Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ പിന്നോട്ടില്ല; വിധിക്കു പിന്നിൽ ആർഎസ്എസ്: കടകംപള്ളി

Kadakampally-Surendran കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം∙ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാടിൽ ഉറച്ചുനിന്നു സംസ്ഥാന സര്‍ക്കാർ. ശബരിമലയിൽ പ്രവേശിക്കുന്നതിൽനിന്നു സ്ത്രീകളെ തടയാൻ സാധിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീണ്ടും വ്യക്തമാക്കി. വിശ്വാസികളെ വികാരത്തെ ബഹുമാനിക്കുന്നുണ്ട്. ഇത്തരം വിഷയത്തിൽ എതിര്‍പ്പു സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.

സുപ്രീംകോടതി വിധി അനുസരിക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ സമരം നടത്തിയിട്ടോ പുലഭ്യം പറഞ്ഞിട്ടോ കാര്യമില്ല. വിധിക്കെതിരെ കോടതിയെ സമീപിച്ച എൻഎസ്എസ് നിലപാടാണു ശരി. അല്ലാതെ തെരുവിലിറങ്ങി സമരം ചെയ്യലല്ല. സാമൂഹികമാറ്റങ്ങളുണ്ടായപ്പോഴെല്ലാം ഇത്തരം എതിർപ്പുകൾ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. ആരുമായും ചർച്ചയ്ക്കു തയാറാണ്. പക്ഷേ ഭരണഘടനാ ബാധ്യത ആരും വിസ്മരിക്കരുത്.

ശബരിമല വിഷയത്തിൽ വിധി നേടിയെടുത്തത് ആർഎസ്എസ്സിന്റെ വനിതാ വിഭാഗമാണ്. 12 വർഷം ഇതിനായി കേസ് നടത്തിയത് അമിത് ഷായോട് അടുപ്പമുള്ള വനിതാ നേതാക്കളാണ്. അനുകൂല വിധി സമ്പാദിച്ചശേഷം ജനങ്ങളെ തെരുവിലിറക്കുന്നതും അക്രമം അഴിച്ചുവിടുന്നതും ശരിയല്ല. വിധിക്കെതിരെ നിയമം കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത് ബിജെപിയാണെന്നും കടകംപള്ളി പറഞ്ഞു.

അതേസമയം, സ്ത്രീപ്രവേശനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധപരിപാടികൾ പുരോഗമിക്കുകയാണ്. കണ്ണൂരിൽ ശബരിമല കർമസമിതി പയ്യന്നൂർ പെരുമ്പ ദേശീയപാത ഉപരോധിച്ചു. വിവിധ ജില്ലകളിൽ റോഡ് ഉപരോധ പ്രതിഷേധങ്ങളും പുരോഗമിക്കുകയാണ്. സ്ത്രീപ്രവേശനത്തിനെതിരെ എൻഡിഎയുടെ ശബരിമല സംരക്ഷണ യാത്രയ്ക്കു പന്തളത്ത് തുടക്കമായി. 15ന് തിരുവനന്തപുരത്തു യാത്ര അവസാനിക്കും.