Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ കേരളത്തിലെ ബിജെപി പോര: കുമ്മനം രാജശേഖരൻ തിരികെയെത്തും

ഉല്ലാസ് ഇലങ്കത്ത്
kummanam-rajasekharan കുമ്മനം രാജശേഖരൻ

തിരുവനന്തപുരം∙ മിസോറം ഗവര്‍ണറും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരനെ സംസ്ഥാന നേതൃതലത്തിലേക്കു മടക്കികൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുമ്മനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കു ഗുണകരമാകുമെന്ന ചിന്തയിലാണ് ഈ നീക്കം. ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും സംഘപരിവാര്‍ സംഘടനകളും ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ കുമ്മനം ഗവര്‍ണറായി തുടരട്ടെയെന്ന മുന്‍ നിലപാടില്‍ നിന്നു കേന്ദ്രനേതൃത്വം മാറ്റം വരുത്തിയെന്നാണു ലഭിക്കുന്ന വിവരം.

മിസോറമില്‍ നവംബര്‍ 28നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 11നും. അടുത്ത വര്‍ഷം ജനുവരി മാസത്തില്‍ കുമ്മനത്തെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി അയയ്ക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും കാര്യമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിനു കഴിഞ്ഞില്ലെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും വലിയ ജനപിന്തുണ ലഭിക്കുകയും ചെയ്തതിനുശേഷമാണ് ബിജെപി പ്രതിഷേധ സമരങ്ങളുമായി എത്തിയത്. ഹൈന്ദവ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുമ്മനം രാജശേഖരന്‍ കേരളത്തിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് അനുകൂലമായി കാര്യങ്ങളെത്തുമായിരുന്നെന്നു സംഘപരിവാര്‍ സംഘടനകള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

അയ്യപ്പസേവാ സമാജത്തിന്റെ വാര്‍ഷികയോഗം കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. കുമ്മനം രാജശേഖരനും പരിപാടിയില്‍ പങ്കെടുത്തു. സംഘടനാ പ്രതിനിധികള്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനേയും അമിത്ഷായെയും കണ്ട് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ശബരിമലവിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയത്. കുമ്മനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും ഹൈന്ദവ സംഘടനകള്‍ക്കും ഊര്‍ജം പകരുമെന്നാണു പ്രതിനിധികള്‍ കേന്ദ്രനേതാക്കളെ അറിയിച്ചത്. കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് കുമ്മനത്തിനും താല്‍പര്യം. ഇക്കാര്യം അടുപ്പമുള്ള നേതാക്കളോട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. േകന്ദ്രനേതൃത്വം ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന നിലപാടിലാണ് അദ്ദേഹം.

മേയ് 28ന് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ 25-ാംതീയതി രാത്രിയാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.  കുമ്മനം പോലും തീരുമാനം അറിഞ്ഞതു വൈകിയാണ്. പദവി ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും പദവി ചോദിച്ചിട്ടില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ ആദ്യ പ്രതികരണം. ഗവര്‍ണര്‍ പദവി ഏറ്റെടുക്കാന്‍ കുമ്മനം വിസമ്മതം അറിയിച്ചതായി പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരണമാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്.

1976 മുതല്‍ 1987വരെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന കുമ്മനം ശബരിമലയ്ക്കു സമീപം നിലയ്ക്കലില്‍ നടന്ന ആറു മാസം നീണ്ട പ്രക്ഷോഭത്തോടെയാണ് കേരളത്തില്‍ ശ്രദ്ധേയനാകുന്നത്. 1992ല്‍ ഹിന്ദു ഐക്യേവേദി ജനറല്‍ കണ്‍വീനറായി. ആറന്‍മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. ബിജെപി നേതാവ് വി. മുരളീധരന്‍ സ്ഥാനമൊഴിഞ്ഞശേഷം 2015 ഡിസംബറിലാണ് കുമ്മനം സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.