Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കി ഹേലിയെ വാനോളം പുകഴ്ത്തി ട്രംപ്, സ്വകാര്യ മേഖലയിൽ പണം കൊയ്യുമെന്നും പ്രവചനം

US President Donald Trump shakes hands with Nikki Haley നിക്കി ഹേലിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും (ഫയൽ ചിത്രം)

വാഷിങ്ടൻ∙ ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസഡർ പദവയിൽനിന്നു സ്ഥാനമൊഴിഞ്ഞ നിക്കി ഹേലി അസാധാരണ വ്യക്തിത്വത്തിന് ഉടമയാണെന്നും സ്വകാര്യ മേഖലയിൽ അവർ പണം വാരുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസിൽ കാബിനറ്റ് റാങ്കുള്ള ഒരു പദവി വഹിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായ നിക്കി ഹേലി തിങ്കളാഴ്ചയാണു രാജിവച്ചത്. ട്രംപിന്‍റെ വിശ്വസ്തരിൽ ഒരാളായി അറിയപ്പെട്ടിരുന്ന ഹേലി, സ്വകാര്യ മേഖലയിലേക്കു തിരിയാനാണ് ആഗ്രഹിക്കുന്നതെന്നു രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. സൗത്ത് കാരലൈനയുടെ ഗവർണറായി ആറു വര്‍ഷം സേവനമനുഷ്ഠിച്ച ശേഷമാണ് ഒന്നര വർഷം മുമ്പ് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസഡറുടെ ചുമതല ഹേലി ഏറ്റെടുത്തത്. പുതിയ അംബാസഡറെ നിർദേശിച്ച് സെനറ്റിന്‍റെ അംഗീകാരം നേടേണ്ടതുള്ളതിനാൽ ഈ വർഷം അവസാനം വരെ ഹേലി തന്നെ സ്ഥാനത്തു തുടരാനാണു സാധ്യത.

ഭരണതലത്തിലേക്ക് ഹേലി അധികം വൈകാതെ തിരിച്ചെത്തുമെന്ന പ്രത്യാശയും ട്രംപ് പങ്കുവച്ചു. ഈ വർഷം അവസാനം വരെ നിക്കി ഈ സ്ഥാനത്തു തുടരും. ‘നിക്കി നമ്മുടെ സുഹൃത്താണ്. മികച്ച സേവനമാണ് അവർ ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. നിക്കി സ്വന്തമായി ഒരു ജോലി കണ്ടെത്തുന്നതുവരെ അവരോടൊത്ത് അൽപ്പ സമയം ചിലവിടണമെന്നാണു ബന്ധപ്പെട്ടവരോട് എന്‍റെ അപേക്ഷ. പുതിയ ജോലിയിൽ നിക്കി നല്ല രീതിയിൽ സമ്പാദിക്കാൻ പോകുകയാണ്. ഏതെങ്കിലും ഒരുസമയത്ത് അവർ തിരിച്ചെത്തുമെന്നു തന്നെയാണു പ്രതീക്ഷ. അവർ വളരെ നല്ല, അസാധാരണമായ ഒരു വ്യക്തിത്വമാണ്’ – ട്രംപ് പറഞ്ഞു.

ഹേലിയുടെ സ്ഥാനത്തേക്കു നിയമിക്കാൻ അഞ്ചോളം പേരുകൾ പരിഗണിച്ചുവരികയാണെന്നും ട്രംപ് അറിയിച്ചു. ട്രംപിന്‍റെ മുൻ ഡപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന ദിന പവലാണ് ഇവരിലൊരാൾ. ഇടക്കാല തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഹേലിയുടെ രാജി വിവാദമാക്കേണ്ടതില്ലെന്നും ആറു മാസങ്ങൾക്കു മുമ്പു തന്നെ തന്നോടു ഹേലി ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതാണെന്നും നാല് ആഴ്ചകൾക്കു മുമ്പു തീരുമാനം അറിയിച്ചതാണെന്നും ട്രംപ് പറഞ്ഞു. പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ഹേലിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.