Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ പരസ്യ മദ്യപാനം; സംഭവം മൂടിവയ്ക്കാൻ ശ്രമം

jail

കണ്ണൂർ∙ സെൻട്രൽ ജയിലിൽ സെല്ലിനുള്ളിൽ തടവുകാരുടെ പരസ്യ മദ്യപാനം. അഞ്ചാം ബ്ലോക്കിലെ സെല്ലിൽ വധക്കേസ് പ്രതികളായ മൂന്നുപേരുൾപ്പെടെ അഞ്ചു തടവുകാരാണ് ഇന്നലെ രാത്രി കൂട്ടം കൂടിയിരുന്നു മദ്യപിച്ചത്. സെല്ലിലെ സഹതടവുകാർ എതിർത്തതോടെയാണു ജയിൽ ഉദ്യോഗസ്ഥർ വിവരമറിഞ്ഞത്. സെല്ല് മറച്ച് കർട്ടൻ കെട്ടിയിരുന്നതിനാൽ പുറത്തുനിന്നു ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടില്ല. പരിശോധനയിൽ ഫുൾ കുപ്പി(ഗോൽകോണ്ട)യും ഗ്ലാസുകളും പിടിച്ചെടുത്തു.

ഇന്നു രാവിലെ ഇതേ ബ്ലോക്കിന്റെ പിന്നാമ്പുറത്തുനിന്ന് ഒരു പൊതി കഞ്ചാവും ലഭിച്ചു. മദ്യപാനം പിടിക്കപ്പെട്ടതിനാൽ പരിശോധനയുണ്ടാകുമെന്നു കരുതി സെല്ലിൽനിന്നു പുറത്തേക്കെറിഞ്ഞതാണു കഞ്ചാവ് പൊതിയെന്നു കരുതുന്നു. അതേസമയം, സംഭവം മൂടിവയ്ക്കാനാണു ജയിൽ അധിക‌ൃതരുടെ ശ്രമം. മദ്യപാനം നടന്നതിനെക്കുറിച്ചു ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ വിവരം നൽകിയിരുന്നുവെന്നും എന്നാൽ കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നുമാണു പ്രതികരണം. ജയിലിനുള്ളിൽ നടന്ന കുറ്റക‌ൃത്യം ഇതുവരെ പൊലീസിൽ അറിയിച്ചിട്ടുമില്ല.

രണ്ടാഴ്ച മുൻപു ജയിലിനു പുറത്തുനിന്നു മതിലിലൂടെ മദ്യവും കക്കയിറച്ചിയും അകത്തേക്ക് എറിഞ്ഞുകൊടുത്ത സംഭവമുണ്ടായിരുന്നു. ഇതും പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.