Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുല്യനീതി വേണം; സ്ത്രീകളെ മുന്നിട്ടിറക്കി കളം പിടിക്കാൻ സിപിഎം

CPM Flag

പത്തനംതിട്ട∙ ശബരിമല വിധിക്കെതിരെ നിലയ്ക്കലില്‍ കുടില്‍ കെട്ടിയുള്ള രാപകല്‍ സമരം തുടരുന്നതിനിടെ പ്രതിരോധനീക്കവുമായി സിപിഎം. സ്ത്രീകളെ മുന്‍നിര്‍ത്തിയാണു പ്രതിരോധം. ശബരിമല സ്ത്രീ പ്രവേശവിഷയത്തില്‍ ഹിന്ദുസംഘടനകളുടെ സമരങ്ങളില്‍ സ്ത്രീപങ്കാളിത്തം സജീവമായ സാഹചര്യത്തിലാണ് ഇത്. പത്തനംതിട്ട ജില്ലയില്‍ തുടക്കമിടുന്ന വനിതാസംഗമം മറ്റു ജില്ലകളിലും നടത്തും. കുടുംബശ്രീ പ്രവര്‍ത്തകരോടു വനിതാ സംഗമത്തില്‍ പങ്കെടുക്കാന്‍ സിപിഎം നിര്‍ദേശം നല്‍കി.

പന്തളം കൊട്ടാരം നടത്തിയ നാമജപഘോഷയാത്രയിലും തുടര്‍ന്ന് ഹിന്ദുസംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങളിലുമെല്ലാം വനിതാപങ്കാളിത്തം സജീവമായിരുന്നു. സ്ത്രീകളെ മുന്‍നിര്‍ത്തി ശബരിമലവിഷയം ഹിന്ദുസംഘടനകള്‍ കെടാതെ നിലനിര്‍ത്തുന്ന സാഹചര്യത്തിലാണ് സിപിഎം വനിതാസംഗമത്തിലൂടെ പ്രതിരോധത്തിനൊരുങ്ങുന്നത്. ഇന്നു പത്തനംതിട്ട ജില്ലയില്‍ ജനാധിപത്യമഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാസംഗമം സിപിഎം കേന്ദ്രകമ്മറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലകളിലും ജനാധിപത്യമഹിളാ അസോസിയേഷനെ മുന്‍നിര്‍ത്തി സിപിഎം വനിതാസംഗമത്തിലൂടെ പ്രതിരോധത്തിനു ശ്രമിക്കും.

ജില്ലയില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരോടു വനിതാസംഗമത്തില്‍ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ കര്‍ശന നിര്‍ദേശം നല്‍കി. ജില്ലയില്‍ പലയിടങ്ങളിലും ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ തന്നെ സമരത്തിനു മുന്നിട്ടിറങ്ങിയതോടെയാണു സിപിഎം പ്രതിസന്ധിയിലായത്. തുല്യനീതി മുദ്രാവാക്യമുയര്‍ത്തിയാണു സിപിഎമ്മിന്റെ പ്രതിരോധ ശ്രമം.

പര്‍ണശാല കെട്ടി ശരണം വിളികളുമായാണ് നിലയ്ക്കലിൽ സമരം തുടരുന്നത്. പന്തളം കൊട്ടാരത്തിന്‍റെയും വിവിധ ഹിന്ദു സംഘടനകളുടെയും പിന്തുണയും സമരത്തിനുണ്ട്. ആദിവാസികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള രാപ്പകല്‍ സമരമാണ് നിലയ്ക്കലില്‍ നടക്കുന്നത്. പന്തളം കൊട്ടാരത്തിലെ പ്രതിനിധികള്‍ ഇന്നലെ സമരവേദിയിലെത്തി പിന്തുണ അറിയിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ ഇന്ന് നാമജപ ഘോഷയാത്ര നടക്കും.