Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ബിജെപിക്കു നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണ‍മെന്ന് അമിത് ഷാ

Sabarimala

തിരുവനന്തപുരം∙ ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും, കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ഞായറാഴ്ച ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാന വക്താക്കളുടെ യോഗത്തില്‍ അമിത് ഷാ നിര്‍ദേശം നല്‍കി. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള വക്താക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

Read more at: തന്ത്രിയും കുടുംബവും മാത്രമല്ല ഹിന്ദുസമൂഹം; ശബരിമലയില്‍ സര്‍ക്കാരിനെ തുണച്ച് വെള്ളാപ്പള്ളി

Read more at: ‘സംസ്ഥാനത്തേത് വിഭജനത്തിന്റെ രാഷ്ട്രീയം; ശബരിമലയിൽ ബിജെപിക്ക് നേട്ടമുണ്ടാകില്ല’

ആമുഖ പ്രസംഗത്തിനുശേഷം പ്രതിനിധികളുടെ ചോദ്യത്തിന് മറുപടിയായാണ് ശബരിമല വിഷയത്തെക്കുറിച്ച് അമിത് ഷാ പരാമര്‍ശിച്ചത്. രാജ്യത്തൊട്ടാകെ ബാധിക്കപ്പെടുന്ന വിഷയമല്ലെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ശബരിമലയിലെ സ്ത്രീപ്രവേശനം ചര്‍ച്ചാ വിഷയമാണ്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മധ്യകേരളത്തില്‍ സമരപരിപാടികള്‍ ആരംഭിച്ചത്. വലിയ രീതിയില്‍ ജനപങ്കാളിത്തം യോഗങ്ങളിലുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തില്‍ ബിജെപി ശക്തമായ സാന്നിധ്യം അറിയിക്കണം. ഭക്തരെ പാര്‍ട്ടിക്കു കീഴില്‍ അണിനിരത്തി വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.

സുപ്രീംകോടതി വിധി സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ കേരളത്തിലെ പ്രതിനിധികള്‍ വിശദീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് വിഷയം സജീവമായി നിലനിര്‍ത്താനുള്ള നിര്‍ദേശമാണ് നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങുകയും വലിയ ജനപങ്കാളിത്തം ഉണ്ടാകുകയും ചെയ്തിട്ടും ബിജെപിക്ക് കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് േദശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മെല്ലെപോക്ക് സമീപനം ഉപേക്ഷിക്കാനും മണ്ഡലാടിസ്ഥാനത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുമാണ് കേന്ദ്ര നിര്‍ദേശം.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുമായി ബന്ധം ശക്തമാക്കുന്നതിനും സമൂഹ മാധ്യമങ്ങളില്‍ ഇടപെടല്‍ ശക്തമാക്കാനും അമിത് ഷാ നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനകീയ പദ്ധതികളുടെ അറിയിപ്പുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രത്യേക വിഭാഗം ഓരോ സംസ്ഥാനത്തും ആരംഭിക്കും. രാഷ്ട്രീയ വിഷയങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കാന്‍ വാര്‍ റൂമുകള്‍ ആരംഭിക്കാനും തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറം, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ വിഷയങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്തു.