Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്ഐ ഏജന്റെന്നു സംശയം; ബ്രഹ്മോസ് ജീവനക്കാരൻ പിടിയിൽ

handcuff-2

നാഗ്പൂർ∙ പാക് ചാരസംഘടന ഐഎസ്ഐയ്ക്കും അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾക്കും വേണ്ടി പ്രവർത്തിക്കുന്നെന്നു സംശയമുയർന്നതിനെ തുടർന്ന് നാഗ്പുർ ബ്രഹ്മോസ് എയ്റോസ്പേസ് സെന്റർ ജീവനക്കാരനെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. നിഷാന്ത് അഗർവാൾ എന്നയാളെ ഒഫിഷ്യൽ സീക്രട്സ് നിയമ പ്രകാരമാണു പിടികൂടിയത്. ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാക്കിസ്ഥാനും യുഎസിനും വേണ്ടി ഇയാൾ ചോര്‍ത്തി നൽകിയെന്നാണു കണ്ടെത്തൽ.

ഉത്തർപ്രദേശ് എടിഎസും സൈന്യത്തിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. ഞായറാഴ്ച രാത്രി മുതൽ പ്രത്യേക സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ നിഷാന്തിനെ കസ്റ്റഡിയിലെടുത്തു. ബ്രഹ്മോസ് യൂണിറ്റിൽ നാലു വർഷമായി ജോലി നോക്കുകയായിരുന്നു ഇയാൾ.

നാഗ്പുരില്‍ പ്രവർത്തിക്കുന്ന ബ്രഹ്മോസ് എയ്റോസ്പേസ് യൂണിറ്റ് ഇന്ത്യയും റഷ്യയും സംയുക്തമായാണു നടത്തുന്നത്. കഴിഞ്ഞ വർഷം ബ്രഹ്മോസ് മിസൈലിന്റെ നൂതന പതിപ്പുകൾ ഇവിടെ പരീക്ഷിച്ചിരുന്നു.