Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുമീനല്ല ബിഎസ്പി; മായാവതി ഇല്ലെങ്കിൽ എന്തു വിശാല സഖ്യം

Mayawati

ഛത്തീസ്ഗഡിൽ കോൺഗ്രസിനെ തള്ളിയകറ്റി ജന്‍താ കോൺഗ്രസ് ഛത്തീസ്ഗഡ് (ജോഗി)യുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിഎസ്പി തീരുമാനം ആത്യന്തികമായി ഉലയ്ക്കുന്നത് ദേശീയ തലത്തിൽ ബിജെപിക്കെതിരായ വിശാല സഖ്യം എന്ന ആശയത്തെയാണ്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ, കോൺഗ്രസിനും ബിജെപിക്കും പുറമെ സാന്നിധ്യമറിയിച്ച ഏക ദേശീയകക്ഷി ബിഎസ്പിയാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, പ്രത്യേകിച്ചും. മൂന്നു സംസ്ഥാനങ്ങളിലെയും ദലിത് മേഖലകളാണ് ബിഎസ്പിയുടെ ശക്തി കേന്ദ്രങ്ങൾ. വിജയസാധ്യതയുള്ള മണ്ഡലങ്ങൾ കുറവാണെങ്കിലും കോൺഗ്രസിനും ഭരണത്തിനുമിടയിൽ പലപ്പോഴും നിലകൊള്ളാറുള്ളത് ബിഎസ്പിയാണെന്നതാണ് വസ്തുത. വോട്ട് വിഹിതത്തിന്‍റെ കാര്യത്തിൽ കേവലം 0.8 ശതമാനത്തിന്‍റെ വ്യതിയാനത്തിൽ കഴിഞ്ഞ തവണ കോൺഗ്രസിനു നഷ്ടമായ ഛത്തീസ്ഗഡ് തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം.

ആകെ ജനസംഖ്യയുടെ 15.2 ശതമാനം ദലിതരുള്ള മധ്യപ്രദേശിലെയും സ്ഥിതി വിഭിന്നമല്ല. ദലിത് വോട്ടുകൾ നിർണായകമാകുന്ന ഏതാണ്ട് 60 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. അതുകൊണ്ടു തന്നെ ഈ മണ്ഡലങ്ങളിലെല്ലാം ബിഎസ്പി സ്വന്തമാക്കുന്ന വോട്ടുകൾ വിജയിയെ നിർണയിക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിക്കുന്നു. 6.3 ശതമാനം വോട്ടുകളാണ് 2013ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിഎസ്പി നേടിയത്. കോൺഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യതിയാനമാകട്ടെ എട്ടുശതമാനവും. നാലു സീറ്റുകളാണ് ഇവിടെ ബിഎസ്പിക്കുള്ളത്. വൻശക്തിയല്ലെങ്കിലും അവഗണിക്കാനാവാത്ത സാന്നിധ്യമാണ് തങ്ങളെന്ന് പിന്നിട്ട ഓരോ തിരഞ്ഞെടുപ്പിലും തെളിയിക്കാൻ ബിഎസ്പിക്ക് കഴിഞ്ഞിട്ടുമുണ്ട്. കോൺഗ്രസിന്‍റെ സ്വാധീന മേഖലകളായ ചമ്പാൽ, വിന്ധ്യപ്രദേശ് എന്നിവിടങ്ങളിൽ തന്നെയാണ് ബിഎസ്പിയുടെ വേരുകളും ശക്തം. കഴിഞ്ഞ മൂന്നു നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിഎസ്പി സ്ഥാനാര്‍ഥികൾ വെന്നിക്കൊടി നാട്ടിയതും ഈ മേഖലകളിൽ നിന്നു തന്നെയാണ്. ദലിത് വോട്ടുകൾ ബിഎസ്പിക്കും കോണ്‍ഗ്രസിനുമിടയിൽ ഭിന്നിക്കപ്പെടുമ്പോൾ ബിജെപിയുടെ യാത്ര സുഗമമാകുന്നു എന്നതാണ് നാളിതുവരെയുള്ള ചരിത്രം. അതുകൊണ്ടു തന്നെ 22 സീറ്റുകളിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച മായാവതി നൽകുന്ന സൂചന കണ്ടില്ലെന്നു നടിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയില്ല.

Sonia Gandhi, Mayawati

ഏകദേശം 11.6 ശതമാനം ദലിത് സമുദായക്കാരുള്ള ചത്തീസ്ഗഡ് ബിഎസ്പിക്ക് ഏറെ വളക്കൂറുള്ള മണ്ണാണ്. ഇവിടെ ദലിത് രാഷ്ട്രീയത്തിനുള്ള സാധ്യതകൾ മനസിലാക്കി ആദ്യ കരുനീക്കങ്ങൾ നടത്തിയതു ബിഎസ്പി സ്ഥാപകനായ കാൻഷിറാം ആയിരുന്നു. 1984ൽ ജൻജീറിൽ നിന്നുമായിരുന്നു ലോക്സഭയിലേക്കുള്ള കാൻഷിറാമിന്‍റെ കന്നിപ്പോരാട്ടം. ജൻജീറിനു പുറമെ ചമ്പ, രാജ്ഗർ, ബസ്താർ എന്നിവയാണ് സംസ്ഥാനത്തെ ദലിത് കേന്ദ്രങ്ങൾ. 2013ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 90 സീറ്റുകളിലും സ്വന്തം നിലയിൽ മത്സരിച്ച ബിഎസ്പി ഒരു സീറ്റാണ് നേടിയതെങ്കിലും 4.27 ശതമാനം വോട്ട് കരസ്ഥമാക്കിയിരുന്നു. അന്തിമ വിജയികളായ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം താരതമ്യം ചെയ്താൽ ബിഎസ്പിയുടെ സാന്നിധ്യം നിർണായകമാകും.

മധ്യപ്രദേശിലും ചത്തീസ്ഗ‍ഡിലും ബിഎസ്പിയുമായുള്ള സഖ്യം കോൺഗ്രസ് ക്യാമ്പും ആഗ്രഹിക്കുന്നതാണെങ്കിലും രാജസ്ഥാനിൽ ഇതല്ല സ്ഥിതി. ബിഎസ്പിയുടെ വലിയ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നും സ്വന്തം നിലയിൽ തന്നെ കരുത്ത് തെളിയിക്കാനാകുമെന്നുമാണ് പ്രാദേശിക നേതൃത്വത്തിന്‍റെ നിലപാട്. എന്നാൽ 17.2 ശതമാനം വരുന്ന ദലിതരുടെ സാന്നിധ്യം എളുപ്പം എഴുതിത്തള്ളാവുന്ന ഒന്നല്ല. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലായി ചിതറി കിടക്കുന്ന ദലിത് സമുദായം ചുരുങ്ങിയത് 11 നിയോജകമണ്ഡലങ്ങളിലെങ്കിലും വിധി നിർണായക ശക്തികളാണ്. 3.37 ശതമാനം വോട്ടുകളോടെ മൂന്നു സീറ്റുകളാണ് ബിഎസ്പിക്ക് ഇവിടെ നിലവിലുള്ളത്.

PTI10_9_2015_000062B

ഛത്തീസ്ഗഡിൽ കോൺഗ്രസ് പുറത്താക്കിയ അജിത് ജോഗിയുമായി മായാവതി കൂട്ടുകൂടുമ്പോൾ പ്രതിരോധത്തിലാകുന്നത് കോൺഗ്രസാണ്. കോൺഗ്രസ് നിർണായക ശക്തിയല്ലാത്ത യുപിയിലൊഴികെ വിശാല സഖ്യത്തെ ഇതു സാരമായി ബാധിക്കുമെന്നതു തന്നെ കാരണം. ചുരുക്കത്തിൽ മൂന്നു സംസ്ഥാനങ്ങളിലും വിജയസാധ്യതയുള്ള മണ്ഡലങ്ങൾ കുറവാണെങ്കിലും ചെറുമീനുകളെന്ന പേരിൽ എഴുതി തള്ളാവുന്ന ശക്തിയല്ല ബിഎസ്പി. ദലിത് സമുദായത്തിനിടയിൽ സമീപകാലത്ത് വർധിച്ചു വന്നിട്ടുള്ള ബിജെപി വിരുദ്ധ വികാരം ഭരണമാറ്റത്തിലേക്കുള്ള ചവിട്ടുപടിയാകണമെങ്കിൽ വിരുദ്ധ വോട്ടുകളുടെ ഏകീകരണം ഉറപ്പാക്കാനാകണം. ബിഎസ്പിയില്ലാത്ത ഏതു വിശാല പ്രതിപക്ഷ ഐക്യവും ഇക്കാരണം കൊണ്ടു തന്നെ വലിയൊരു പരാജയമായി മാറാനാണ് സാധ്യത. ഇത് മനസിലാക്കിയുള്ള വിലപേശലുകള്‍ക്ക് കളമൊരുക്കുയാണ് മായാവതിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.  

related stories