Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയുടെ പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കില്ല: രാഹുല്‍ ഗാന്ധി

Rahul Gandhi

ബിക്കാനിര്‍∙ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മോദി സര്‍ക്കാര്‍ നല്‍കിയതു പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, കര്‍ഷകരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളാവും കോണ്‍ഗ്രസ് മുഖ്യമന്ത്രി ചെയ്യുകയെന്നും രാഹുല്‍ വ്യക്തമാക്കി. ബിക്കാനിറില്‍ മഹാസങ്കല്‍പ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. ഡിസംബര്‍ 7-നു തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനില്‍ രണ്ടു ദിവസത്തെ പ്രചാരണ പരിപാടിക്കാണു രാഹുല്‍ തുടക്കം കുറിച്ചിരിക്കുന്നത്.

കേന്ദ്രത്തില്‍ മോദി സര്‍ക്കാരും സംസ്ഥാനത്തു വസുന്ധരെ സര്‍ക്കാരും വമ്പന്‍ വാഗ്ദാനങ്ങളാണു നല്‍കിയത്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും മോദി പറഞ്ഞതു പോലെ 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചോ എന്നു രാഹുല്‍ ചോദിച്ചു. സര്‍ക്കാര്‍ കുറഞ്ഞതു പത്തു രൂപയെങ്കിലും ആരുടെയെങ്കിലും അക്കൗണ്ടില്‍ നിക്ഷേപിച്ചതായി അറിയാമോ എന്നും രാഹുല്‍ പരിഹസിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ താങ്ങുവില ലഭിച്ചിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.