Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിശ്വാസികൾ സമാധാനപരമായി നടത്തുന്ന സമരങ്ങളെ സിപിഎം വെല്ലുവിളിക്കുന്നു’

ps-sreedharan-pillai (1)

ആലപ്പുഴ∙ 50 വർഷമായി ശബരിമലയെ തകർക്കാൻ ശ്രമിച്ചു പരാജയപ്പെട്ട സിപിഎം സമാധാനപരമായി വിശ്വാസികൾ നടത്തുന്ന സമരങ്ങളെ വെല്ലുവിളിക്കുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള. ശബരിമലയെയും ഹിന്ദു സമൂഹത്തെയും തകർക്കാൻ ശ്രമിക്കുന്ന സിപിഎം നടപടിയിൽ പ്രതിഷേധിച്ച് എൻഡിഎയുടെ നേതൃത്വത്തിൽ പന്തളത്തുനിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന ലോങ് മാർച്ച് നാളെ ആരംഭിക്കും.

അവിശ്വാസികളെ സംഘടിപ്പിച്ചു സിപിഎം ബദൽ സമരം നടത്തുന്നതു തെറ്റായ സമീപനമാണ്. വിശ്വാസികളെ വിശ്വാസത്തിലെ‌ടുത്ത് അവരുമായി സമവായത്തിൽ എത്തേണ്ടതിനു പകരം ഉടൻ വിധി നടപ്പാക്കാൻ സർക്കാർ കാട്ടുന്ന തിടുക്കം നിരീശ്വരവാദം അടിച്ചേൽപ്പിക്കലാണ്. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ സുപ്രീംകോടതി 2006ൽ പുറപ്പെടുവിച്ച വിധിയാണ് സംസ്ഥാനങ്ങളിൽ പൊലീസിനെ രാഷ്ട്രീയ വിമുക്തമാക്കാൻ സെക്യൂരിറ്റി കമ്മിഷൻ രൂപീകരിക്കണമെന്നത്. പ്രകാശ് സിങ് കേസിൽ 2007 ജനുവരി മുതൽ നടപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഇനിയും സംസ്ഥാന സർക്കാർ നടപ്പാക്കിയില്ല.

എൻഡിഎയുടെ ഘടക കക്ഷികളി‍ൽ വിശ്വാസപരമായി യോജിക്കാവുന്ന സംഘടനകൾ യാത്രയിൽ പങ്കെടുക്കും. ബിജെപി വിശ്വാസികളെ സഹായിക്കുന്ന നടപടിയാണു സ്വീകരിക്കുന്നത്. സംസ്ഥാന വിഷയമെന്ന നിലയിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ കേന്ദ്രത്തിനു നിയമ നിർമാണം നടത്താം. അല്ലെങ്കിൽ സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈകടത്തലാകും. വിശ്വാസത്തിനെതിരായ സിപിഎം നയത്തിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ സെക്രട്ടറിയും തിരുവൻവണ്ടൂർ മുൻ ലോക്കൽ സെക്രട്ടറിയുമായ എം.എ. ഹരികുമാ‍ർ രാജിവച്ചു ബിജെപിയി‍ൽ ചേർന്നതായും അറിയിച്ചു.