Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആദ്യം നഷ്ടപരിഹാരം, പിന്നെ വോട്ട്’: പാർട്ടികളോട് ഭോപാൽ ദുരന്ത ഇരകൾ

1984-Bhopal-Disaster-Tribute വാതകദുരന്തത്തിന്റെ വാർഷികത്തോടനുബന്ധിച്ചു ഭോപാലിൽ നടന്ന അനുസ്മരണറാലി (ഫയൽ ചിത്രം)

ഭോപാൽ∙ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയ മധ്യപ്രദേശിൽ നിർണായകമാകാൻ ‘ഭോപാൽ ദുരന്തവും’. 34 വർഷം മുമ്പ്, ലോകത്തിലെ ഏറ്റവും വലിയ വ്യവസായിക ദുരന്തം നടന്ന ഭോപാലിലെ ജനങ്ങൾക്ക് ഇപ്പോഴും മതിയായ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. ജീവിതം തകർന്നുപോയവർ ആവശ്യങ്ങളുമായി നിരന്നുനിന്നാൽ രാഷ്ട്രീയ പാർട്ടികൾക്കു കണ്ടില്ലെന്നു നടിക്കാനാവില്ല.

1984ൽ ആണ് യൂണിയൻ കാർബൈഡ് കമ്പനിയിൽ വ്യവസായിക ദുരന്തമുണ്ടായത്. ഏകദേശം 5000 പേർ മരിച്ചു. അടുത്തിടെ ജനിച്ച 6000 കുട്ടികൾ പോലും ജനിതക വൈകല്യത്താൽ പ്രയാസപ്പെടുന്നു. ദുരന്തത്തിന്റെ ഭീതിയും പ്രഭാവവും വിട്ടുപോയിട്ടില്ല. ആരോപണ പ്രത്യാരോപണങ്ങളും വാഗ്ദാനങ്ങളുമായി നേതാക്കൾ സജീവമാണെങ്കിലും തങ്ങൾക്കൊന്നും കിട്ടിയില്ലെന്നു ഇരകളും ബന്ധുക്കളും പറയുന്നു.

മുടങ്ങിക്കിടക്കുന്ന നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പുനൽകുന്ന സ്ഥാനാർഥികൾക്കു മാത്രമേ വോട്ടു ചെയ്യൂവെന്നു ഭോപാൽ ദുരന്തത്തിൽപ്പെട്ടവർ‌ പ്രഖ്യാപിച്ചു. ഭോപാൽ നോർത്ത്, നരേല പ്രദേശങ്ങളിലെ 7 മണ്ഡലങ്ങളിൽ സ്വാധീനമുണ്ടെന്നും ജനസംഖ്യയിലെ 90 ശതമാനവും ഭോപാൽ ഇരകളാണെന്നും ഭോപാൽ‌ ഗ്രൂപ്പ് ഫോർ ഇൻഫർമേഷൻ ആൻഡ് ആക്‌ഷൻ (ബിജിഐഎ) അംഗം രചന ധിംഗ്ര പറഞ്ഞു. ഭോപാൽ ഇരകൾക്കായി നിയമപോരാട്ടം നടത്തുന്നവരാണ് ബിജിഐഎ.

ഭോപാൽ മധ്യ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ 30–40 ശതമാനം വോട്ടർമാരും ഇവരാണ്. 1984ലെ ഇരകളെ ബിജെപിയും കോൺഗ്രസും പറ്റിച്ചെന്നു രചന ധിംഗ്ര കുറ്റപ്പെടുത്തി. ‘അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി യൂണിയൻ കാർബൈഡിന്റെ സിഇഒ വാറൻ ആൻഡേഴ്സനെ ഭോപാൽനിന്നു രക്ഷപ്പെടാൻ സഹായിച്ചു. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൗ കെമിക്കലിന്റെ സിഇഒ ആൻഡ്രൂ ലിവറിസിനെ മൂന്നുതവണ കണ്ടു. എന്നാൽ കോടതിയിൽ ഇയാളെ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടു’– ധിംഗ്ര പറഞ്ഞു.

ഭോപാൽ ദുരന്തം ഇതുവരെ തിരഞ്ഞെടുപ്പു വിഷയം ആയിട്ടില്ലാത്തതിനാലാണു ബിജെപി, കോൺഗ്രസ് സ്ഥാനാർഥികൾ ഈ മണ്ഡലങ്ങളിൽ ജയിച്ചത്. ഇത്തവണ പക്ഷേ കാര്യങ്ങളിൽ മാറ്റമുണ്ട്. സഹായം വേണമെന്ന ആവശ്യത്തെ പ്രമുഖ പാർട്ടികളിലെ പ്രാദേശിക നേതാക്കൾ ചെവിക്കൊണ്ടെന്നും സാമൂഹ്യപ്രവർത്തക റാഷിദ ബി വിശദീകരിച്ചു.

ഭോപാൽ ഇരകളിൽ 94 ശതമാനത്തിനും 25,000 രൂപ മാത്രമാണു കിട്ടിയതെന്ന് ഇവർക്കായുള്ള അഞ്ച് സംഘടനകളുടെ പ്രതിനിധികൾ അറിയിച്ചു. ഇരകൾക്ക് യൂണിയൻ കാർബൈഡും ഡൗ കെമിക്കലും 5 ലക്ഷം വീതം നൽകണമെന്നാണ് ആവശ്യം. പ്രസംഗങ്ങളിലെ വാഗ്ദാനങ്ങളല്ല, ചെയ്യാവുന്ന കാര്യങ്ങൾ സത്യവാങ്മൂലമായി എഴുതി നൽകണമെന്നു പാർട്ടികളോട് ഇവർ ആവശ്യപ്പെടുന്നു. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ കോടതിയിൽ പോകുമെന്ന മുന്നറിയിപ്പുമുണ്ട്.