷിക മേഖലയില്‍ പുനര്‍നിര്‍മാണം നടത്തുമ്പോള്‍ കൃഷിയുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുളള പദ്ധതികളും നടപ്പാക്കണം.

വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനു കുടുംബശ്രീ മുഖേന ലഭ്യമാക്കുന്ന വായ്പയ്ക്ക് 1.42 ലക്ഷം പേര്‍ അപേക്ഷിച്ചു. 11,618 അപേക്ഷകള്‍ ബാങ്കുകളിൽ സമര്‍പ്പിച്ചു. 7,625 അപേക്ഷകള്‍ പാസായിട്ടുണ്ട്. ഇതിനകം ബാങ്കുകള്‍ 60.81 കോടി രൂപ അനുവദിച്ചു. ജീവിതോപാധി കണ്ടെത്തുന്നതിന് ആസൂത്രണ ബോര്‍ഡ് വിവിധ പാക്കേജുകള്‍ തയ്യാറാക്കുന്നുണ്ടെന്ന് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ.രാമചന്ദ്രന്‍ പറഞ്ഞു. നവംബര്‍ 1, 2 തീയതികളില്‍ ആസൂത്രണ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ലൈവ്‍‍ലിഹുഡ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കും.

പ്രളയത്തില്‍ 3,600 കറവപ്പശുക്കള്‍ ചത്തു. പകരം പശുവിനെ വാങ്ങുന്നതിന് സര്‍ക്കാര്‍ 33,000 രൂപ വീതം നല്‍കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. ആവശ്യമുളളവര്‍ക്ക് വായ്പ ലഭ്യമാക്കും. പ്രളയത്തില്‍ 114 അങ്കണവാടികള്‍ പൂര്‍ണമായും ആയിരത്തോളമെണ്ണം ഭാഗികമായും തകർന്നു. ഇവ പുനര്‍നിര്‍മിക്കാന്‍ 90 കോടി രൂപയാണ് ഏകദേശ ചെലവ്. തകര്‍ന്ന 35 പൊലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കും. പൊലീസിന്‍റെ 143 കെട്ടിടങ്ങള്‍ ഭാഗികമായി തകർന്നു.

പ്രളയത്തില്‍ വീട് നശിച്ചവരിൽ സ്വന്തമായി ഭൂമിയുളളവര്‍ക്ക് വീട് നിര്‍മിക്കാന്‍ നാലു ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സ്വന്തമായി ഭൂമിയുളളവര്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് പ്രത്യേകം അപേക്ഷ നൽകണം. രണ്ട് ഗഡുക്കളായാണു സഹായം അനുവദിക്കുക.

ലോകബാങ്കുമായും എഡിബിയുമായും വായ്പ സംബന്ധിച്ചു ചര്‍ച്ച നടത്തുന്നു. നബാര്‍ഡ്, ഹഡ്കോ എന്നീ ഏജന്‍സികളില്‍ നിന്നു വായ്പയെടുക്കാനും ആലോചനയുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ പി.എച്ച്.കുര്യന്‍, ടി.കെ.ജോസ്, രാജീവ് സദാനന്ദന്‍, സുബ്രതോ ബിശ്വാസ്, ബിശ്വാസ് മേത്ത, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്.സെന്തില്‍, പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍, സെക്രട്ടറി എം.ശിവശങ്കര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.