Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിങ്മേക്കറാകാൻ രമൺസിങ്; കണക്കുകൂട്ടലുകൾ തെറ്റിക്കാനുറച്ച് ജോഗി– മായാവതി സഖ്യം

Raman-Singh രമൺസിങ്

വോട്ട് വിഹിതത്തിലെ അന്തരം നോക്കിയാൽ കേവലം 0.7% ത്തിന് കോണ്‍ഗ്രസിന്‍റെ കൈകളിൽ നിന്നും 2013ൽ വഴുതിപ്പോയ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. എന്നാൽ ഇത്തരം താരതമ്യ കണക്കുകള്‍ക്കപ്പുറം കോൺഗ്രസിനെയും ബിജെപിയെയും വേർതിരിക്കുന്നത് രമൺസിങ് എന്ന കിങ്മേക്കറുടെ സാന്നിധ്യമാണ്. കഴിഞ്ഞ 14 വർഷമായി സംസ്ഥാന ഭരണത്തിന്‍റെ അമരത്തുള്ള രമൺസിങ്, നിലവിൽ ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ബിജെപി മുഖ്യമന്ത്രിയാണ്. മറികടന്നതാകട്ടെ, സാക്ഷാൽ നരേന്ദ്ര മോദിയുടെ റെക്കോർഡും. സുക്ഷ്മ നിരീക്ഷണത്തിൽ വോട്ട് വിഹിതത്തിലെ വ്യതിയാനങ്ങൾക്കു വലിയ സ്ഥാനമുണ്ടെങ്കിലും ഭരണം എന്ന വലിയ ലക്ഷ്യം മുൻനിർത്തി പരിശോധിക്കുകയാണെങ്കിൽ ഇതിന് വലിയ പ്രസക്തിയില്ലെന്ന് തെളിയിച്ച വ്യക്തിയാണ് രമൺസിങ്. 2003ലും 2008ലും ഏതാണ്ട് ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനു ശേഷമാണ് ബിജെപിയെ അദ്ദേഹം വിജയത്തിലേക്ക് നയിച്ചിട്ടുള്ളത്. 2013 തിരഞ്ഞെടുപ്പില്‍ 90 അംഗ നിയമസഭയില്‍ 49 സീറ്റുകള്‍ ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ്-39, ബിഎസ്പി-1 മറ്റുള്ളവര്‍-1 സീറ്റുകളും നേടി.

കോൺഗ്രസും പ്രതീക്ഷകളും

Congress flag

തുടർഭരണത്തിനൊടുവിൽ ഛത്തീസ്ഗഡ് ഇത്തവണ ബിജെപിയെ കൈവിടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ നൽകുന്ന സൂചന. സാമുദായിക സമവാക്യങ്ങള്‍ക്ക് മുറിവേൽപ്പിക്കാത്ത തരത്തിലാണ് കോൺഗ്രസ് ഇത്തവണ പടയ്ക്കൊരുങ്ങുന്നത്. പിസിസി അധ്യക്ഷൻ, ജനറൽ സെക്രട്ടറി ഇൻ–ചാർജ് തുടങ്ങിയവരെ നിയമിച്ചതും ഈ കണക്കുകൂട്ടലുകൾ മനസിൽ വച്ചാണ്. ദലിത്, ഗിരിവർഗ വോട്ടർമാരാണ് കോൺഗ്രസിന്‍റെ ശക്തി. പാർട്ടിക്കു ലഭിക്കുന്ന ഏതാണ്ട് 65 ശതമാനം വോട്ടുകളും ഈ വിഭാഗങ്ങളിൽ നിന്നാണ്. കുർമികളെയും യാദവരെയും സ്വാധീനിച്ച് ബിജെപി വോട്ട് ബാങ്കിലേക്ക് കടന്നു കയറാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് പാളയം. അജിത് ജോഗിയുടെ സാന്നിധ്യത്തെ തുടർന്ന് കോൺഗ്രസില്‍ നിന്നും അകന്ന ഒബിസി, മുന്നാക്ക വിഭാഗങ്ങൾ കോൺഗ്രസിലേക്ക് തിരിച്ചെത്താനുള്ള സാധ്യത ബിജെപിയും ആശങ്കയോടെ കാണുന്ന ഒരു ഘടകമാണ്.

ശക്തനായ ഒരു നേതാവിന്‍റെ അഭാവമാണ് കോൺഗ്രസിനെ വലയ്ക്കുന്ന പ്രധാന ഘടകം. കോൺഗ്രസ് പുറത്താക്കിയ അജിത് ജോഗിയുമായി സഖ്യമുണ്ടാക്കി മായാവതി നൽകിയ പ്രഹരം മറ്റൊരു തലവേദനയാണ്. ദലിത് മേഖലകളിൽ ബിഎസ്പി – ജോഗി സഖ്യം വലിയ തോതിൽ മുന്നേറ്റം നടത്തുകയാണെങ്കിൽ കോൺഗ്രസിന്‍റെ കണക്കുകൂട്ടലുകളെ അത് തകിടംമറിച്ചേക്കും. നേതാക്കൾക്കിടയിലെ ഭിന്നതയും കോണ്‍ഗ്രസിന് ഭീഷണിയാണ്.

ഭരണവിരുദ്ധ തരംഗവും ദലിത് നിലപാടും

അത്ഭുതങ്ങൾ വിരിയിക്കാൻ കഴിവുള്ള വ്യക്തിയായാണ് രമൺസിങ് വിലയിരുത്തപ്പെടുന്നതെങ്കിലും മുഖ്യമന്ത്രി പദത്തിലെത്തിയ ശേഷമുള്ള ഏറ്റവും ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇത്തവണ നേരിടുന്നത്. കർഷകരുടെ പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ കർഷകരുടെ ഇടയിലുള്ള അസംതൃപ്തി സർക്കാരിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ്. വികസന മന്ത്രം ഉയർത്തിയാണ് രമൺസിങ് ഇത്തരം വിപരീത ഘടകങ്ങളെ പ്രതിരോധിക്കുന്നത്. ഗിരിവർഗ മേഖലകളിലെ 29 സീറ്റുകളിലാണ് ബിജെപിയുടെ കണ്ണ്. ബസ്താർ മേഖലയിലെ പന്ത്രണ്ട് സീറ്റുകളിൽ നാലെണ്ണം മാത്രമാണ് ബിജെപിക്ക് കഴിഞ്ഞ തവണ സ്വന്തമാക്കാനായത്.

ദേശവ്യാപകമായി ദലിത് സമുദായത്തിനിടയിൽ ബിജെപിക്കെതിരെ ഉടലെടുത്തിട്ടുള്ള വികാരമാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്ന മറ്റൊരു ഘടകം. പൊതുവെ കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തുന്ന ദലിത് വോട്ടർമാർ ഇത്തവണ എങ്ങോട്ടു ചായുമെന്നത് നാലാമതും ഭരണം എന്ന ബിജെപിയുടെ സ്വപ്നത്തെ സംബന്ധിച്ചിടത്തോളം നിർണായകമാകും. ഒബിസി വിഭാഗത്തിന്‍റെ ശക്തമായ പിന്തുണയാണ് കഴിഞ്ഞ മൂന്നു നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകം.

രമൺസിങ് എന്ന കിങ്മേക്കർ

Raman-Singh രമൺസിങ്

പ്രതികൂല ഘടകങ്ങൾ ഏറെയാണെങ്കിലും ബിജെപിക്ക് ഏറെ ആത്മവിശ്വാസം പകരുന്ന ഘടകം രമൺസിങ് എന്ന കിങ്മേക്കറുടെ സാന്നിധ്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇന്നും കൂടുതൽ വോട്ടർമാരും പിന്തുണയ്ക്കുന്നത് രമൺസിങ്ങിനെ തന്നെയാണ്. അഭിപ്രായ വോട്ടെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തിയ അജിത് ജോഗിയെക്കാള്‍ ബഹുദൂരം മുന്നിലാണ് ബിജെപിയുടെ അമരക്കാരനായ രമൺസിങ്. അഴിമതിയുടെ കറപുരളാത്ത പ്രതിച്ഛായയും രമൺസിങ്ങിനെ പ്രിയങ്കരനാക്കുന്ന ചേരുവകളിൽ ഒന്നാണ്. പ്രധാനമന്ത്രി മോദിക്കൊപ്പം രമൺസിങ് കൂടി ചേരുമ്പോൾ ഛത്തീസ്ഗഡ് എന്ന ഉരുക്കുകോട്ട ഭദ്രമായി നിലകൊള്ളുമെന്ന വിശ്വാസത്തിലാണ് ബിജെപി പാളയം

അജിത് ജോഗി ബിഎസ്പിയും

Ajit Jogi അജിത് ജോഗിയും സോണിയ ഗാന്ധിയും

കോൺഗ്രസ് പുറത്താക്കിയ മുൻ മുഖ്യമന്ത്രി അജിത് ജോഗി ഇന്നും സംസ്ഥാനത്തെ മിന്നും താരങ്ങളിലൊരാളാണ്. ബിഎസ്പിയുമായി സഖ്യത്തിലായത് ജോഗിയെ കൂടുതല്‍ അപകടകാരിയാക്കിയിട്ടുണ്ട്. കോൺഗ്രസ് വിശ്വാസം അർപ്പിച്ചിട്ടുള്ള ഗിരിവർഗക്കാർക്കിടയിലും ബിജെപിയുടെ ശക്തിയായ സത്നാമി വിഭാഗവുമാണ് അജിത് ജോഗിക്ക് സ്വാധീനമുള്ള മേഖലകൾ. അതുകൊണ്ടു തന്നെ ആരുടെ വോട്ടായിരിക്കും അജിത് ജോഗി കവരുക എന്നത് പ്രവചിക്കുക എളുപ്പമാകില്ല. ബിഎസ്പിയിലൂടെ ദലിത് വോട്ടുകളും സ്വന്തം പെട്ടിയിലാക്കാൻ ജന്‍താ കോണ്‍ഗ്രസ് ഛത്തിസ്ഗഡിന് കഴിഞ്ഞാൽ കോൺഗ്രസിനും ബിജെപിക്കും അത് ഒരുപോലെ തലവേദനയാകും.

ചെറിയ വോട്ട് വിഹിത വ്യത്യാസത്തിൽ ഭരണം നിശ്ചയിക്കപ്പെടുന്ന പാരമ്പര്യമുള്ള സംസ്ഥാനത്ത് ജോഗിക്കും ജെസിസിക്കും ജയന്‍റ് കില്ലറുടെ റോളാണുള്ളത്. മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ ജനഹിതത്തിൽ രണ്ടാം സ്ഥാനം ജോഗിക്കാണ്. ഇതുകൂടി കണക്കാക്കിയാണ് സഖ്യം അധികാരത്തിലെത്തിയാൽ അജിത് ജോഗി തന്നെയാകും മുഖ്യമന്ത്രിയെന്ന് മായാവതി പ്രഖ്യാപിച്ചത്.  

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.