Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: വിശ്വാസികളുടെ പ്രതിഷേധം അപകടമായി കാണേണ്ടതില്ലെന്ന് എം. സ്വരാജ് എംഎൽഎ

M swaraj

കൊച്ചി∙ സംസ്ഥാനത്ത് ഇപ്പോൾ ശക്തമായ വിശ്വാസികളുടെ പ്രതിഷേധങ്ങളെ അപകടമായി കാണേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എംഎൽഎ. ഒന്നല്ല, ആയിരം തിരഞ്ഞെടുപ്പുകളിൽ തോറ്റാലും കേരളത്തെ ഇരുട്ടിലേക്കു നയിക്കുന്ന ഒരു നിലപാടിനെ ഡിവൈഎഫ്ഐ പിന്തുണയ്ക്കില്ല. കേരളത്തിൽ ഇപ്പോഴുള്ളത് രണ്ടാം അടിയന്തരാവസ്ഥയ്ക്കു സമാനമായ അന്തരീക്ഷമാണ്. ഒരു രണ്ടാം വിമോചന സമരത്തിന് അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ ഈ മാസം 13 മുതൽ 20 വരെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും നവോത്ഥാന സദസ്സ്സംഘടിപ്പിക്കുമെന്നും എം. സ്വരാജ് അറിയിച്ചു.

ശബരിമല വിഷയം കോൺഗ്രസും ബിജെപിയും ഒത്തുചേർന്ന് സമരായുധമാക്കിമാറ്റുകയാണ്. രാഷ്ട്രീയത്തിലെ അധമ പ്രവർത്തനമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നുള്ളത്. സാമൂഹിക മാറ്റങ്ങളുടെ ഭാഗമായാണ് വിധിയെ ഡിവൈഎഫ്ഐ കാണുന്നത്. ആർക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതിവിധി. ആചാരങ്ങൾ മാറുന്ന എല്ലാ സാഹചര്യത്തിലും എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. അതു സ്വാഭാവികമാണ്.

ഇന്ത്യാ ചരിത്രത്തിൽ സതി ഉൾപ്പെടെയുള്ള ആചാരങ്ങൾ അവസാനിപ്പിച്ചപ്പോൾ ഇതിലും ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായിട്ടുള്ളത്. തീയിൽ ചാടി മരിക്കാനുള്ള പതിവ്രതകളുടെ അവകാശം ഇല്ലാതാക്കാൻ എന്താണവകാശം എന്നു ചോദിച്ചായിരുന്നു അന്നു സ്ത്രീകൾ തെരുവിലിറങ്ങിയത്. പുരുഷാധിപത്യ ലോകത്ത് സ്ത്രീകളെ തെരുവിലിറക്കുന്നതാണ് നമ്മൾ കാണുന്നത്. ഈ എതിർപ്പുകൾ സംവാദങ്ങളായി വികസിക്കണം. എല്ലാ ഭിന്നാഭിപ്രായങ്ങളും സംവാദങ്ങളാവണം. നിർ‍ഭാഗ്യവശാൽ അങ്ങനെയല്ല ഇവിടെ സംഭവിക്കുന്നത്.

എങ്ങനെയെങ്കലും കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാമോ എന്നാണ് കോൺഗ്രസും ബിജെപിയും നോക്കുന്നത്. നിക്ഷിപ്ത താൽപര്യക്കാർ ആർജിത നേട്ടങ്ങളെ തകർക്കുന്ന കാഴ്ചയാണുള്ളത്. മഹാരാഷ്ട്രയിൽ ബിജെപിക്കും കോൺഗ്രസിനും ഒരു നിലപാടും കേരളത്തിൽ മറ്റൊരു നിലപാടുമാണുള്ളത്. സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ലാതിരുന്ന ശനി ശിംഗനാപൂരിൽ കോടതി പ്രവേശനം അനുവദിച്ചപ്പോൾ അതിനെ സ്വീകരിച്ചവർ ഇവിടെ വർഗീയത ഇറക്കി കളിക്കുകയാണ്. അവിടെ 400 കൊല്ലം പഴക്കമുള്ള ആചാരത്തിനാണ് വിലക്കേർപ്പെടുത്തിയത്. വോട്ടിനു വേണ്ടിയാണ് ഇവിടെ നവോത്ഥാന മൂല്യങ്ങളെ ഒറ്റുകൊടുക്കുന്നത്. ആചാരങ്ങൾ കാലാനുസൃതമായി മാറണമെന്ന നിലപാടാണ് ഡിവൈഎഫ്ഐക്കുള്ളത്. വിധി നടപ്പാക്കുന്നതിൽ ആകുലതയില്ലെന്നും എം. സ്വരാജ് എംഎൽഎ പറഞ്ഞു.