Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയെ തകർത്തു: മോദിക്കെതിരെ രാഹുൽ

rahul-modi രാഹുൽ ഗാന്ധി, നരേന്ദ്ര മോദി

ധോൽപുർ (രാജസ്ഥാൻ) ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്രമണത്തിനു ശക്തി കൂട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി സർക്കാർ നടപ്പാക്കിയ നോട്ടുനിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തെന്നു രാഹുൽ ആരോപിച്ചു. ദ്വിദിന പര്യടനത്തിനായി രാജസ്ഥാനിലെത്തിയ രാഹുൽ, ധോൽപുരിൽ തിരഞ്ഞെടുപ്പു പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു.

താൻ കാവൽക്കാരനാണെന്നാണു പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിട്ടുള്ളത്. ആർക്കാണു കാവൽ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കർഷകർക്കല്ല, 15–20 വ്യവസായികൾക്കു മാത്രമാണു മോദി നേട്ടമുണ്ടാക്കിക്കൊടുത്തത്. മുൻ യുപിഎ സർക്കാർ 70,000 കോടി രൂപയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളി. മോദി സർക്കാർ 3.5 ലക്ഷം കോടിയുടെ കടമാണ് എഴുതിത്തള്ളിയത്. ഇതിൽ ഒരു രൂപ പോലും കർഷകരുടെതായിരുന്നില്ല.

കർഷകരെയോ യുവാക്കളെയോ മോദി സഹായിച്ചില്ല. തട്ടിപ്പു നടത്തി രാജ്യം വിട്ട നീരവ് മോദി, മെഹുൽ ചോക്സി, ലളിത് മോദി, അനിൽ അംബാനി തുടങ്ങിയവർക്കാണു പ്രധാനമന്ത്രിയുടെ സഹായം ലഭിച്ചത്. നോട്ടുനിരോധനം, ചരക്ക് സേവന നിയമം (ജിഎസ്ടി) എന്നിവ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർത്തു. റഫാൽ‌ യുദ്ധവിമാന ഇടപാടിലൂടെ തന്റെ വ്യവസായ സുഹൃത്തിനു നേട്ടമുണ്ടായതിനെപ്പറ്റി മോദി ഒരക്ഷരം മിണ്ടുന്നില്ല. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സർക്കാരുകൾ പൊതുജനത്തിനും ചെറുകിട വ്യാപാരികൾക്കും കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കു എതിരെയാണു പ്രവർത്തിക്കുന്നത്.

മുൻ യുപിഎ സർക്കാർ തൊഴിലുറപ്പ് പദ്ധതിയുൾപ്പെടെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണു നടപ്പാക്കിയത്. രാജസ്ഥാനിൽ അശോക് ഗെലോട്ടിന്റെ നേതൃത്തിലുള്ള മുൻ കോൺഗ്രസ് സർക്കാർ സൗജന്യ മരുന്ന് ഉൾപ്പെടെ ജനത്തിനു നൽകി. എന്നാൽ ബിജെപി സർക്കാരുകൾ ജനങ്ങളെ ദുർബലരാക്കി അവർക്കെതിരെ പ്രവർത്തിക്കുകയാണ്– രാഹുൽ പറഞ്ഞു.